യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം

യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം

പതിനായിരത്തിലധികം ചെറു ബോംബുകൾ സൂക്ഷിക്കാൻ സാധിക്കുന്ന ക്യാനിസ്റ്ററുകളാണ് ക്ലസ്റ്റർ ബോംബുകൾ

യുക്രെയ്നിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയ്ക്കെതിരായ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ. റഷ്യക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നിരന്തരം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക തീരുമാനം.

800 ദശലക്ഷം ഡോളറിന്റെ ആയുധപാക്കേജാണ് യുക്രെയ്നിനായി അമേരിക്ക പ്രഖ്യാപിച്ചത്. ഇതിൽ എത്രത്തോളം ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ആയിരക്കണക്കിന് ക്ലസ്റ്റർ പടക്കോപ്പുകൾ രാജ്യത്തിന്റെ കൈവശമുണ്ടെന്ന് അമേരിക്കൻ വക്താവ് കോളിൻ കാൾ അവകാശപ്പെട്ടു.

യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം
യുക്രെയ്ന്‍ നഗരങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി റഷ്യ

ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ നൽകാൻ തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. സഖ്യകക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തത്. യുക്രെയ്‌ന് ചെറുത്തുനിൽപ്പിന് വേണ്ടിയാണ് അവ അയക്കുന്നതെന്നും ജോ ബൈഡൻ വ്യക്തമാക്കി. ലിത്വാനിയയിൽ നടക്കാൻ പോകുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്‌ന് നൽകുന്ന ക്ലസ്റ്റർ ബോംബുകൾ സംബന്ധിച്ച് ബൈഡൻ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.

യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം
ബലാറസിൽ റഷ്യയുടെ തന്ത്രപരമായ ആണവായുധ വിന്യാസം ജൂലൈയിൽ

പതിനായിരത്തിലധികം ചെറു ബോംബുകൾ സൂക്ഷിക്കാൻ സാധിക്കുന്ന ക്യാനിസ്റ്ററുകളാണ് ക്ലസ്റ്റർ ബോംബുകൾ. മിസൈലുകൾ, പീരങ്കികൾ, യുദ്ധ വിമാനങ്ങൾ എന്നിവയിൽ നിന്നും ഇവ ഉപയോഗിക്കാനാകും. ട്രഞ്ചുകളിലുൾപ്പെടെ നാശം വിതയ്ക്കാനാകുമെന്നതാണ് ക്ലസ്റ്റർ ബോംബ് പ്രയോഗത്തിന്റെ പ്രത്യേകത. ചെറുബോംബുകൾ വർഷങ്ങളോളം പൊട്ടിത്തെറിക്കാതെ കിടക്കുമെന്നതാണ് ക്ലസ്റ്റർ യുദ്ധോപകരണങ്ങളെ കൂടുതൽ അപകടകരമാക്കുന്നത്.

നാറ്റോ അംഗരാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങി 120 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചിട്ടുണ്ട്. വിശാലമായ ഭൂപ്രദേശത്ത് ക്ലസ്റ്റർ ബോംബുകൾ വർഷിക്കുന്നത് സാധാരണക്കാർക്ക് പോലും ഭീഷണിയാകുമെന്നതാണ് നിരോധനത്തിന് കാരണമായി മിക്ക രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നത്.

പ്രതിരോധത്തിനായി മാത്രമേ യുക്രെയ്ൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കൂ എന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ പ്രതികരണം. അമേരിക്ക അയക്കുന്ന ക്ലസ്റ്റർ ബോംബുകൾ പൊട്ടാതെ കിടക്കാനുള്ള സാധ്യത 2.5 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ റഷ്യയുടെ പക്കലുള്ള ക്ലസ്റ്റർ ബോംബുകൾ 30 മുതൽ 40 ശതമാനം വരെ പൊട്ടാതെ കിടന്ന് അപകടമുണ്ടാക്കാനാണ് സാധ്യതയെന്നും അമേരിക്ക അവകാശപ്പെടുന്നു.

ഇപ്പോൾതന്നെ യുക്രെയ്ൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. എന്നാൽ യുക്രെയ്ന്‍ അത് നിഷേധിച്ചു. യുഎസ് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. റഷ്യയും യുക്രെയ്നും ക്ലസ്റ്റർ ബോംബുകളുടെ ഉപയോഗത്തിൽനിന്ന് പിന്മാറണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in