സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ വാഗ്നർ ഗ്രൂപ്പിന്റെ രഹസ്യ വിഐപി; 30 
റഷ്യൻ സൈനികരും അംഗങ്ങളെന്ന് റിപ്പോർട്ട്

സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ വാഗ്നർ ഗ്രൂപ്പിന്റെ രഹസ്യ വിഐപി; 30 റഷ്യൻ സൈനികരും അംഗങ്ങളെന്ന് റിപ്പോർട്ട്

സുറോവികിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഷ്യ

വാഗ്നർ ഗ്രൂപ്പിന്റെ പടയൊരുക്കത്തിന് പിന്നാലെ പൊതുവിടങ്ങളിൽ നിന്ന് അപ്രത്യക്ഷനായ റഷ്യൻ സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ കൂലിപ്പട്ടാളത്തിന്റെ രഹസ്യ വിഐപി അംഗമായിരുന്നെന്ന് റിപ്പോർട്ട്. സുറോവികിന് വാഗ്നറിൽ വ്യക്തിഗത രജിസ്ട്രേഷൻ നമ്പർ ഉണ്ടെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ഡോസിയർ സെന്ററിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തു. റഷ്യൻ സേനയിലെ 30 മുതിർന്ന സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും വാഗ്നർ അംഗങ്ങളാണെന്ന് ഡോസിയർ സെന്റർ വ്യക്തമാക്കി.

വാഗ്നർ ഗ്രൂപ്പിന് സഹായം ചെയ്തതിന്റെ പേരിൽ ജനറൽ സുറോവികിൻ അറസ്റ്റിലായതായി മോസ്കോ ടൈംസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഷ്യ പ്രതികരിച്ചു

ജൂൺ 24ന് വാഗ്നർ മേധാവി യവ്ഗനി പ്രിഗോഷിനോട് കലാപം അവസാനിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ, സെര്‍ഗെയ് സുറോവികിനെ കാണാതായിരുന്നു. അദ്ദേഹം എവിടെയാണെന്നത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ജൂൺ 24ന് മോസ്കോ ലക്ഷ്യമിട്ടുള്ള വാഗ്നർ ഗ്രൂപ്പിന്റെ മുന്നേറ്റത്തിന് പിന്നാലെയാണ് സുറോവികിനെ കാണാതായത്. വാഗ്നർ ഗ്രൂപ്പിന് സഹായം ചെയ്തതിന്റെ പേരിൽ ജനറൽ സുറോവികിൻ അറസ്റ്റിലായതായി മോസ്കോ ടൈംസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഷ്യ പ്രതികരിച്ചു.

ചാരവൃത്തിയോ രാജ്യത്തിനെതിരായ മറ്റ് കുറ്റകൃത്യങ്ങളോ ആരോപിക്കപ്പെടുന്നവരെ പാർപ്പിച്ചിരിക്കുന്ന കുപ്രസിദ്ധമായ മോസ്കോ ജയിലില്‍ അദ്ദേഹമില്ലെന്ന് റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ലഭ്യമാകുന്ന വിവരം. സുറോവികിന്‍ വിചാരണ തടങ്കലിലാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില സ്വതന്ത്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ, വിദേശ മാധ്യമങ്ങളിൽ നിന്ന് പബ്ലിക് മോണിറ്ററിംഗ് കമ്മീഷന് ധാരാളം അന്വേഷണങ്ങൾ ലഭിച്ചതായി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി അലക്സി മെൽനിക്കോവ് വ്യാഴാഴ്ച പറഞ്ഞു. ഇതിന് പിന്നാലെയാണ് റഷ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

വാഗ്നറുടെ വിഐപി അംഗത്വത്തിൽ സുറോവികിന് സാമ്പത്തിക നേട്ടമുണ്ടായിരുന്നോ എന്നത്തിൽ വ്യക്തത വന്നിട്ടില്ല. സുറോവികിന് കൂലിപ്പട്ടാള സംഘവുമായി ബന്ധമുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും റഷ്യൻ സൈന്യത്തിലെ മുതിർന്ന അംഗങ്ങളുടെ വാഗ്നറുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ വാഗ്നർ തയാറായിട്ടില്ല.

സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ വാഗ്നർ ഗ്രൂപ്പിന്റെ രഹസ്യ വിഐപി; 30 
റഷ്യൻ സൈനികരും അംഗങ്ങളെന്ന് റിപ്പോർട്ട്
റഷ്യൻ സൈനിക ജനറൽ സെര്‍ഗെയ് സുറോവികിന്‍ എവിടെ? പ്രിഗോഷിൻ ബന്ധത്തിന്റെ പേരിൽ അറസ്റ്റ് എന്ന് അഭ്യൂഹം

റഷ്യയുടെ യുക്രെയ്ൻ മുന്നേറ്റത്തിന് നേതൃത്വം നൽകിയിരുന്നത് ജനറൽ സെര്‍ഗെയ് സുറോവികിനായിരുന്നു. വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗനി പ്രിഗോഷിനുമായി അടുത്തബന്ധമാണ് അദ്ദേഹത്തിനുള്ളത്. റഷ്യയിലേക്കുള്ള വാഗ്നര്‍ ഗ്രൂപ്പിന്റെ പടയൊരുക്കത്തെ കുറിച്ച് ജനറൽ സുറോവികിന് മുൻകൂട്ടി ധാരണയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. 'ജനറൽ ആംഗേഡൻ' എന്ന വിളിപ്പേരുള്ള സുറോവികിൻ സിറിയയിലും ചെചന്യയിലുമെല്ലാം റഷ്യയുടെ ആക്രമണങ്ങളുടെ മുൻനിര സൂത്രധാരൻ കൂടിയാണ്. 2022-ലാണ് സെർഗെയ് സുറോവികിൻ റഷ്യയുടെ ജനറല്‍ സ്ഥാനത്തെത്തുന്നത്. 'ഇതിഹാസ വ്യക്തി', 'മാതൃരാജ്യത്തെ സേവിക്കാൻ ജനിച്ചവൻ' എന്നിങ്ങനെയാണ് സ്ഥാനമേറ്റെടുക്കവെ പ്രിഗോഷിൻ സുറോവികിനെ വിശേഷിപ്പിച്ചിരുന്നത്. സുറോവികിൻ തിരോധാനത്തിന് പിന്നില്‍ റഷ്യയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in