അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും

അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും

2023 ലെ മികച്ച കഥാപാത്രങ്ങളെ എടുക്കുമ്പോൾ ഈ രണ്ട് നടന്മാരുടെയും കഥപാത്രങ്ങളും പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്

2023 അവസാനിക്കുമ്പോൾ മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നിരവധി താരങ്ങളുടെ പ്രകടനങ്ങളാണ് സിനിമ പ്രേമികൾക്ക് മലയാളത്തിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നായകനടന്മാർ മുതൽ സ്വഭാവനടന്മാരായി ഞെട്ടിച്ചവരും ഈ കൂട്ടത്തിൽ ഉണ്ട്. ഇതിൽ എടുത്ത് പറയേണ്ട രണ്ട് നടന്മാരാണ് ജഗദീഷും അജുവർഗീസും.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടേക്കാവുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി, പ്രേക്ഷകരെ കൊണ്ട് കൈയടിപ്പിക്കുന്ന ഗംഭീര പ്രകടനങ്ങളാണ് ഇരുവരും 2023 ൽ വിവിധ സിനിമകളിലൂടെ കാഴ്ച വെച്ചത്. തങ്ങൾ സ്ഥിരമായി ചെയ്ത് വന്നിരുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്തതോടെ നടന്മാർക്കും ആരാധകർക്കും അത് പുതിയ അനുഭവമായി മാറി.

അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും
ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

പത്ത് സിനിമകളാണ് ജഗദീഷിന്റെതായി 2023 ൽ എത്തിയത്. 8 സിനിമകളും ഒരു സീരിസുമായി അജുവർഗീസും 2023 ൽ എത്തി. 2023 ലെ മികച്ച കഥാപാത്രങ്ങളെ എടുക്കുമ്പോൾ ഈ രണ്ട് നടന്മാരുടെയും കഥാപാത്രങ്ങളും പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്.

ഇരുവരുടെയും സിനിമ കരിയറിലും ചില സമാനതകളുണ്ട്. കോമഡി കഥാപാത്രങ്ങളിലുടെ സിനിമയിൽ എത്തിയ ജഗദീഷും അജുവർഗീസും മികച്ച കോമേഡിയന്മാർ എന്ന് പേര് നേടിയ ശേഷമാണ് കരിയറിന്റെ അടുത്ത ഘട്ടമായി ക്യാരക്ടർ റോളുകളിലേക്ക് തിരിഞ്ഞത്. 2023 ൽ ജഗദീഷിന്റെയും അജുവർഗീസിന്റെതുമായി എത്തിയ മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളുമേതൊക്കെയാണെന്ന് നോക്കാം.

അഭിനയത്തിൽ സ്വയം പുതുക്കിയ താരങ്ങൾ; 2023 ൽ കെെയടി നേടി ജഗദീഷും അജുവർഗീസും
ആരാധകരെ ഇതിലെ; ആടുജീവിതത്തിന്റെ ഭാഗമാകാൻ ആരാധകർക്കും അവസരം, ഫാൻ ആർട് ഇവന്റുമായി അണിയറപ്രവർത്തകർ

പുരുഷപ്രേതം

2023 ലെ ജഗദീഷിന്റെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു പുരുഷപ്രേതം സിനിമയിലെ സിപിഒ ദിലീപ് എന്ന കഥാപാത്രം. കണ്ടു പഴകിയ പോലീസ് വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായി ജഗദീഷ് അവതരിപ്പിച്ച ഈ വേഷം തൊട്ടുമുമ്പ് അവതരിപ്പിച്ച റോഷാക്കിലെ പോലീസ് വേഷവുമായി ഒരു ബന്ധവുമില്ലാത്തത് ആയിരുന്നു. ക്രൈം കോമഡിയായി ഒരുക്കിയ പുരുഷ പ്രേതം സംവിധാനം ചെയ്തത് ക്രിഷാന്ത് ആയിരുന്നു.

പൂക്കാലം

ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിൽ രണ്ട് കാലഘട്ടങ്ങളിലായി എത്തുന്ന കൊച്ചൗസേപ്പ് എന്ന കഥാപാത്രമായിട്ടായിരുന്നു ജഗദീഷ് എത്തിയത്. യുവാവ് ആയ കൊച്ചൗസേപ്പ് ആയും വയോധികനായ കൊച്ചൗസേപ്പ് ആയും പൂക്കാലത്തിൽ ജഗദീഷ് മികച്ച പ്രകടനം കാഴ്ച വെച്ചു.

