നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്ന്   റദ്ദാക്കി വൈറ്റ് ഹൗസ്; എന്തുകൊണ്ട്?

നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കി വൈറ്റ് ഹൗസ്; എന്തുകൊണ്ട്?

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി അമേരിക്കന്‍ പ്രസിഡന്റുമാർ മുസ്ലിം സമുദായത്തിലെ പ്രമുഖർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു

റംസാനോട് അനുബന്ധിച്ച് വൈറ്റ് ഹൗസ് നടത്താനിരുന്ന ഇഫ്താർ വിരുന്ന് റദ്ദാക്കിയത് അമേരിക്കയിലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവർ ക്ഷണം നിരസിച്ചതുകൊണ്ടാണെന്ന് സൂചന. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് സാമുദായിക നേതാക്കള്‍ ക്ഷണം നിരസിച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോർട്ട് ചെയ്തു.

വിരുന്നില്‍ പങ്കെടുക്കുന്നതില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവർ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു. ക്ഷണം സ്വീകരിച്ചവർ പോലും പിന്നീട് നിരസിച്ച പശ്ചാത്തലത്തിലാണ് ഇഫ്താർ വിരുന്ന് റദ്ദാക്കിയതെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആർ) ഡെപ്യൂട്ടി ഡയറക്ടർ എഡ്വാർഡ് അഹമ്മദ് മിച്ചല്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഗാസയിലെ പലസ്തീന്‍ ജനതയെ പട്ടിണിക്കിടുകയും ആക്രമിക്കുകയും ചെയ്യുന്ന ഇസ്രയേലി സർക്കാരിന് ഒത്താശ ചെയ്യുന്നവർക്കൊപ്പം നോമ്പ് മുറിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കയിലെ മുസ്ലിം സമുദായം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായി മിച്ചല്‍ അല്‍ ജസീറയോട് പറഞ്ഞു. ഇഫ്താർ വിരുന്ന് നടത്താന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായായി സിഎന്‍എന്നും എന്‍പിആറും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീരുമാനത്തില്‍ മാറ്റമുണ്ടായി.

സർക്കാരിന്റെ ഭാഗമായ മുസ്ലീം ജീവനക്കാർക്ക് മാത്രമായിരിക്കും വിരുന്നെന്നും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരുമായി പ്രത്യേക ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയില്‍ ബൈഡന്‍ അമേരിക്കയിലെ അറബ്, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് കടുത്ത അമർഷം നേരിടുന്നുവെന്ന റിപ്പോർട്ടുകള്‍ ശരിവെക്കുന്നതാണ് ഇഫ്താർ റദ്ദാക്കലെന്നാണ് വിലയിരുത്തല്‍.

നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്ന്   റദ്ദാക്കി വൈറ്റ് ഹൗസ്; എന്തുകൊണ്ട്?
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: ഒറ്റപ്പെട്ട് ഇസ്രയേല്‍, പ്രതിഷേധം ശക്തമാക്കി ലോകരാജ്യങ്ങൾ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി അമേരിക്കന്‍ പ്രസിഡന്റുമാർ വൈറ്റ് ഹൗസില്‍ മുസ്ലിം സമുദായത്തിലെ പ്രമുഖർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. സമുദായത്തിലെ നേതാക്കളെ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നേരിട്ട് കാണുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി അറിയിച്ചു. ഇഫ്താറിനുള്ള ക്ഷണം എന്തുകൊണ്ടാണ് സാമുദായിക നേതാക്കള്‍ നിരസിച്ചതെന്ന് ചോദ്യത്തിന് വിരുന്നിന് പകരം ചർച്ചയാണ് അവർ ആവശ്യപ്പെട്ടതെന്നായിരുന്നു കരീനിന്റെ മറുപടി. നിലവില്‍ ചർച്ചയ്ക്ക് മുന്‍ഗണന നല്‍കണമെന്നാണ് അവരുടെ നിലപാടെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറ് മാസമായി മുസ്ലിം സമുദായം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ ചർച്ചയും വെറുതെയാകുമെന്ന അഭിപ്രായവും അമേരിക്കന്‍ മുസ്ലിം സംഘടനാ പ്രതിനിധികള്‍ ഉയർത്തിയിട്ടുണ്ട്. എത്രയൊക്കെ ചർച്ചകള്‍ നടന്നാലും, എത്ര പ്രതിനിധികള്‍ പങ്കെടുത്താലും വൈറ്റ് ഹൗസ് മാറി ചിന്തിക്കാന്‍ തയാറാകില്ലെന്ന് പലസ്തീനിലെ അമേരിക്കന്‍ മുസ്ലിം വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന മുഹമ്മദ് ഹബെ വിമർശിച്ചു. ഇസ്രയേലിനുള്ള പിന്തുണ പിന്‍വലിക്കാതെ അമേരിക്കയിലെ മുസ്ലിം വിഭാഗത്തെ പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെടാന്‍ ബൈഡന് സാധിക്കില്ലെന്നും ഹബെ കൂട്ടിച്ചേർത്തു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണ ബൈഡന്‍ ഭരണകൂടം മുസ്ലിം, അറബ് വിഭാഗങ്ങളിലെ നേതാക്കന്മാരുമായി ചർച്ച നടത്തിയിട്ടുണ്ട്.

