ENTERTAINMENT

തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

രവി മേനോന്‍

വാക്കുകളിൽ പ്രണയം, വരികളിൽ പ്രണയം, അക്ഷരങ്ങളിൽ പോലും പ്രണയം. ഈണത്തിലും വാദ്യവിന്യാസത്തിലും അതിലേറെ പ്രണയം. ആലാപനത്തിൽ നിന്ന് മാത്രം പ്രണയം അകന്നുപോയാലോ? "ലവ് ബേഡ്"സിലെ പാട്ട് റെക്കോർഡ് ചെയ്ത് എ ആർ റഹ്‌മാന്റെ പഞ്ചാത്തൻ ഇൻ സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചിത്രയുടെ വേവലാതി അതായിരുന്നു.

എങ്ങനെ വേവലാതിപ്പെടാതിരിക്കും? പതിവില്ലാത്ത അനുഭവത്തിലൂടെ കടന്നുപോയ ദിവസമല്ലേ ? "അന്ന് കാലത്താണ് റെക്കോഡിംഗിന്റെ കാര്യം സ്റ്റുഡിയോയിൽ നിന്ന് വിളിച്ചുപറയുന്നത്."-- ചിത്രയുടെ ഓർമ്മ. ചെന്നയുടൻ വൈരമുത്തു സാറിന്റെ വരികൾ വായിച്ചുനോക്കി. ലളിതമെങ്കിലും കാവ്യഭംഗിയാർന്ന രചന. മനോഹരമായ പ്രണയഗാനമാണ്. പാട്ട് പഠിച്ച ശേഷം അതിന്റെ മൂഡ് പൂർണ്ണമായി ഉൾക്കൊണ്ട് മൈക്കിന് മുന്നിൽ ചെന്നു പാടിത്തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ആ "ഇടപെടൽ."

പാട്ട് പല്ലവി കടന്ന് ചരണത്തിലേക്ക് പ്രവേശിക്കേ സംഗീത സംവിധായകൻ റഹ്‌മാൻ വോയ്‌സ് ബൂത്തിൽ വന്ന് ഗായികയോട് ചോദിക്കുന്നു: "എന്താ നല്ല സുഖം തോന്നുന്നില്ലേ?" അത്ഭുതം തോന്നിയെന്ന് ചിത്ര. "ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല അന്ന് . പാട്ടിന്റെ ഭാവം ഉൾക്കൊണ്ട് ലയിച്ചു പാടിക്കൊണ്ടിരിക്കുകയാണ്. അഥവാ അതായിരുന്നു വിശ്വാസം. പിന്നെന്തായിരിക്കണം റഹ്‌മാൻ സാറിന് അങ്ങനെ തോന്നാൻ ?" ആലാപനം അടുത്ത ചരണത്തിലേക്ക് കടക്കവേ വീണ്ടും റഹ്‌മാന്റെ ചോദ്യം: "എന്ത് പറ്റി? മൂഡ് ശരിയല്ല, അല്ലേ ? ആകെ അപ്സെറ്റ് ആയപോലെ. എന്താണ് പ്രശ്നം?" ഇത്തവണ ശരിക്കും ടെൻഷനടിച്ചു പോയി ചിത്ര.

"സംഗീത സംവിധായകനെ കുറ്റം പറഞ്ഞുകൂടാ. സ്വന്തം സൃഷ്ടി ഗംഭീരമാകണം എന്ന ആഗ്രഹത്തോടെയാവുമല്ലോ നമ്മളെ പാടാൻ വിളിക്കുക. ആ പ്രതീക്ഷക്കൊത്ത് നമുക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് പരിഭവം തോന്നുക സ്വാഭാവികം." പക്ഷേ എന്തുകൊണ്ടാണ് റഹ്‌മാന് അങ്ങനെയൊരു സംശയം ഉണ്ടായതെന്ന് ഇന്നുമറിയില്ല തനിക്കെന്ന് ചിത്ര. "കഴിയുന്നത്ര നന്നായി പാട്ട് പാടിക്കഴിഞ്ഞിട്ടും ഉള്ളിൽ വേവലാതി മാത്രം. ഈശ്വരാ, ഞാൻ പാടിയത് ശരിയായില്ലേ? അദ്ദേഹത്തിന് നിരാശ തോന്നിയിരിക്കുമോ? മൂന്നോ നാലോ തവണ ആവർത്തിച്ചു ചോദിച്ചതുകൊണ്ട് സ്വാഭാവികമായി തോന്നിയ സംശയം. പതിവില്ലാത്ത കാര്യമല്ലേ? "

