സാല്‍മൊണല്ല ബാക്ടീരിയ: എംഡിഎച്ച് മസാലപ്പൊടികളുടെ കയറ്റുമതിയില്‍ മൂന്നിലൊന്നും നിരസിച്ച് അമേരിക്ക

സാല്‍മൊണല്ല ബാക്ടീരിയ: എംഡിഎച്ച് മസാലപ്പൊടികളുടെ കയറ്റുമതിയില്‍ മൂന്നിലൊന്നും നിരസിച്ച് അമേരിക്ക

എംഡിഎച്ചിന്റേയും എവറസ്റ്റ് ഫൂഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ചില മസാലപ്പൊടികളുടെ വില്‍പ്പന സിംഗപ്പൂരും ഹോങ് കോങ്ങും അടുത്തിടെ വിലക്കിയിരുന്നു

ഡല്‍ഹി ആസ്ഥാനമായിട്ടുള്ള മഹഷിയാന്‍ ദി ഹട്ടി (എംഡിഎച്ച്) പ്രൈവറ്റ് ലിമിറ്റഡ് കയറ്റുമതിയ ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ 31 ശതമാനവും നിരസിച്ച് അമേരിക്ക. സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അമേരിക്കന്‍ കസ്റ്റംസിന്റെ നടപടി. 2023 ഒക്ടോബർ മുതലുള്ള കണക്കാണിത്.

എംഡിഎച്ചിന്റേയും എവറസ്റ്റ് ഫൂഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ചില മസാലപ്പൊടികളുടെ വില്‍പ്പന സിംഗപ്പൂരും ഹോങ് കോങ്ങും അടുത്തിടെ വിലക്കിയിരുന്നു. അർബുദത്തിന് കാരണമാകുന്ന എഥിലിന്‍ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

എംഡിഎച്ചിന്റെ വിവിധ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്ന 11 ഷിപ്മെന്റുകളാണ് 2023 ഒക്ടോബർ മുതല്‍ അമേരിക്ക നിരസിച്ചിട്ടുള്ളത്. 2022 ഒക്ടോബർ മുതല്‍ 2023 സെപ്തംബർ വരെ കയറ്റുമതി ചെയ്ത ഉത്പന്നങ്ങളുടെ നിരസിക്കല്‍ നിരക്ക് 15 ശതമാനം മാത്രമായിരുന്നെങ്കില്‍ നിലവിലത് ഇരട്ടിച്ചതായാണ് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്‌ഡിഎ) കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 ഒക്ടോബർ മുതല്‍ സാല്‍മൊണല്ലയുടെ സാന്നിധ്യം മൂലം മാത്രമാണ് എംഡിഎച്ച് ഉത്പ്പന്നങ്ങളുടെ കയറ്റുമതി നിരസിച്ചിട്ടുള്ളത്.

സാല്‍മൊണല്ല ബാക്ടീരിയ: എംഡിഎച്ച് മസാലപ്പൊടികളുടെ കയറ്റുമതിയില്‍ മൂന്നിലൊന്നും നിരസിച്ച് അമേരിക്ക
ഇന്ത്യന്‍ നിർമിത മസാലപ്പൊടികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിലക്ക്; കാരണമെന്ത്?

ശുചിത്വമില്ലായ്മമൂലമാണ് സാല്‍മൊണല്ലയുടെ സാന്നിധ്യമുണ്ടാകുന്നതെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധർ പറയുന്നത്. വിളവെടുപ്പു മുതല്‍ പാക്കേജിങ് വരെ ശുചിത്വത്തോടെ പരിചരിക്കുകയാണെങ്കില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യമുണ്ടാകില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. 2022 ജനുവരിയില്‍ എംഡിഎച്ചിന്റെ നിർമ്മാണ പ്ലാന്റ് എഫ്‌‍ഡിഎ നേരിട്ടെത്തി പരിശോധിച്ചിരുന്നു. പ്ലാന്റില്‍ ആവശ്യമായ സാനിറ്ററി സംവിധാനങ്ങള്‍ ഇല്ലെന്നും ഉപകരണങ്ങള്‍ക്കും മറ്റും വൃത്തിയില്ലെന്നും കണ്ടെത്തിയിരുന്നു.

എംഡിഎച്ചിന് സമാനമായി എവറസ്റ്റിന്റെ ഷിപ്മെന്റുകളും നിരസിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ നടപ്പ് സാമ്പത്തിക വർഷത്തില്‍ (ഒക്ടോബർ 2023-സെപ്തംബർ 2024) എവറസ്റ്റിന്റെ 0.3 ശതമാനം ഷിപ്മെന്റുകളാണ് ഇതുവരെ നിരസിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇത് മൂന്ന് ശതമാനമായിരുന്നു. ലേബലിങ്ങുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് ഇതിന് പിന്നിലെ കാരണം. സംഭവത്തോട് പ്രതികരിക്കാന്‍ എവറസ്റ്റ് ഇതുവരെ തയാറായിട്ടില്ല.

എഫ്‌ഡിഎ നിർദേശങ്ങള്‍ അനുസരിച്ച് ഷിപ്മെന്റ് നിരസിച്ചുകഴിഞ്ഞാല്‍ ഇറക്കുമതി ചെയ്യുന്ന വ്യക്തിക്ക് ആ ഉത്പന്നം നശിപ്പിക്കാനൊ അല്ലെങ്കില്‍ അമേരിക്കയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യാനൊ കഴിയും. നിരസിച്ചുകഴിഞ്ഞാല്‍ ഷിപ്മെന്റിന് എന്ത് സംഭവിക്കുന്നു എന്നത് എഫ്‌ഡിഎ വെളിപ്പെടുത്താറില്ല.

logo
The Fourth
www.thefourthnews.in