നിങ്ങള്‍ കൊല്ലപ്പെട്ടാലോ...; അറംപറ്റിയ ആ ചോദ്യം, ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയും നവാല്‍നിയുടെ ഉത്തരവും

നിങ്ങള്‍ കൊല്ലപ്പെട്ടാലോ...; അറംപറ്റിയ ആ ചോദ്യം, ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയും നവാല്‍നിയുടെ ഉത്തരവും

2020-ലെ വിമാന യാത്രക്കിടെ വിഷ പ്രയോഗമേറ്റതും കോമാ സ്‌റ്റേജിലായതും ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങള്‍ നവാല്‍നി തന്നെ വിവരിക്കുന്നുണ്ട്

വിഷം കുത്തിവെച്ചു കൊല്ലാന്‍ നോക്കിയിട്ടും പൊരുതി കയറിവന്നു പുടിന് നേരെ വിരല്‍ ചൂണ്ടിയയാളാണ് അലക്‌സി നവാല്‍നി. ഒടുവില്‍, റഷ്യന്‍ ജയിലില്‍ അലക്‌സിയുടെ ജീവിതം അവസാനിച്ചപ്പോള്‍, ലോകം ഇത് പ്രതീക്ഷിച്ചിരുന്നോ? നവാല്‍നി കൊല്ലപ്പെട്ടേക്കാമെന്ന് അമേരിക്ക ഉള്‍പ്പെടെ പലരും പലതവണ പറഞ്ഞതാണ്. ഒടുവില്‍, ആ വാര്‍ത്ത ലോകത്തെ തേടിയെത്തി, പുടിന്റെ മുഖ്യ എതിരാളി അലക്‌സി നവാല്‍നി മരണത്തിന് കീഴടങ്ങി. ''ഒരുപക്ഷേ നിങ്ങള്‍ കൊല്ലപ്പെടുകയാണെങ്കില്‍, എന്ത് സന്ദേശമാണ് ലോകത്തോട് പറയാനുള്ളത്'' എന്ന ചോദ്യം നേരിടേണ്ടിവന്ന നേതാവാണ് നവാല്‍നി. 2022 ഓസ്‌കര്‍ അവാര്‍ഡ് നേടിയ 'നവാല്‍നി' എന്ന ഡോക്യുമെന്ററി ചിത്രത്തിലെ സംവിധായകന്‍ ഡാനിയേല്‍ റോഹര്‍ ആണ് ഇങ്ങനെയൊരു ചോദ്യം നവാല്‍നിയോട് ചോദിച്ചത്.

''കമോണ്‍ ഡാനിയേല്‍, ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല. എന്റെ മരണത്തെ കുറിച്ചാണ് നിങ്ങള്‍ സിനിമയെടുക്കുന്നത് എന്നാണ് തോന്നുന്നത്'', എന്നായിരുന്നു ഈ ചോദ്യത്തിനോട് നവാല്‍നിയുടെ പ്രതികരണം. പക്ഷേ, ആ ചോദ്യം അച്ചട്ടായി, നവാല്‍നിയെ മരണം കൊണ്ടുപോയി. നവാല്‍നിയുടെ ജീവിതം ക്യാമറയില്‍ പകര്‍ത്തി ഓസ്‌കര്‍ നേടിയ സംവിധായകന്‍, ആ വാര്‍ത്ത കേട്ട് സ്തബ്ധനായി.

നിങ്ങള്‍ കൊല്ലപ്പെട്ടാലോ...; അറംപറ്റിയ ആ ചോദ്യം, ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയും നവാല്‍നിയുടെ ഉത്തരവും
അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം; അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം

''ഈ വാര്‍ത്ത എന്നെ ഞെട്ടിപ്പിക്കുന്നതാണ്, സങ്കടത്തിന്റെ കാര്‍മേഘം ഞങ്ങളെ പൊതിഞ്ഞിരിക്കുന്നു'' എന്നാണ് നവാല്‍നിയുടെ മരണവാര്‍ത്തയോട് റോഹറിന്റെ ആദ്യ പ്രതികരണം വന്നത്. ഞങ്ങള്‍ തമ്മില്‍ പങ്കുവച്ച നര്‍മ്മങ്ങളിലൂടെയാകും ഞങ്ങളുടെ പരസ്പര ബഹുമാനം വളര്‍ന്നതെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം വലിയ തമാശക്കാരനായിരുന്നു. ചിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. കണ്ടുമുട്ടി പത്തു സെക്കന്റിനുള്ളില്‍ അദ്ദേഹം എന്നെ കളിയാക്കുകയും തമാശകള്‍ പൊട്ടിക്കുകയും ചെയ്തു, റോഹര്‍ ഓര്‍ത്തെടുക്കുന്നു.

