പ്രധാനമന്ത്രിയായത് 'തെറ്റ് തിരുത്താ'നെന്ന് ഋഷി സുനക്; കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രിയായത് 'തെറ്റ് തിരുത്താ'നെന്ന് ഋഷി സുനക്; കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ആശംസകളർപ്പിച്ച് ലോക നേതാക്കൾ; മന്ത്രിസഭാ പുനഃസംഘടന ഉടൻ

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലിസ് ട്രസ് സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ തിരുത്താനാണ് താന്‍ പ്രധാനമന്ത്രിയായതെന്നും സുനക് പറഞ്ഞു. ചാള്‍സ് മൂന്നാമനെ കണ്ട് ചുമതലയേറ്റെടുത്ത ശേഷം ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഋഷി സുനക്. ലോക നേതാക്കള്‍ സുനകിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തി. അതേസമയം പുതിയ മന്ത്രിസഭ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ്ട്രസ് മന്ത്രിസഭയിലെ മന്ത്രിമാര്‍ പലരും സ്ഥാനമൊഴിഞ്ഞു.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കണമെന്ന ലിസ് ട്രസിന്‌റെ ആശയം തെറ്റായിരുന്നില്ലെന്ന് പറഞ്ഞ ഋഷി സുനക്, മാറ്റം കൊണ്ടുവരാനുളള അവരുടെ നിതാന്ത ശ്രമങ്ങളെ അഭനന്ദിച്ചു. ''എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും തെറ്റുകള്‍ സംഭവിച്ചു.'' സുനക് പറഞ്ഞു. ആ തെറ്റുകള്‍ തിരുത്താനാണ് താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും ഋഷി സുനക്.

പ്രധാനമന്ത്രിയായത് 'തെറ്റ് തിരുത്താ'നെന്ന് ഋഷി സുനക്; കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഋഷി സുനക് 10 ഡൗണിങ് സ്ട്രീറ്റില്‍

അതിസങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമെന്ന് പറഞ്ഞ സുനക്, തെറ്റ് തിരുത്തല്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി. ''സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവുമാണ് സര്‍ക്കാരിന്‌റെ മുഖ്യ അജണ്ട. അതിനര്‍ഥം കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകും എന്നാണ്. കോവിഡ് കാലത്ത് നിങ്ങളെന്നെ കണ്ടതാണ്. രാജ്യത്തെ ജനങ്ങളെയും വാണിജ്യമേഖലയെയും സംരക്ഷിക്കന്‍ എന്നാലാകുന്നത് എല്ലാം ചെയ്തു. എപ്പോഴും പരിമിതികളുണ്ട്. എന്നത്തേക്കാളും പരിമിതികളുണ്ട് ഈ കാലത്ത്.'' മുന്‍പത്തേ അതേ ഉത്തരവാദിത്വത്തോടെ പ്രതിസന്ധികളെ ഇല്ലാതാക്കുമെന്നും ഋഷി സുനക് പറഞ്ഞു.

ഋഷി സുനക്
ഋഷി സുനക്

താന്‍ നയിക്കുന്ന സര്‍ക്കാര്‍ വരും തലമുറയെ കടങ്ങളിലേക്ക് തള്ളിവിടില്ലെന്നും ഋഷി സുനക് പ്രഖ്യാപിച്ചു. ''വാക്കുകളിലല്ല, പ്രവ‍ൃത്തികളില്‍ ഞാന്‍ രാജ്യത്തെ ഒരുമിപ്പിക്കും. ഇതിനായി രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കും. ഈ സര്‍ക്കാരിന് എല്ലാ തലത്തിലും സമഗ്രതയും പ്രൊഫഷണലിസവും ഉത്തരവാദിത്വവും ഉണ്ടായിരിക്കും.''വിശ്വാസം ആര്‍ജിച്ച് എടുക്കുന്നതാണെന്നും ബ്രിട്ടണിലെ ജനങ്ങളുടെ എല്ലാവരുടെയും വിശ്വാസം താന്‍ നേടിയെടുക്കുമെന്നും പ്രധാനമന്ത്രിയായി തന്‌റെ ആദ്യ പ്രസംഗത്തില്‍ ബ്രിട്ടീഷ് ജനതയോട് ഋഷി സുനക് പറഞ്ഞു.

പ്രധാനമന്ത്രി എന്ന നിലയില്‍ ബോറിസ് ജോണ്‍സന്‌റെ നേട്ടങ്ങളെയും പ്രകീര്‍ത്തിച്ച ഋഷി സുനക് 2019 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ഉറപ്പ് നല്‍കി. താന്‍ ഏറ്റെടുത്ത വലിയ പദവിയുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നും സുനക് പറഞ്ഞു. ''ഒറ്റക്കെട്ടായി നമുക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാം. പലരും ചെയ്ത ത്യാഗങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഭാവി ഞങ്ങള്‍ സൃഷ്ടിക്കും, നാളെയും അതിന് ശേഷമുള്ള ഓരോ ദിവസവും പ്രതീക്ഷകളാല്‍ നിറയ്ക്കും.'' രാജ്യത്തെ മികച്ച ഭാവിയിലേക്ക് നയിക്കാനാണ് താന്‍ നില്‍ക്കുന്നതെന്നും ഋഷി സുനക് പറഞ്ഞു.

വാക്കുകളിലല്ല, പ്രവ‍ൃത്തികളില്‍ ഞാന്‍ രാജ്യത്തെ ഒരുമിപ്പിക്കും
ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സുനക് ചുമതലയേറ്റെടുത്തതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ തലവന്മാര്‍ ആശംസകളുമായെത്തി. ഉക്രെയ്ന്‍- ബ്രിട്ടണ്‍ ബന്ധം ശക്തമായി തുടരുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്‌റ് വൊളോദ്മര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‌റ് ഉറുസുല വോണ്‍ ദെര്‍ ലെയ്ന്‍, ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരും ആശംസകളറിയിച്ച് രംഗത്തെത്തി.

logo
The Fourth
www.thefourthnews.in