BUSINESS

ഫ്ലോറിഡ ഗവർണറുമായി തർക്കം; 82,000 കോടിയുടെ കോർപ്പറേറ്റ് ക്യാമ്പസ് പദ്ധതി ഉപേക്ഷിച്ച് വാൾട്ട് ഡിസ്നി

വെബ് ഡെസ്ക്

ഒരു ബില്യൺ ഡോളർ (82,000 കോടി ഇന്ത്യൻ രൂപ) മുതൽ മുടക്കിൽ ഫ്ലോറിഡയിൽ നിർമിക്കാനിരുന്ന കോർപ്പറേറ്റ് ക്യാമ്പസ് പദ്ധതി ഉപേക്ഷിച്ച് അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി വാൾട്ട് ഡിസ്നി. ഡിസ്നിയും ഫ്ലോറിഡ ​ഗവർണർ റോൺ ഡിസാന്റിസിന്റെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള കലഹം രൂക്ഷമാകുന്നതിനിടെയാണ് തീരുമാനം. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലൂടെയാണ് കമ്പനി വിവരമറിയിച്ചത്. പദ്ധതി പ്രഖ്യാപിച്ചതുമുതൽ വന്ന ബിസിനസ്സിലെ മാറ്റങ്ങളും മറ്റ് പല സാഹചര്യങ്ങളും കാരണമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി ഇമെയിലിൽ പറയുന്നു.

നവംബറിൽ ഡിസ്നി മുൻ സിഇഒ ബോബ് ചാപെക്ക് വിരമിച്ച ശേഷം പുതിയ നേത‍ൃത്വം കമ്പനി ഏറ്റെടുത്തതോടെയാണ് പദ്ധതി ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നും ഇമെയിലിൽ പറയുന്നു. ഒർലാൻഡോയ്ക്ക് സമീപമുള്ള നോന തടാകത്തിലെ ഡിസ്നി സമുച്ചയത്തിലേക്ക് ഏകദേശം 2,000 ജീവനക്കാരെ മാറ്റാനായിരുന്നു പദ്ധതി. ജീവനക്കാർക്ക് 120,000 ഡോളർ (ഒരു കോടി ഇന്ത്യൻ രൂപ) വാർഷിക വേതനം നൽകാനായിരുന്നു തീരുമാനം.

ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഡിസാന്റിസിനെ കുറിച്ചോ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെങ്കിലും, ഡിസ്നിയും ഫ്ലോറിഡ നിയമനിർമാതാക്കളും തമ്മിൽ വർദ്ധിച്ചുവരുന്ന ഭിന്നതയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചതെന്ന് വ്യക്തമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം രണ്ട് വർഷം മുമ്പാണ് ഡിസ്നി പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതിയിൽ പിന്നീട് പുരോ​ഗതിയൊന്നുമുണ്ടായില്ല. അത് യാഥാർത്ഥ്യമാകുമോ എന്നത് സർക്കാരിനും ഉറപ്പുണ്ടായിരുന്നില്ലെന്നും ഡിസാന്റിസ് പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ സാമ്പത്തിക ഞെരുക്കം, മൂലധനത്തിലെ ഇടിവ്, ഓഹരി വില ഇടിവ് എന്നിവ കണക്കിലെടുക്കുമ്പോൾ, അവരുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതും വിജയിക്കാൻ സാധ്യതയില്ലാത്ത പദ്ധതികൾ റദ്ദാക്കുന്നതും അതിശയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവിന്റെ കൂടെ അമേഠിയിലേക്ക്; വന്‍മരങ്ങളുടെ നിഴലായി നിന്ന കിശോരിലാല്‍ ശര്‍മ, ഇനി സ്മൃതി ഇറാനിയുടെ എതിരാളി

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം

കൊച്ചിയിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊതിയിലാക്കി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേഠിയില്‍ കിഷോരിലാൽ ശർമ, സസ്‌പെന്‍സുകള്‍ക്ക് വിരാമം

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'