അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം;  അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം

അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം; അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം

അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടുന്ന ബ്ലോഗെഴുത്തുകാരനായി നവാല്‍നി ശ്രദ്ധ നേടുന്നത് 2008-ലാണ്

റഷ്യന്‍ പ്രസിഡന്‌റ വ്ളാദിമിര്‍ പുടിന്റെ നിരന്തര വിമര്‍ശകനായിരുന്നു നാല്‍പ്പത്തേഴുകാരനായ അലക്‌സി നവാല്‍നി. 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച് മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന നവാല്‍നിയുടെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടന്നു കഴിഞ്ഞെത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം.

പുടിന്‍ ഭയന്ന നവാല്‍നി

അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ നവാല്‍നി ബ്ലോഗുകളിലൂടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ ആദ്യം ആഞ്ഞടിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ പുടിന്‌റെ ഏറ്റവും വലിയ വിമര്‍ശകനായി നവാല്‍നി മാറി. റഷ്യന്‍-യുക്രേനിയന്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ 1976-ലാണ് നവാല്‍നി ജനിച്ചത്. ചെര്‍ണോബില്‍ ദുരന്തത്തെത്തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്ന് ബലാറസ്- റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് കുടുംബം മാറി. ചെറുപ്പത്തില്‍ത്തന്നെ മുത്തശ്ശിയില്‍നിന്ന് യുക്രെയ്ന്‍ ഭാഷയില്‍ പ്രാവീണ്യം നേടിയ നവാല്‍നി 1998-ല്‍ മോസ്‌കോയിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടി. പഠനം തുടരാനായി മോസ്‌കോയില്‍തന്നെ തുടര്‍ന്ന നവാല്‍നി വിദ്യാര്‍ഥിയായിരിക്കെതന്നെ 2000-ല്‍ യബ്ലോകോ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രാദേശിക ഭാരവാഹിത്വങ്ങള്‍ വഹിച്ചിരുന്നു. 2007-ല്‍ തീവ്രവലതുപക്ഷ ചിന്താഗതി ആരോപിച്ച് പാര്‍ട്ടിയില്‍നിന്ന് നവാല്‍നിയെ പുറത്താക്കിയിരുന്നു.

അഴിമതിയും ക്രമക്കേടുകളും തുറന്നുകാട്ടുന്ന ബ്ലോഗെഴുത്തുകാരനായി നവാല്‍നി ശ്രദ്ധ നേടുന്നത് 2008-ലാണ്. 2011-ലെ റഷ്യന്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഭരണകക്ഷിയായ യുുണൈറ്റഡ് റഷ്യക്കു നേരേ കടുത്ത വിമര്‍ശനവും ആരോപണങ്ങളും നവാല്‍നി ഉന്നയിച്ചിരുന്നു. വഞ്ചകന്‍മാരും കള്ളന്‍മാരും നിറഞ്ഞ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നവാല്‍നി ആഹ്വാനം ചെയ്തു. എങ്കിലും തിരഞ്ഞെടുപ്പില്‍ വിജയം യുണൈറ്റഡ് റഷ്യയ്ക്കായിരുന്നു. തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് റഷ്യയില്‍ പ്രതിഷേധമുണ്ടായി. 2011-ലെ ആദ്യ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പുടിന്‌റെ ആദ്യലക്ഷ്യം നവാല്‍നി ആയിരുന്നു. അറസ്റ്റ് ചെയ്ത നവാല്‍നിയെ 15 ദിവസത്തെ തടവിന് അന്ന് ശിക്ഷിച്ചിരുന്നു.

അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം;  അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം
കടുത്ത പുടിന്‍ വിമര്‍ശകന്‍; റഷ്യന്‍ പ്രതിപക്ഷനേതാവ്‌ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു

2013-ല്‍ മേയര്‍ സ്ഥാനത്തേക്ക് നവാല്‍നി മത്സരിച്ചു. മേയര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലേ അഴിമതി കേസില്‍ കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. അഞ്ച് വര്‍ഷത്തെ തടവായിരുന്നു ശിക്ഷ. ഇതിനെതിരെ ജനങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധമുണ്ടായി. ഇതോടെ അപ്പീലിന്‌റെ വാദം കേള്‍ക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കേണ്ടി വന്നു. ഇതോടെ മത്സരത്തില്‍ സജീവമായ നവാല്‍നി ഇന്‌റര്‍നെറ്റിന്‌റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പ്രചാരണം നടത്തിയത്. മാധ്യമങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കിലും 27 ശതമാനം വോട്ടുകള്‍ നേടി നവാല്‍നി രണ്ടാം സ്ഥാനത്ത് എത്തി.

ആ വര്‍ഷം ഒക്ടോബറില്‍ അപ്പീല്‍ കോടതി നവാല്‍നിയുടെ ശിക്ഷ ശരിവച്ചെങ്കിലും മറ്റൊരു അപ്രതീക്ഷിതനീക്കത്തിലൂടെ ശിക്ഷ കോടതി താല്‍ക്കാലികമായി ഒഴിവാക്കി. തടവുശിക്ഷ കാരണം പുടിനെതിരെ മത്സരിക്കാന്‍ നവാല്‍നിക്ക് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിധിയെഴുതിയെങ്കിലും പുടിനെതിരെ യുട്യൂബിലൂടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും റഷ്യയിലെ വരേണ്യവര്‍ഗത്തിന്‌റെ ജീവിതശൈലി തുറന്നുകാട്ടുകയും ചെയ്തു.

പുടിനെതിരായ നവാല്‍നിയുടെ അഴിമതി ആരോപണങ്ങള്‍ ക്രംലിന്‍ തള്ളിക്കളയുകയും യുഎസ് കേന്ദ്ര ഇന്‌റലിജന്‍സ് ഏജന്‍സിയുമായുള്ള ബന്ധം ആരോപിച്ച് അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിക്കുകയും ചെയ്തു.

2014 ഫെബ്രുവരിയില്‍ യെവ്‌സ് റോച്ചര്‍ കേസുമായി ബന്ധപ്പെട്ട് നവല്‍നിയെ വീട്ടുതടങ്കലിലാക്കുകയും ഇന്‌റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. എന്നാല്‍ റഷ്യന്‍ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് നവാലിന്‌റെ ടീം അദ്ദേഹത്തിന്‌റെ ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. 2014 ഡിസംബറില്‍ നവാല്‍നിയും അദ്ദേഹത്തിന്‌റെ സഹോദരന്‍ ഒലേഗിനെയും യെവ്‌സ് റോച്ചര്‍ കേസില്‍ കുറ്റാക്കാരാണെന്ന് കണ്ടെത്തി. നവാല്‍നിക്ക് മൂന്നരവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

2015 ഡിസംബറില്‍ അഴിമതിക്കെതിരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വീഡിയോ നവാല്‍നി ഫൗണ്ടേഷന്‍ പുറത്തിറക്കി. റഷ്യന്‍ ഭാഷയില്‍ കടല്‍ എന്നര്‍ഥം വരുന്ന ചൈക എന്ന പേരാണ് യുട്യൂബ് ഡോക്യുമെന്‌ററിക്ക് നല്‍കിയത്. അഴിമതിയും കുപ്രസിദ്ധ ക്രിമിനല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധവും ആരോപിച്ച 44 മിനിറ്റുള്ള വിഡിയോയ്ക്ക് 26 മില്യന്‍ കാഴ്ചക്കാരെ ലഭിച്ചു.

അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം;  അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം
'അസമത്വം ഇല്ലാതാകും;' സ്വവർഗ വിവാഹം നിയമപരമാക്കി ഗ്രീസ്, പരിഷ്‌കാരം നടപ്പിലാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യം

2016 ഫെബ്രുവരിയില്‍ കിറോവ്‌ലെസ് കേസില്‍ ന്യായമായ വിചാരണ നടത്താനുള്ള നവാല്‍നിയുടെ അവകാശം റഷ്യ ലംഘിച്ചുവെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിക്കുകയും അദ്ദേഹത്തിന്‌റെ ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു.

