കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍

കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍

വര്‍ഷാരംഭത്തില്‍ സ്വാസിക നായികയായ വാസന്തിയായിരുന്നു റീലിസിന് എത്തിയ ആദ്യ ചിത്രം

മലയാള സിനിമയില്‍ അഭിനേത്രികള്‍ കൈയടിനേടിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ നായികമാരായും ക്യാരക്ടക്ടര്‍ റോളുകളിലും നടിമാര്‍ തിളങ്ങി. വര്‍ഷം അവസാനിക്കുമ്പോള്‍ കരിയറിലെതന്നെ ഏറ്റവും മികച്ച വേഷവുമായി അനശ്വര രാജനും സംസ്ഥാന പുരസ്‌ക്കാരത്തിന്റെ നിറവില്‍ വിന്‍സി അലോഷ്യസും സ്വാസികയും വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ അനാര്‍ക്കലി മരിക്കാറും മികച്ച അഭിപ്രായം നേടിയ നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ട്.

വര്‍ഷാരംഭത്തില്‍ സ്വാസിക നായികയായ വാസന്തിയായിരുന്നു റീലിസിന് എത്തിയ ആദ്യ ചിത്രം, ബി 32 മുതല്‍ 44 വരെ, സുലൈഖ മന്‍സില്‍, അമല തുടങ്ങിയ ചിത്രങ്ങളിലൂടെ അനാര്‍ക്കലി മരിക്കാറുമെത്തി. രേഖയും ഫേസ് ഓഫ് ഫേസ്ലെസുമായി വിന്‍സിയും തമിഴ് ഹിന്ദി മലയാളം ഭാഷകളിലായി 5 ചിത്രങ്ങളുമായി അനശ്വരയും കൈയടി നേടി.

സ്വാസികയുടെ വാസന്തി

നടി സ്വാസികയ്ക്ക് സംസ്ഥാന പുരസ്‌ക്കാരം നേടികൊടുത്ത വാസന്തി 2023 ലാണ് തീയേറ്ററുകളില്‍ എത്തിയത്. ഷിനോസ് റഹ്‌മാനും സജാസ് റഹ്‌മാനും ചേര്‍ന്ന് എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് നടന്‍ സിജു വില്‍സണ്‍ ആണ്. വാസന്തി എന്ന സ്ത്രീയുടെ 25 വയസ് മുതല്‍ 35 വയസ് വരെയുള്ള കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. 2019 ലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. പിന്നീട് വിവിധ മേളകളില്‍ പങ്കെടുത്ത ചിത്രം 2023 ല്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.

രേഖയും ഫേസ് ഓഫ് ഫേസ്‌ലെസുമായി വിന്‍സിയും

വിന്‍സിയെ സംസ്ഥാന പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രേഖ. വര്‍ഷത്തിന്റെ തുടക്കത്തില്‍ രേഖയുമായി എത്തിയ വിന്‍സി വര്‍ഷാവസാനത്തില്‍ ഫേസ് ഓഫ് ഫേസ്‌ലെസുമായി എത്തി. തന്നെ ചൂഷണം ചെയ്തവര്‍ക്കെതിരെ പ്രതികാരം നടത്തുന്ന രേഖയെന്ന പെണ്‍കുട്ടിയെയായിരുന്നു വിന്‍സി ചിത്രത്തില്‍ അവതരിപ്പിച്ചത്.

സിസ്റ്റര്‍ റാണി മരിയയായി വിന്‍സിയെത്തിയ ചിത്രമായിരുന്നു ഫേസ് ഓഫ് ഫേസ്‌ലെസ്. മധ്യപ്രദേശിലെ ഉള്‍ഗ്രാമത്തിലുള്ളവര്‍ക്കൊപ്പമുള്ള സിസ്റ്റര്‍ റാണി മരിയയുടെ ജീവിതമായിരുന്നു ചിത്രം അവതരിപ്പിച്ചത്. റിയല്‍ ലൈഫ് ക്യാരക്ടറിനെ അവതരിപ്പിച്ച വിന്‍സിയുടെ പ്രകടനം ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

വ്യത്യസ്ത സിനിമകളുമായി അനാര്‍ക്കലി മരിക്കാര്‍

2023 അനാര്‍ക്കലി മരിക്കാറുടെ കൂടി വര്‍ഷമായിരുന്നു. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തില്‍ ട്രാന്‍സ്‌മെന്‍ കഥാപാത്രമായും അമല എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലുമെത്തിയ അനാര്‍ക്കലി സുലെഖമന്‍സില്‍ എന്ന ചിത്രത്തില്‍ ഹാലയായും തിളങ്ങി. മൂന്നും മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നു.

സുലെഖമന്‍സിലെ പാട്ടുകളും അനാര്‍ക്കലിയുടെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായ വര്‍ഷം കൂടിയായിരുന്നു 2023. 5 സിനിമകളായിരുന്നു അനാര്‍ക്കലിയുടെതായി 2023 ല്‍ തീയേറ്ററുകളില്‍ എത്തിയത്.

കരിയര്‍ ബെസ്റ്റുമായി അനശ്വര, ഞെട്ടിച്ച വിന്‍സി, കൈയടി നേടിയ അനാര്‍ക്കലി; 2023 ല്‍ താരങ്ങളായ നായികമാര്‍
അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും

ഞെട്ടിച്ച അനശ്വര രാജന്‍

2023 അവസാനിക്കുമ്പോള്‍ ഈ വര്‍ഷം സ്വന്തമാക്കിയത് അനശ്വരയാണ്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി അഞ്ച് ചിത്രങ്ങളാണ് അനശ്വര അഭിനയിച്ചത്. തമിഴ് ചിത്രം തഗ്‌സ്, പ്രണയവിലാസം, പദ്മിനി, ആദ്യ ഹിന്ദി ചിത്രമായ യാരിയാന്‍ 2, നേര് തുടങ്ങിയ ചിത്രങ്ങളായിരുന്നു 2023 ല്‍ അനശ്വരയുടെതായി റിലീസ് ചെയ്തത്.

ഇതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും പ്രകടനവുമാണ് അനശ്വര നേരില്‍ കാഴ്ച വെച്ചത്. അന്ധയായ ശില്‍പി സാറയായി അനശ്വരയുടെ ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. വര്‍ഷവസാനം എത്തിയ ചിത്രം അമ്പത് കോടി ക്ലബില്‍ ഇതിനോടകം കയറി.

logo
The Fourth
www.thefourthnews.in