എല്ലാം വൈറ്റ് ഹൗസ് തീരുമാനിക്കും

ചർച്ചകളില്‍ ആരൊക്കെ പങ്കെടുക്കണമെന്നും എന്തൊക്കെ വിഷയങ്ങള്‍ അജണ്ടയില്‍ വരണമെന്ന് തീരുമാനിക്കുന്നത് വൈറ്റ് ഹൗസ് തന്നെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ചർച്ചയില്‍ പങ്കെടുക്കുന്നതിനായി വൈറ്റ് ഹൗസിനോട് ചേർന്ന് പ്രവർത്തിക്കുന്ന മുസ്ലിം അഭിഭാഷകന്‍ ചില അമേരിക്കന്‍ പലസ്തീന്‍ നേതാക്കളുടെ പേരുകള്‍ നിർദേശിച്ചെങ്കിലും ഭരണകൂടം നിരസിക്കുകയാണുണ്ടായതെന്നും വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എംഗേജ് ഉള്‍പ്പെടെയുള്ള മുസ്ലിം അഭിഭാഷക കൂട്ടായ്മകളും വൈറ്റ് ഹൗസിന്റെ ഇഫ്താർ ക്ഷണം നിരസിച്ചിട്ടുണ്ട്. ബൈഡന്റെ ഇസ്രയേല്‍ പിന്തുണ തന്നെയാണ് കാരണം.

നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്ന്   റദ്ദാക്കി വൈറ്റ് ഹൗസ്; എന്തുകൊണ്ട്?
ഇസ്രയേലിലേക്ക് നിര്‍മാണ തൊഴിലാളികളായി ഇന്ത്യക്കാര്‍, ആദ്യം സംഘം പുറപ്പെട്ടു; സംഘര്‍ഷം തുടരുന്നതിനിടെ സുരക്ഷ ആശങ്ക

അമേരിക്കയുടെ ഇസ്രയേല്‍ താല്‍പ്പര്യം

ഇസ്രയേലിന്റെ ആക്രമണം വർധിക്കുമ്പോഴും ആയുധ വിതരണം നിർത്താന്‍ ബൈഡന്‍ ഭരണകൂടം തയാറായിട്ടില്ല. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ മുപ്പത്തിമൂവായിരത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇടയ്ക്കിടെ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ കടുക്കുമ്പോള്‍ ആശങ്ക അറിയിക്കുക മാത്രമാണ് അമേരിക്ക ഇതുവരെ ചെയ്തിട്ടുള്ളത്. ആശങ്ക പ്രകടിപ്പിക്കുമ്പോഴും സഖ്യകക്ഷിയെ തള്ളിപ്പറയാന്‍ തയാറായിട്ടില്ല.

ഗാസ വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ക്ക് ഫലമില്ല എന്നതിന്റെ തെളിവാണ് ഇസ്രയേലിന് ബൈഡന്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയെന്ന് അമേരിക്കന്‍ അറബ് ആന്റി ഡിസ്ക്രിമിനേഷന്‍ കമ്മിറ്റിയുടെ (എഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ ആബേദ് ആയൂബ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബൈഡന്‍ അമേരിക്കന്‍ മുസ്ലിം വിഭാഗങ്ങളുടെ കാഴ്ചപ്പാട് നേരിട്ട് അറിയേണ്ടത് ആവശ്യമാണെന്ന് ബ്ലാക്ക് മുസ്ലിം ലീഡർഷിപ്പ് കൗണ്‍സിലിന്റെ നേതാവായ സലീമ സുസ്‌വെല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in