പലസ്തീന്‍ നയത്തില്‍ മനം മാറുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍; അനന്തരം എന്ത് സംഭവിക്കും

പലസ്തീന്‍ നയത്തില്‍ മനം മാറുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍; അനന്തരം എന്ത് സംഭവിക്കും

പലസ്തീനെ അംഗീകരിച്ച നോര്‍വെ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടെ പാത സ്വീകരിക്കാൻ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും സമ്മര്‍ദത്തിലാക്കിയേക്കും

പശ്ചിമേഷ്യയെ ആശാന്തിയുടെ ദിനങ്ങളിലേക്കു തള്ളിവിട്ട് ഇസ്രയേല്‍ ഗാസയ്ക്കുമേല്‍ നടത്തുന്ന ആക്രമണം ഏഴ് മാസം പിന്നിടുമ്പോള്‍ ലോകരാജ്യങ്ങളുടെ നിലപാട് പ്രകടമായി മാറുന്നതാണ് നമുക്കു മുന്നിലുള്ളത്. പലസ്തീന്‍ എന്ന പ്രദേശത്തിന്റെ സ്വയം ഭരണാവകാശത്തെ അംഗീകരിക്കുന്നുവെന്നും മേഖലയിലെ പ്രശ്‌നപരിഹാരത്തിന് ദ്വിരാഷ്ട്ര സിദ്ധാന്തമാണ് പോംവഴിയെന്നുമുള്ള നിലപാടിനെ അംഗീകരിച്ച് നോര്‍വെ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങൾ രംഗത്തുവന്നുകഴിഞ്ഞു.

Summary

ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളും വാദിച്ച് ആഴ്ചകള്‍ക്കുശേഷമാണ് ഇത്തരമൊരു തീരുമാനം നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും കൈക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പ്രക്രിയയ്ക്കു തുടക്കമിടാനാണ് തങ്ങള്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതെന്നാണ് ഈ മൂന്ന് രാഷ്ട്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

പലസ്തീന്‍ എന്ന പ്രദേശത്തോടും അതിന്റെ സ്വയം ഭരണത്തോടുമുണ്ടായിരുന്ന ലോകരാഷ്ട്രങ്ങളുടെ നിലപാട്, ഇസ്രയേല്‍ നടത്തുന്ന ആക്രമണം മാറ്റം വരുത്തിയെന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പലസ്തീനെ അംഗീകരിക്കുന്ന മൂന്ന് രാജ്യങ്ങളുടെ നിലപാട് ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യതയേറെയാണ്. അതായത്, നോര്‍വെയുടെയും അയര്‍ലന്‍ഡിന്റെയും സ്‌പെയിനിന്റെയും നിലപാട്, അതേ പാതയിലേക്ക് മാറാൻ മറ്റു രാജ്യങ്ങളുടെമേൽ സമ്മര്‍ദം വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. യു കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ പലസ്തീന് അനുകൂലമായി ചിന്തിച്ചുതുടങ്ങുന്നത് പലസ്തീന് ഗുണം ചെയ്യും. പലസ്തീന്‍ വിഷയത്തില്‍ യൂറോപ്യന്‍ നിര്‍ദേശങ്ങളെ അവഗണിച്ച ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാക്കാനും സാഹചര്യം വഴിയൊരുക്കിയേക്കും.

പലസ്തീന്‍ നയത്തില്‍ മനം മാറുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍; അനന്തരം എന്ത് സംഭവിക്കും
ദുരിതാശ്വാസ സാധനങ്ങൾ എത്തുന്നില്ല, അരക്ഷിതാവസ്ഥ; റഫായിൽ സഹായ വിതരണം നിര്‍ത്തി യുഎന്‍; 11 ലക്ഷം ഗാസ നിവാസികൾ പട്ടിണിയിൽ