റെക്കോഡിംഗ് കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയിട്ടും ആശങ്ക മനസിനെ വിട്ടൊഴിയുന്നില്ല. യുഗ്മഗാനമാണ്. എങ്കിലും ആരാണ് കൂടെ പാടുന്നത് എന്നറിയില്ല. പടത്തിന്റെ ഓഡിയോ കാസറ്റ് പുറത്തിറങ്ങിയപ്പോഴാണ് സഹഗായകൻ ഹരിഹരൻ ആണെന്നറിഞ്ഞത്. അളവറ്റ ആകാംക്ഷയുണ്ടായിരുന്നു ആദ്യമായി പാട്ട് കേൾക്കുമ്പോൾ. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയണമല്ലോ. ആദ്യ കേൾവിയിൽ കുഴപ്പമൊന്നും തോന്നിയില്ല. എങ്കിലും നല്ല അഭിപ്രായങ്ങൾ വന്നുതുടങ്ങിയപ്പോഴാണ് സമാധാനമായത്. പതുക്കെ പതുക്കെ പാട്ട് ഹിറ്റാകുകയും ചെയ്‌തു.

പിന്നീടൊരിക്കൽ റഹ്‌മാനോട് ചിത്ര നേരിട്ട് ചോദിച്ചിട്ടുണ്ട്; എന്തായിരുന്നു അന്നങ്ങനെ ഒരു സംശയം തോന്നാൻ കാരണമെന്ന്. അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്. അത്ഭുതം! അപ്പോഴേക്കും അങ്ങനെയൊരു സംഭവം തന്നെ മറന്നുപോയിരുന്നു അദ്ദേഹം. "പക്ഷേ എനിക്ക് മറക്കാൻ പറ്റുമോ?"-- ചിത്ര ചിരിക്കുന്നു.

ഓർക്കുക: ഇരുപത്തെട്ട് വർഷത്തിനിപ്പുറവും സംഗീതാസ്വാദകരുടെ ചുണ്ടിലും മനസിലുമുണ്ട് "ലവ് ബേഡ്"സിലെ ആ ഗാനം. എ ആർ റഹ്‌മാന്റെ, വൈരമുത്തുവിന്റെ, ചിത്രയുടെ, ഹരിജിയുടെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്നായി ചരിത്രത്തിൽ ഇടം നേടിയ പാട്ട്. എന്റെയും ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്ന്.

"മലർകളേ മലർകളേ ഇത് എന്ന കനവാ,

മലൈകളേ മലൈകളേ ഇത് എന്ന നിനൈവാ,

ഉരുകിയതേ എനതുള്ളം

പെരുകിയതേ വിഴിവെള്ളം

വിണ്ണോടും നീതാൻ മണ്ണോടും നീതാൻ

കണ്ണോടും നീതാൻ വാ വാ..."

കണ്മുന്നിൽ കാണുന്നത് സ്വപ്നമോ മിഥ്യയോ എന്നറിയാതെ വിസ്മയിച്ചു നിൽക്കുന്ന കാമുകി. ഹൃദയമുരുകുകയാണ്; മിഴികളിൽ നനവ് പടരുകയും. മണ്ണിലും വിണ്ണിലും കണ്ണിലുമെല്ലാം നീ മാത്രം.... ബോക്സോഫീസിൽ കഷ്ടിച്ച് രക്ഷപ്പെട്ട പ്രഭു ദേവ -- നഗ്‌മ ടീമിന്റെ "ലവ് ബേഡ് സ്‌" (1996) എന്ന പടം ഇന്ന് നമ്മൾ ഓർക്കുന്നത് പോലും ഈ പാട്ടിന്റെ പേരിലല്ലേ?