2020-ലെ വിമാന യാത്രക്കിടെ വിഷ പ്രയോഗമേറ്റതും കോമാ സ്‌റ്റേജിലായതും ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങള്‍ നവാല്‍നി തന്നെ വിവരിക്കുന്നുണ്ട് ഡോക്യുമെന്ററിയില്‍. റഷ്യന്‍ ഏജന്റുമാരാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് അന്നുതന്നെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് റഷ്യ നിഷേധിച്ചു.

ഡോക്യുമെന്ററിയിലെ ഒരു രംഗത്തില്‍, ഹോട്ടലില്‍ വെച്ച് നവാല്‍നിയുടെ അടിവസ്ത്രത്തിനുള്ളില്‍ വിഷം പ്രയോഗിച്ചെന്ന് റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഏജന്റ് നവാല്‍നിയോട് വെളിപ്പെടുത്തുന്നുണ്ട്. വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്താതിരുന്നെങ്കില്‍ നവാല്‍നി ഉറപ്പായും മരിച്ചുപോയെനെ എന്നും ഏജന്റ് വെളിപ്പെടുത്തുന്നുണ്ട്.

കോമയില്‍ നിന്ന് മുക്തനായതിന് ശേഷം, നവാല്‍നി കുടുംബത്തോടൊപ്പം ചിലവഴിച്ച സമയത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ റഷ്യയിലേക്കുള്ള തിരിച്ചുവരവും ഡോക്യുമെന്ററിയില്‍ കാണാം. ആ വരവില്‍ത്തന്നെ നവാല്‍നി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീടൊരിക്കലും അദ്ദേഹം പുറംലോകം കണ്ടില്ല.

നിങ്ങള്‍ കൊല്ലപ്പെട്ടാലോ...; അറംപറ്റിയ ആ ചോദ്യം, ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയും നവാല്‍നിയുടെ ഉത്തരവും
നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാതെ അധികാരികള്‍; ആദരാഞ്ജലി അര്‍പ്പിച്ച മുന്നൂറോളം പേരെ അറസ്റ്റ് ചെയ്ത് റഷ്യന്‍ പോലീസ്

തടവറയില്‍ അടയ്‌ക്കപ്പെട്ടതിന് ശേഷം സംവിധായകനും 'കഥാപാത്രവും' തമ്മില്‍ ജയിലില്‍ നിന്ന് കത്തുകളിലൂടെ ആശയവിനിമയം നടത്തി. അവ തന്റെ കൈവശമുണ്ടെന്നും സൂക്ഷിച്ചു വയ്ക്കുമെന്നും റോഹര്‍ പറയുന്നു.

നവാല്‍നിയുടെ മരണ സാധ്യതയെ കുറിച്ച് ഡോക്യുമെന്ററിയില്‍ ഉടനീളം പ്രതിപാദിക്കുന്നുണ്ട്. വിഷമിപ്പിക്കുന്ന പലതരം ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ പ്രശ്‌നമുണ്ടോയെന്ന സന്തതസഹചാരികളില്‍ ഒരാളുടെ ചോദ്യത്തിന്, 'എനിക്കെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പുറത്തുവരാനുള്ള സിനിമയാണ് ഇത്' എന്നാണ് ഡോക്യുമെന്ററിയില്‍ നവാല്‍നി പറയുന്നത്. ഒരേ സമയം, താന്‍ മരിക്കില്ലെന്നും എന്നാല്‍, മരണം തന്നെ തേടിയെത്തുമെന്നും വിശ്വസിക്കുന്ന നവാല്‍നിയെയാണ് ഡോക്യുമെന്ററിയില്‍ കാണാന്‍ സാധിക്കുക.

ഡാനിയേല്‍ റോഹറും അലക്‌സി നവാല്‍നിയും
ഡാനിയേല്‍ റോഹറും അലക്‌സി നവാല്‍നിയും

''അലക്‌സി, നിങ്ങളെ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കപ്പെടുകയോ, നിങ്ങള്‍ കൊല്ലപ്പെടുകയോ ചെയ്താല്‍, റഷ്യന്‍ ജനതയ്ക്ക് എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്?' ഡോക്യുമെന്ററിയുടെ അവസാന രംഗത്തില്‍ റോഹര്‍ ചോദിക്കുന്നു.

''നാം യഥാര്‍ത്ഥത്തില്‍ എത്ര ശക്തരാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ല. തിന്മയുടെ വിജയത്തിന് ആവശ്യമായ ഒരേയൊരു കാര്യം നല്ല ആളുകള്‍ ഒന്നും ചെയ്യാതിരിക്കുക എന്നതാണ്. അതിനാല്‍ നിഷ്‌ക്രിയരാകരുത്'', ക്യാമറയിലേക്ക് നോക്കി നവാല്‍നി പറയുന്നു. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍...

logo
The Fourth
www.thefourthnews.in