ലോകരാജ്യങ്ങളില്‍ 139 എണ്ണവും സ്വതന്ത്ര പലസ്തീനെ തത്വത്തില്‍ അംഗീകരിക്കുന്നവയാണ്. പലസ്തീന്റെ ഐക്യരാഷ്ട്രസഭാ അംഗത്വം സംബന്ധിച്ച് മേയ് 10നു യുഎന്‍ പൊതുസഭയിൽ നടന്ന വോട്ടെടുപ്പില്‍ 193 രാജ്യങ്ങളില്‍ 143 എണ്ണവും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. നിലവില്‍ യു എന്നില്‍ നിരീക്ഷണ പദവിമാത്രമാണ് പലസ്തീനുള്ളത്. അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും ഉള്‍പ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളും പലസ്തീന്റെ ഐക്യരാഷ്ട്രസഭാ അംഗത്വമെന്ന ആവശ്യത്തെ അംഗീകരിച്ചവരിൽ ഉൾപ്പെടുന്നു.

1988 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഒരുപക്ഷം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. ഹംഗറി, പോളണ്ട്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ബള്‍ഗേറിയ, സ്വീഡന്‍, സൈപ്രസ്, മാള്‍ട്ട എന്നീ രാജ്യങ്ങളാണ് ഈ നിലപാട് സ്വീകരിച്ചുവന്നിരുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കുള്ള ദീര്‍ഘകാല പരിഹാരമെന്ന നിലയിലാണ് ഈ നിലപാടെന്ന് അവർ വ്യക്തമാക്കുന്നു. അതേസമയം, പലസ്തീൻ രാഷ്ട്രത്തെ എപ്പോള്‍ അംഗീകരിക്കണമെന്നതിൽ യൂറോപ്പ് - യുഎസ് ഭിന്നത നിലല്‍ക്കുന്നുണ്ട്.

പുതിയൊരു രാഷ്ട്രീയ പ്രക്രിയയ്ക്കു തുടക്കമിടാനാണു തങ്ങള്‍ ഇപ്പോള്‍ പലസ്തീനെ അംഗീകരിക്കുന്നതെന്നാണ് അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങൾ പറയുന്നത്. ഇരുപക്ഷത്തിനും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചക്രവാളം ലക്ഷ്യമിടാന്‍ കഴിയുമെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്കു സുസ്ഥിരമായ പരിഹാരമുണ്ടാകൂയെന്ന് ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പലസ്തീന്‍ നയത്തില്‍ മനം മാറുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍; അനന്തരം എന്ത് സംഭവിക്കും
ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും

സ്വന്തം അതിര്‍ത്തികളുള്ള, സംസ്ഥാനങ്ങളോടുകൂടിയ സ്വയംഭരണ പ്രദേശം എന്നതാണ് 'ദ്വി-രാഷ്ട്ര പരിഹാരം' കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയെന്നതില്‍ ചോദ്യങ്ങള്‍ നിരവധി ബാക്കിയാണ്. അതിര്‍ത്തികള്‍, തലസ്ഥാനം എന്നിവയും വലിയ തര്‍ക്കങ്ങള്‍ക്കു വഴിവെക്കും.

സമ്മര്‍ദങ്ങള്‍ ഉയരുമ്പോഴും തങ്ങളുടെ നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേല്‍ പ്രതികരണങ്ങള്‍. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉദ്ദേശ്യം തീവ്രവാദത്തെ അംഗീകരിക്കുന്നതിനു സമാനമായ പ്രതിഫലമാണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ രാജ്യങ്ങളുടെ നിലപാടിനോട് അവിടങ്ങളിൽനിന്ന് സ്ഥാനപതികളെ തിരിച്ചുവിളിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രതികരിച്ചത്. അതേസമയം തന്നെ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയുമാണ്. സ്വതന്ത്ര പലസ്തീനെന്ന ആശയത്തിന് ലോകരാഷ്ട്രങ്ങൾക്കിടയിൽ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴും ഗാസയുടെ പുനര്‍നിര്‍മാണം എങ്ങനെ, എപ്പോൾ എന്നതു സംബന്ധിച്ച ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്.

logo
The Fourth
www.thefourthnews.in