ഗുര്‍പത്വന്ത് സിങ് പന്നൂൻ
ഗുര്‍പത്വന്ത് സിങ് പന്നൂൻ

പന്നുനെതിരെയുള്ള വധശ്രമം: ഉത്തരവാദികളെ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അമേരിക്ക

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടർന്ന് കാനഡയുമായി വലിയ നയതന്ത്ര ഉലച്ചിലുകൾ സംഭവിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആരോപണം ഉണ്ടായത്
Updated on
1 min read

ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്ക. വിഷയം ഗുരുതരമാണെന്നും ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യുകയാണെന്നും ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റൻ്റ് വിദേശകാര്യം സെക്രട്ടറി ഡൊണാൾഡ് ലു മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യയും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുര്‍പത്വന്ത് സിങ് പന്നൂൻ
ആരാണ് ഹർദീപ് സിങ് നിജ്ജാർ? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച കൊലപാതകം

“ഇതൊരു ഗുരുതരമായ പ്രശ്നമാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഗുരുതരമായ പ്രശ്നം. ഇന്ത്യൻ സർക്കാരിൽ ജോലി ചെയ്യുന്ന ഒരാളുടെ നിർദേശപ്രകാരം ഒരു ഇന്ത്യൻ പൗരൻ അമേരിക്കൻ മണ്ണിൽ വച്ച് ഒരു അമേരിക്കൻ പൗരനെ കൊല്ലാൻ ശ്രമിച്ചുവെന്ന് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഞങ്ങൾ ഇത് അതീവ ഗൗരവമായി എടുക്കുകയും ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്," ഡൊണാൾഡ് ലു പറഞ്ഞു. സിഖ് വിഘടനവാദി നേതാവിനെ അമേരിക്കയിൽ വച്ച് കൊല്ലാൻ ശ്രമിച്ചെന്നും ആ ശ്രമം പരാജയപ്പെട്ടെന്നുമാണ് അമേരിക്കയുടെ വാദം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു.

പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം നിഖിൽ ഗുപ്ത അമേരിക്കയിൽ പന്നൂണിനെ കൊല്ലാനുള്ള സഹായത്തിനായി കൂട്ടാളിമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന പന്നൂവിനെ കൊല്ലാൻ കൊലയാളിക്ക് 1,00,000 യുഎസ് ഡോളർ വാദ്ഗാനം ചെയ്‌തെന്നും ആരോപണങ്ങളിൽ ഉണ്ട്. നിഖിൽ ഗുപ്ത നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുകയാണ്. അമേരിക്കയുടെ അഭ്യർഥനപ്രകാരമാണ് നിഖിലിനെ അവിടെ പിടികൂടിയത്.

ഗുര്‍പത്വന്ത് സിങ് പന്നൂൻ
പന്നു വധശ്രമക്കേസ്: പ്രതി നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക് അമേരിക്കയ്ക്ക് കൈമാറിയേക്കും, നിര്‍ണായകമായി കോടതി ഇടപെടല്‍

കഴിഞ്ഞ വർഷമാണ് നിഖിൽ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ പിടിയിലാകുന്നത്. ഇന്ത്യയിൽ നിന്ന് പ്രാഗിലേക്ക് യാത്ര ചെയ്യുന്നതിനിടെ ജൂണിലായിരുന്നു അറസ്റ്റ് നടന്നത്. 2023 നവംബർ 29-നാണ് സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ശ്രമം നടത്തിയത്. കൊലപാതകത്തിനുള്ള ഗൂഢാലോചന ഉൾപ്പെടെ പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് ഗുപ്തയ്ക്കെതിരെയുള്ളത്.

ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടർന്ന് കാനഡയുമായി വലിയ നയതന്ത്ര ഉലച്ചിലുകൾ സംഭവിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ആരോപണം ഉണ്ടായത്. സംഭവം പരസ്യപ്പെടുത്തുന്നതിന് മുൻപുതന്നെ അമേരിക്കയുടെ ആവശ്യപ്രകാരം നിഖിലിനെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in