ലീ ഷാങ്‍വു
ലീ ഷാങ്‍വു

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് രണ്ട് മുൻ പ്രതിരോധ മന്ത്രിമാർ പുറത്ത്; അഴിമതിക്കാരെന്ന് ആരോപണം

സൈനിക യൂണിറ്റുകളിൽ ചിലർക്ക് വർധിച്ചുവരുന്ന സ്വാധീനമാണ് ഇത്തരം പുറത്താക്കലിന് കാരണമെന്നും രാഷ്ട്രീയ വിദഗ്ദർ അഭിപ്രായപ്പെടുന്നു
Updated on
2 min read

രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി സി പി). 2023 ഒക്ടോബറിൽ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട മുൻ പ്രതിരോധ മന്ത്രി ലീ ഷാങ്‌വുവിനെയും അദ്ദേഹത്തിന്റെ മുൻഗാമി വെയ് ഫങ്‌ഹായ്ക്കുമെതിരെയാണ് നിലവിൽ പാർട്ടി പോളിറ്റ്ബ്യൂറോ നടപടി. ഇരുവരും അഴിമതിക്കാരാണെന്നും പാർട്ടി അച്ചടക്കം പാലിച്ചില്ലെന്നുമാണ് ആരോപണം. ഇതേകാരണം ചൂണ്ടികാട്ടിയായിരുന്നു രണ്ടുമാസത്തോളം പൊതുവേദികളിൽ കാണാതിരുന്ന ലീ ഷാങ്‌വുവിനെ മന്ത്രിക്കസേരയിൽനിന്നും പുറത്താക്കിയത്.

ലീ ഷാങ്‌വുവിനെയും വെയ് ഫങ്‌ഹായുടെയും കേസുകൾ സൈനിക പ്രോസിക്യൂട്ടർമാർക്ക് കൈമാറുമെന്നും ജീവപര്യന്തം തടവ് ലഭിക്കാൻ സാധ്യതയുള്ള ഒരു വിചാരണ ആരംഭിക്കുമെന്നും ചൈനീസ് മാധ്യമമായ ഷിൻവാ റിപ്പോർട്ട് ചെയ്തു. ലീയുടെ പാർട്ടിയിലെ ഭാവി സംബന്ധിച്ച് ചർച്ച നടത്താൻ സി സി പിയുടെ മുതിർന്ന നേതാക്കൾ പൊളിറ്റ് ബ്യൂറോ യോഗം ചേർന്നിരുന്നു. ലീ തൻ്റെ യഥാർഥ ദൗത്യത്തെ ഒറ്റിക്കൊടുത്തുവെന്നും പാർട്ടിയുടെ അത്‌വാനിനെയും തത്വങ്ങളെയും നഷ്ടപ്പെടുത്തിയെന്നുമാണ് യോഗത്തിലെ കണ്ടെത്തൽ.

ലീ ഷാങ്‍വു
വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയെയും കാണാനില്ല; ലീ ഷാങ്‍വു വീട്ടുതടങ്കലിലോ എന്ന് അമേരിക്ക

സൈനിക ഭരണത്തിലെ അഴിമതിയെക്കുറിച്ച് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് നിലവിലെ നടപടികളെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സൈനിക യൂണിറ്റുകളിൽ ചിലർക്ക് വർധിച്ചുവരുന്ന സ്വാധീനമാണ് ഇത്തരം പുറത്താക്കലുകൾക്ക് കാരണമെന്നും രാഷ്ട്രീയ വിദഗ്ദർ അഭിപ്രായപ്പെടുന്നു. അതേസമയം, ബാഹ്യശക്തികളുമായി ഗൂഢാലോചന നടത്തിയെന്നോ പ്രസിഡന്റ് ഷി ജിൻ പിങ്ങിനോട് വേണ്ടത്ര വിശ്വസ്തത പുലർത്തുന്നില്ലെന്നോ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് വ്യാപകമായി പുറത്താക്കുന്നതെന്നും ആരോപണമുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ അപ്രമാദിത്വം തെളിയിച്ച 2023ലെ തിരഞ്ഞെടുപ്പിന് ശേഷം സൈനിക നേതൃത്വത്തിൽ വലിയ പൊളിച്ചെഴുത്തായിരുന്നു ഷി ജിൻപിങ് നടത്തിയത്

ലീ ഷാങ്‍വുവിനും വെയ് ഫങ്‌ഹായ്ക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് പോളിറ്റ്ബ്യൂറോയിൽ ഉന്നയിക്കപ്പെട്ടതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലീ, സൈനിക ഉപകരണ മേഖലയിലെ രാഷ്ട്രീയ അന്തരീക്ഷത്തെയും വ്യാവസായിക ധാർമ്മികതയെയും മലിനമാക്കി, പാർട്ടിയുടെ ലക്ഷ്യത്തിനും ദേശീയ പ്രതിരോധത്തിനും സായുധ സേനയുടെ നിർമ്മാണത്തിനും വലിയ നാശം വരുത്തി എന്നും ആരോപിക്കപ്പെടുന്നു. കൂടാതെ അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്.

വെയ് ഫങ്‌ഹാ
വെയ് ഫങ്‌ഹാ

സമാനമായി 2018 മുതൽ 2023 പ്രതിരോധ മന്ത്രിയായിരുന്ന വെയ്, നിയമവിരുദ്ധമായി പണവും സമ്മാനങ്ങളും സ്വീകരിച്ചുവെന്നും മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകാൻ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും പറയപ്പെടുന്നു. ചൈനയുടെ ആണവായുധ ശേഖരണത്തിന്റെ ചുമതലയുള്ള ചൈനീസ് സൈന്യത്തിലെ 'റോക്കറ്റ് സേന'യുടെ മേധാവി കൂടിയായിരുന്നു വെയ്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ അപ്രമാദിത്വം തെളിയിച്ച 2023ലെ തിരഞ്ഞെടുപ്പിന് ശേഷം സൈനിക നേതൃത്വത്തിൽ വലിയ പൊളിച്ചെഴുത്തായിരുന്നു ഷി ജിൻപിങ് നടത്തിയത്. രണ്ട് മുൻനിര ജനറൽമാർ, പാർട്ടി ഉന്നത ഉപദേശക സമിതിയിലെ മൂന്ന് മുതിർന്ന എയ്‌റോസ്‌പേസ്, ഡിഫൻസ് വ്യവസായ എക്‌സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ളവരെ അതിന്റെഭാഗമായി പുറത്താക്കിയിരിക്കുന്നു. ഒരു വർഷത്തോളം പൊതുവേദികളിൽ കാണാതിരുന്ന മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനെയും കഴിഞ്ഞ വർഷം അത്തരമൊരു നീക്കത്തിൽ വിശദീകരങ്ങൾ ഒന്നും നൽകാതെ പുറത്താക്കിയിരിക്കുന്നു.

ലീ ഷാങ്‍വു
മൂന്നാംതവണയും ചൈനീസ് പ്രസിഡന്റായി ഷി ജിന്‍ പിങ്

സാധാരണയായി ഇത്തരത്തിൽ പാർട്ടി റാങ്കുകളിൽനിന്ന് പുറത്താക്കപ്പെടുന്നവർ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽനിന്ന് അപ്രത്യക്ഷമാകുകയാണ് പതിവ്. ചിലപ്പോൾ ക്രിമിനൽ നടപടി നേരിട്ട് ജയിലിലാകാനും സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in