മറക്കാനാവില്ല, പ്രണയം പൂത്തുലഞ്ഞുനിൽക്കുന്ന വൈരമുത്തുവിന്റെ വരികൾ. "പൂവിൽ നാവിരുന്താൽ കാറ്റ്റ് വായ് തിറന്താൽ, കാതൽ കാതൽ എൻട്രു പേശും; നിലാ തമിഴ് അറിന്താൽ അലൈ മൊഴി അറിന്താൽ നം മേൽ കവി എഴുതി വീശും, വാഴ് വോട് വളർപിറൈ താനേ വണ്ണനിലവേ നിലവേ... വാനോടു നീലം പോലെ ഇഴൈന്ത് കൊണ്ടത് ഇന്ത ഉറവേ, ഉറങ്കാത നേരം കൂട ഉന്തൻ കനവെ കനവെ, ഊനോടു ഉയിരേ പോലെ ഉറൈന്ത് പോനത് താൻ ഉറവേ, മറക്കാത് ഉൻ രാഗം മരിക്കാത് എൻ ദേഹം, ഉനക്കാക്ക ഉയിർ വാഴ്‌വെൻ വാ എൻ വാഴ് വേ വാ..."

സരസ്വതി, ഹമീർ കല്യാണി രാഗങ്ങളുടെ സ്പർശമുള്ള ഗാനം. "സിനിമാഗാനങ്ങളിൽ ഈണത്തിന് ഫ്രഷ്‌നെസ്സ് അനുഭവപ്പെടുത്താൻ കഴിയണം. അതത്ര എളുപ്പമല്ല; മിക്ക രാഗങ്ങളും നമ്മുടെ പൂർവികർ പാട്ടുകളിൽ ഉപയോഗിച്ച് കഴിഞ്ഞതാണല്ലോ. രാഗങ്ങളെ വെസ്റ്റേൺ നോട്ട്സ് പോലെ ഉപയോഗിക്കുന്നതാണ് എന്റെ ശൈലി. അതുകൊണ്ടുതന്നെ നിങ്ങൾ കേട്ടു ശീലിച്ച രീതിയിലാവില്ല ഈ രണ്ടു രാഗങ്ങളും പാട്ടിൽ ഞാൻ ഉപയോഗിച്ചിരിക്കുക." -- റഹ്‌മാന്റെ വാക്കുകൾ.

അർധശാസ്ത്രീയ സ്പർശമുള്ള ഈണമാണെങ്കിലും ഓർക്കസ്ട്രേഷനിലെ വെസ്റ്റേൺ ടച്ച് ശ്രദ്ധേയം. സ്റ്റീൽ ഫ്ലൂട്ടും ഇലക്ട്രിക്ക് പിയാനോയും മാൻഡലിനും വയലിനുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മാജിക്കിൽ പ്രസന്നയുടെയും കീത്ത് പീറ്റേഴ്‌സിന്റെയും ഗിറ്റാർ നോട്ടുകൾ കൂടി കലരുമ്പോൾ പ്രണയനാദങ്ങളുടെ മനോഹരമായ ഒരു സിംഫണിയായി മാറുന്നു "മലർകളെ മലർകളെ.." കാലത്തിനതീതമായ സിംഫണി.

മൂന്ന് പതിറ്റാണ്ടിനിടെ കാലമേറെ മാറിയിരിക്കാം; ജീവിതം മാറിമറിഞ്ഞിരിക്കാം; പ്രണയസങ്കല്പങ്ങൾ അടിമുടി ഉടച്ചുവാർക്കപ്പെട്ടിരിക്കാം. എങ്കിലെന്ത്? തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് പ്രണയസുഗന്ധം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു ഇന്നും "മലർകൾ."

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി