ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; ഉപകരണങ്ങളുമായി ആദ്യ സൈനിക സംഘം പുറപ്പെട്ടു

ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; ഉപകരണങ്ങളുമായി ആദ്യ സൈനിക സംഘം പുറപ്പെട്ടു

50 ദിവസം കൊണ്ട് 1,000 സൈനികരുടെ സഹായത്തോടെ തുറമുഖം നിർമിക്കും. എന്നാൽ സൈനികർ ഗാസയുടെ കരഭാഗത്തേക്ക് പ്രവേശിക്കില്ല
Updated on
2 min read

ഇസ്രയേൽ ആക്രമണങ്ങളിലും പട്ടിണിയിലും കെടുതി അനുഭവിക്കുന്ന ഗാസയിൽ സഹായമെത്തിക്കാനുള്ള താൽക്കാലിക തുറമുഖം നിർമിക്കാൻ പുറപ്പെട്ട് യുഎസ് സൈനികർ. തുറമുഖ നിർമാണത്തിനുള്ള ഉപകരണങ്ങളുമായി യുഎസ് സൈനിക കപ്പൽ പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു. സപ്പോർട്ട് കപ്പൽ ജനറൽ ഫ്രാങ്ക് എസ് ബെസ്സൻ ശനിയാഴ്ച വിർജീനിയ സംസ്ഥാനത്തെ സൈനിക താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. കടൽമാർഗം ഗാസയിലേക്ക് സഹായം എത്തിക്കാൻ യുഎസ് ഫ്ലോട്ടിങ് ഹാർബർ നിർമിക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; ഉപകരണങ്ങളുമായി ആദ്യ സൈനിക സംഘം പുറപ്പെട്ടു
'താത്‌കാലിക തുറമുഖം' പദ്ധതിയുമായി അമേരിക്ക; ഗാസയിലേക്ക് കടൽമാർഗമുള്ള ഭക്ഷ്യവിതരണം വിജയിക്കുമോ?

'ഇസ്രയേലികൾക്കായി കാത്തിരിക്കുന്നില്ല, വാഷിങ്ടണ്‍ പൂർണ നേതൃത്വം ഏറ്റെടുക്കുന്നു,' എന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക തുറമുഖം പദ്ധതി അവതരിപ്പിച്ചത്, എന്നാൽ ഗാസയിലേക്ക് സഹായം എത്തിക്കുന്നതിൽ ഈ പദ്ധതി എത്രത്തോളം ഫലപ്രദമാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

ഗാസ മുനമ്പ് പട്ടിണി ഒഴിവാക്കാനാകാത്ത നിലയിൽ വളർന്നുവെന്നും കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇസ്രയേൽ മുനമ്പിൽ കടുത്ത ആക്രമണങ്ങൾ അഴിച്ച് വിടുന്ന സാഹചര്യത്തിൽ കരയിലും വിമാനത്തിലും സഹായ വിതരണം ദുഷ്കരവും അപകടകരവുമാണ്. വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ വാഹനവ്യൂഹങ്ങൾക്ക് നേരെ വെടിവെക്കുകയും വാഹനം കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ കരയിലൂടെയുള്ള സഹായ വിതരണം താൽക്കാലികമായ നിർത്തി വെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് താൽക്കാലിക തുറമുഖം നിർമിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചത്.

പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് 36 മണിക്കൂറിനുള്ളിൽ യുഎസ് കപ്പൽ പുറപ്പെട്ടുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു. ഗാസയിലേക്ക് സുപ്രധാനമായ മാനുഷിക സാധനങ്ങൾ എത്തിക്കുന്നതിന് ഒരു താത്കാലിക തുറമുഖം നിർമിക്കുന്നതിനുള്ള ഉപകരണങ്ങൾ അടങ്ങിയതാണ് ആദ്യത്തെ കപ്പൽ. 50 ദിവസം കൊണ്ട് 1,000 സൈനികരുടെ സഹായത്തോടെ തുറമുഖം നിർമിക്കും. എന്നാൽ സൈനികർ ഗാസയുടെ കരഭാഗത്തേക്ക് പ്രവേശിക്കില്ല, കുറിപ്പിൽ പറയുന്നു.

ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; ഉപകരണങ്ങളുമായി ആദ്യ സൈനിക സംഘം പുറപ്പെട്ടു
വൈഫൈ നെറ്റ്‌വർക്കിന് യുക്രെയ്‌ന്‍ അനുകൂല പേര് നല്‍കി; വിദ്യാർഥിയെ ജയിലിലടച്ച് റഷ്യ

എന്നാൽ ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇത്രയും കാലം കാത്തിരിക്കാനാവില്ലെന്ന് ചാരിറ്റി സംഘടനകൾ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ തകർന്നടിഞ്ഞ ഗാസയിലേക്ക് സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസികളെ ഇസ്രയേൽ സൈന്യം തടയുന്നതാണ് നിലവിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജോർദാനുമായി ചേർന്ന് ഗാസയിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തിൽ നിന്ന് വിതരണം ചെയ്യുന്നതിന് അമേരിക്ക തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങി മൂന്ന് വട്ടം ഗാസയിലേക്ക് അമേരിക്കൻ സൈന്യം വ്യോമമാർഗം (എയർഡ്രോപ്) ഭക്ഷണപ്പൊതി വിതരണം നടത്തിയിരുന്നു.

ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; ഉപകരണങ്ങളുമായി ആദ്യ സൈനിക സംഘം പുറപ്പെട്ടു
'കം ടു ജീസസ് മീറ്റിങ്' നെതന്യാഹുവിനോട് രൂക്ഷ പ്രതികരണം നടത്തിയതായി ബൈഡൻ സമ്മതിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്ത്

എന്നാൽ കപ്പൽ വഴിയുള്ള സഹായ വിതരണങ്ങൾ കൂടുതൽ ദുഷ്കരമാണ്. കടൽ വഴിയുള്ള സഹായങ്ങൾ സുരക്ഷിതമായി കരയിൽ എത്തിക്കാനാകുമോ എന്നതാണ് പ്രധാന ആശങ്ക. ഗാസയ്ക്ക് പ്രവർത്തനക്ഷമമായ തുറമുഖമില്ല, ചുറ്റുമുള്ള ജലാശയങ്ങള്‍ വലിയ കപ്പലുകൾക്ക് കടക്കാൻ കഴിയാത്തത്ര ആഴം കുറഞ്ഞതാണ്.

200 ടൺ ഭക്ഷണവുമായി ഒരു സഹായ കപ്പൽ സൈപ്രസിലെ ഒരു തുറമുഖത്ത് നിന്ന് പുറപ്പെടാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. നാളെയോടെ കപ്പലിന് പുറപ്പെടാൻ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, 30,900-ലധികം ആളുകൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

logo
The Fourth
www.thefourthnews.in