2016 നവംബറില്‍ റഷ്യയിലെ സുപ്രീംകോടതി നവാല്‍നിയുടെ ശിക്ഷ റദ്ദാക്കുകയും കേസ് പുനപരിശോധിക്കാന്‍ കിറോവ് കോടതിയിലേക്ക് അയയ്ക്കുകയും ചെയ്തു.

2016 ഡിസംബറില്‍ 2018-ലെ റഷ്യന്‍ പ്രസിഡന്‌റ് മത്സരത്തിലേക്കുള്ള തന്‌റെ സ്ഥാനാര്‍ഥിത്വം നവാല്‍നി പ്രഖ്യാപിച്ചു.

2017 ഫെബ്രുവരിയില്‍ കിറോവ് കോടതി പുനപരിശോധിക്കുകയും 2013 മുതലുള്ള അഞ്ച് വര്‍ഷത്തെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

2017 മാര്‍ച്ചില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദിമിത്രി മെദ്‌ദേവിനെതിരെ അഴിമതി ആരോപിച്ച് ചെയ്ത യുട്യൂബ് ഡോക്യുമെന്‌ററിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ചത് ഏഴ് മില്യന്‍ കാഴ്ചക്കാരെയാണ്. റഷ്യയിലുടനീളം അഴിമതി വിരുദ്ധ പ്രതിഷേധങ്ങളുണ്ടായി. നവാല്‍നി പ്രചാരണ ഓഫീസുകള്‍ തുറക്കാനായി രാജ്യത്തുടനീളം സഞ്ചരിക്കുകയും വലിയ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അനധികൃത പ്രകടനങ്ങള്‍ നടത്തിയതിന്‌റെ പേരില്‍ ജയിലിലടക്കുകയും ചെയ്തു. ഇതിനിടയില്‍ അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിനും അദ്ദേഹം ഇരയായി. മുഖത്ത് അണുനാശിനി എറിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‌റെ വലതുകണ്ണിനു പരുക്കുപറ്റിയിരുന്നു.

2017 ഒക്ടോബറില്‍ യെവ്‌സ് റോച്ചര്‍ കേസില്‍ നവാല്‍നിയുടെ വഞ്ചനാകുറ്റം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി കണ്ടെത്തി.

2017 ഡിസംബറില്‍ കിറോള്‍വ്‌സ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന്‌റെ പേരില്‍ പ്രസിഡന്‌റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് റഷ്യയുടെ സെന്‍ട്രല്‍ ഇലക്ടറല്‍ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.

പ്രതിപക്ഷത്തിന്‌റെ ശബ്ദമായിരുന്ന, തീവ്രവാദക്കുറ്റമടക്കം വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ട നവല്‍നിക്കുനേരെ 2020-ല്‍ വധശ്രമം നേരിട്ടിരുന്നു. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വിഷം നല്‍കുകയായിരുന്നു. റഷ്യന്‍ പ്രസിഡന്‌റ് പുടിന്‌റെ അറിവോടെയാണ് ഇത് സംഭവിച്ചതെന്ന ആരോപണമുണ്ടായെങ്കിലും റഷ്യ ഇത് തള്ളിക്കളഞ്ഞിരുന്നു. അന്ന് വിമാനത്തില്‍ അബോധാവസ്ഥയിലായ നവല്‍നിയെ ജര്‍മന്‍ സന്നദ്ധ സംഘടനയായ സിനിമ ഫോര്‍ പീസിന്‌റെ നേതൃത്വത്തില്‍ ബെര്‍ലിനില്‍ നല്‍കിയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അന്ന് 32 ദിവസമായിരുന്നു നവാല്‍നി ആശുപത്രിയില്‍ കഴിഞ്ഞത്. പിന്നാലെ തടവിലേക്ക് മാറ്റി. 2021 മുതല്‍ വഞ്ചനാകുറ്റത്തിന് തടവുശിക്ഷ അനുഭവിച്ചു വരികയാണ്. ആദ്യം കോടതി വിധിച്ചത് പതിനൊന്നര വര്‍ഷത്തെ തടവായിരുന്നു. പിന്നാലെ തീവ്രവാദ സംഘടനകള്‍ക്ക് സഹായധനം നല്‍കിയെന്നാരോപിച്ച് 19 വര്‍ഷത്തെ അധികതടവിന് ശിക്ഷിച്ചു.