അയൽവാശി

ചെറിയ റോളായിരുന്നെങ്കിലും പ്രേക്ഷകനിൽ ചിരിയുണർത്തിയ കഥാപാത്രമായിരുന്നു അയൽവാശിയിലേത്. ചിത്രത്തിൽ ബിനു പപ്പു അവതരിപ്പിച്ച ബെന്നിയുടെ ഭാര്യാപിതാവിന്റെ റോളിലായിരുന്നു ജഗദീഷ് ചിത്രത്തിൽ എത്തിയത്. നവാഗതനായ ഇർഷാദ് പരാരിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഗരുഡൻ

2023 ൽ ജഗദീഷിന്റെ വ്യത്യസ്തമായ മറ്റെരു കഥാപാത്രമായിരുന്നു ഗരുഡനിലെ സലാം എന്ന കഥാപാത്രം. ഒരു കുറ്റകൃതൃത്തിലെ ദൃക്‌സാക്ഷിയായ, പിന്നീട് തികഞ്ഞ മദ്യപാനിയായി മാറിയ സലാമിനെ ജഗദീഷ് മികച്ചതാക്കി.

ഫാലിമി

ബേസിൽ ജോസഫിനൊപ്പമെത്തിയ ഫാലിമിയിലെ അച്ഛൻ കഥാപാത്രം ജഗദീഷ് എന്ന അഭിനേതാവിന്റെ പ്രതിഭ വിളിച്ചോതുന്ന കഥാപാത്രമായിരുന്നു. ഒരിടവേളക്ക് ശേഷം മഞ്ജുപിള്ള ജഗദീഷ് ജോഡികൾ വെള്ളിത്തിരയിൽ എത്തിയതും പ്രേക്ഷകർക്ക് ഇരട്ടിമധുരമായി. കാശിയിലേക്ക് യാത്രതിരിച്ച തലതിരിഞ്ഞ കുടുംബത്തിന്റെ തല തിരിഞ്ഞ നാഥനായ ജഗദീഷിന്റെ കഥാപാത്രത്തിന് റിലീസിന് പിന്നാലെ മികച്ച അഭിപ്രായമാണ് നേടാനായത്.

നേര്

വർഷാവസാനം ജഗദീഷിന്റെതായി തീയേറ്ററിൽ എത്തിയ കഥാപാത്രമായിരുന്നു നേരിലെ മുഹമ്മദ്. ശിൽപിയായ സാറയുടെ രണ്ടാനച്ഛനായ മുഹമ്മദ് വിവിധ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയായിട്ടാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തില മോഹന്‍ലാലിന്‍റെയും അനശ്വരയുടെയും സിദ്ധിഖീന്‍റെയും കഥാപാത്രത്തിനൊപ്പം ജഗദീഷിന്‍റെ കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.

അജുവർഗീസിന്റെ നദികളിൽ സുന്ദരി യമുനയും ഫീനിക്‌സും

2023 ൽ അജുവിന്റെതായി തീയേറ്ററുകളിൽ എത്തിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു നദികളിൽ സുന്ദരി യമുനയും ഫീനിക്‌സും. ലുക്കിലും മാനറിസത്തിലും വ്യത്യാസം നൽകി അജു അവതരിപ്പിച്ച നദികളിൽ സുന്ദരി യമുനയിലെ വിദ്യാധരൻ എന്ന കഥാപാത്രം റിലീസിന് പിന്നാലെ ശ്രദ്ധ നേടിയിരുന്നു. വര്‍ഷാവസാനം അജുവിന്റേതായി തീയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഫീനിക്‌സ്. മിഥുൻ മാനുവൽ തിരക്കഥ രചിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഡ്വക്കേറ്റ് ജോൺ വില്യംസ് ആയിട്ടായിരുന്നു അജുവെത്തിയത്.

കേരള ക്രൈംസ്റ്റോറി

ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ആദ്യത്തെ മലയാളം സീരിസ് ആയിരുന്നു കേരള ക്രൈംസ്റ്റോറി. ഹെലൻ എന്ന ചിത്രത്തിന് ശേഷം അജു വർഗീസ് പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് കൂടിയായിരുന്നു ഈ സീരിസ്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് ആയിട്ടായിരുന്നു അജു സീരിസിൽ അഭിനയിച്ചത്.അജുവിന്റെ ഏറ്റവും സേഫ് സോണായ കോമഡി ട്രാക്കിൽ നിന്ന് തീർത്തും മാറി നിന്നായിരുന്നു എസ് ഐ മനോജിനെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in