അഭിഭാഷകനില്‍നിന്ന് പുടിന്‌റെ നിരന്തര വിമര്‍ശകനിലേക്ക്, ഒടുവില്‍ ജയിലില്‍ അന്ത്യം;  അലക്‌സി നവാല്‍നി എന്ന പ്രതിപക്ഷ ശബ്ദം
കാലാവസ്ഥ പ്രവചനത്തില്‍ ഇനി കൂടുതൽ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹവുമായി ഐഎസ്ആര്‍ഒയുടെ 'വികൃതിക്കുട്ടി' നാളെ കുതിക്കും

വിവിധ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തതോടെ 2021 മുതല്‍ അതിസുരക്ഷാ ജയിലിലായിരുന്നു നവാല്‍നി. പരോള്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയലക്ഷ്യം ആരോപിച്ച് ഒന്‍പത് വര്‍ഷത്തെ ശിക്ഷ. ആരോഗ്യം വഷളായിരുന്നിട്ടും ജയിലില്‍ ശിക്ഷ നിഷേധിക്കുകയായിരുന്നെന്ന ആരോപണവുമുണ്ട്. പതിനൊന്നര വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് തീവ്രവാദസംഘടനകള്‍ക്ക് ധനസഹായം നല്‍കിയെന്നാരോപിച്ച് 19 വര്‍ഷത്തെ അധികതടവിന് ശിക്ഷിച്ചത്. ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഭീകരവാദം അടക്കമുള്ള തീവ്രമായ കുറ്റങ്ങളായിരുന്നു നവാല്‍നിക്കു ചാര്‍ത്തിക്കൊടുത്തിരുന്നത്.

റഷ്യന്‍ നിയമചരിത്ത്രതില്‍ ഒരു നേതാവിനു ലഭിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷാ കാലാവധിയാണ് നവാല്‍നിക്കു ലഭിച്ചത്. മാത്രമല്ല, അദ്ദേഹത്തിന്‌റെ അഭിഭാഷകര്‍ക്കു പോലും നവാല്‍നിയെ കാണാനുള്ള അവസരവും നിഷേധിച്ചിട്ടുണ്ട്.

2023 ഡിസംബര്‍ ഏഴിന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഹിയറിങ്ങില്‍ നവാല്‍നി പങ്കെടുക്കാതിരുന്നത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു. പിന്നാലെ അനുയായികള്‍ അയച്ച കത്തുകളും മടങ്ങി. അദ്ദേഹം എവിടെയെന്ന അഭിഭാഷകരുടെ ചോദ്യത്തിന് അധികൃതര്‍ ഉത്തരം നല്‍കാതായതോടെ നവാല്‍നിക്ക് എന്തോ അപായം സംഭവിച്ചെന്ന അഭ്യൂഹങ്ങള്‍ പരന്നു. പിന്നീട് ആര്‍ട്ടിക് പ്രദേശത്തുള്ള പീനല്‍ കോളനി വിഭാഗത്തില്‍ പെട്ട പോളാര്‍ വുള്‍ഫ് ജയിലിലാണ് നവാല്‍നി ഉള്ളതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍തന്നെ വ്യക്തമാക്കുകയായിരുന്നു.

ഇപ്പോഴുണ്ടായ മരണത്തിലും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ബോധരഹിതനായതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി ചികിത്സ ലഭ്യമാക്കിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നെന്നാണ് റഷ്യന്‍ പ്രിസണ്‍ സര്‍വീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന നവാല്‍നിക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in