നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?

നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?

പ്രേംനസീറുമായുള്ള ഗാനത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ‍ ജയഭാരതി ഓടി വന്ന് കൃഷ്ണചന്ദ്രന്റെ തൊട്ടടുത്ത കസേരയിൽ ഇരുന്നു. വാ പൊത്തിപ്പിടിച്ചു ചിരിച്ചു കൊണ്ടാണ് വരവ്

ചെന്നൈ സാലിഗ്രാമത്തിലെ മുരുകാലയ സ്റ്റുഡിയോയിൽ "മുദ്രമോതിരം" എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. നടനും ഗായകനുമായ കൃഷ്ണചന്ദ്രനുമുണ്ട് കാഴ്ച്ചക്കാർക്കിടയിൽ‍. രതിനിർവേദത്തിന്റെ ഡബ്ബിംഗിനായി ചെന്നൈയിൽ എത്തിയതാണ് കൃഷ്ണചന്ദ്രൻ. ഇടയ്ക്ക് കുറച്ച് സമയം വീണു കിട്ടിയപ്പോൾ ശശികുമാർ ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ‍ മോഹം. രതിനിർവേദത്തിൽ തനിക്കൊപ്പം അഭിനയിച്ച ജയഭാരതി തന്നെ മുദ്രമോതിരത്തിലും നായിക . നായകനാകട്ടെ നിത്യഹരിതനായകൻ പ്രേംനസീറും.

ചെന്നപ്പോൾ സ്റ്റുഡിയോയിൽ വലിയൊരു പൂന്തോട്ടത്തിന്റെ സെറ്റിട്ടിരിക്കുകയാണ്. പൂക്കളും മരങ്ങളും പുൽക്കുടിലും ഒക്കെയുള്ള ഒന്നാന്തരം ഒരു ഉദ്യാനം. പൂച്ചെടികൾക്ക് ഇടയിലൂടെ ജയഭാരതിയുമായി കൈകോർത്തു നടന്ന് പ്രണയ ഗാനം പാടുന്നു നസീർ, "മഴമുകിൽ ചിത്രവേല മകയിരം ഞാറ്റുവേല..'' പതിവ് ശൈലിയിൽ ഇടയ്ക്കിടെ നസീർ നായികയെ കെട്ടിപ്പിടിക്കുന്നു, കവിളത്തു മുഖം ഉരസുന്നു, മടിയിൽ കിടക്കുന്നു...

ജയഭാരതി പറഞ്ഞു: "പാട്ടിന്റെ ഇടയ്ക്ക് നസീർ സാർ‍ എന്‍റെ ചെവിയുടെ അടുത്തേക്ക്‌ മുഖം കൊണ്ടുവന്നത് കണ്ടില്ലേ? എന്തിനായിരുന്നു അതെന്നറിയാമോ?''

ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ‍ ജയഭാരതി ഓടി വന്ന് കൃഷ്ണചന്ദ്രന്റെ തൊട്ടടുത്ത കസേരയിൽ ഇരുന്നു. വാ പൊത്തിപ്പിടിച്ചു ചിരിച്ചു കൊണ്ടാണ് വരവ്. കൗതുകത്തോടെ കാര്യം ആരാഞ്ഞപ്പോൾ ജയഭാരതി പറഞ്ഞു: "പാട്ടിന്റെ ഇടയ്ക്ക് നസീർ സാർ‍ എന്‍റെ ചെവിയുടെ അടുത്തേക്ക്‌ മുഖം കൊണ്ടുവന്നത് കണ്ടില്ലേ? എന്തിനായിരുന്നു അതെന്നറിയാമോ?'' നിഷേധാർത്ഥത്തിൽ ‍ കൃഷ്ണചന്ദ്രൻ തലയാട്ടിയപ്പോൾ ജയഭാരതിയുടെ മറുപടി: "എന്‍റെ ചെവിയിൽ മന്ത്രിക്കുകയാണ് അദ്ദേഹം, ഭാരതീ, പാട്ടിന്റെ അടുത്ത വരി മറന്നുപോയല്ലോ എന്ന്. ചിരി വന്നുപോയി എനിക്ക്. റീടേക്ക് വേണ്ടി വരുമെന്ന് ഉറപ്പിച്ചതാണ്. പക്ഷെ നസീർ സാർ‍ ബുദ്ധിപൂർ‍വ്വം ഒരു കാര്യം ചെയ്തു. മറന്നു പോയ വരി പാടേണ്ട സമയത്ത് അദ്ദേഹം എന്‍റെ മുടിയിൽ‍ ഒളിച്ചു.''

നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?
'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം

രസകരമായ ഈ അനുഭവം കൃഷ്ണചന്ദ്രൻ സ്വതസിദ്ധമായ ശൈലിയിൽ ആംഗ്യവിക്ഷേപങ്ങളോടെ അവതരിപ്പിക്കുന്നത് കേട്ടിരിക്കുമ്പോൾ ഓർമ്മ വന്നത് നസീറുമായുള്ള ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചയാണ്. കോഴിക്കോട് സിവിൽ‍ സ്റ്റേഷനിലെ ഏതോ മുറിയിൽ പഴയൊരു മരക്കസേരയിൽ ഇരുന്ന് തുടക്കക്കാരനായ പത്രലേഖകന്റെ ഒട്ടൊക്കെ ബാലിശമായ ചോദ്യങ്ങൾക്ക് ക്ഷമയോടെയും വിനയത്തോടെയും മറുപടി പറയുന്ന നിത്യകാമുകൻ . അഭിനയിച്ച നൂറു കണക്കിന് ഗാനരംഗങ്ങൾ ചർച്ചാവിഷയമായപ്പോൾ ചെറുചിരിയോടെ നസീർ പറഞ്ഞു, "പാടി അഭിനയിക്കാൻ‍ പൊതുവേ എനിക്ക് ഇഷ്ടമാണ്. പക്ഷെ പാട്ടിനിടയ്ക്ക് സ്വരങ്ങളും ഗമകങ്ങളും അതുപോലുള്ള കസർത്തുകളും ഒക്കെ കടന്നുവന്നാൽ വലയും. പിന്നെ ഒരൊറ്റ വഴിയേ ഉള്ളൂ. ഒപ്പമുള്ള നായികയുടെ മുടിയിൽ ഒളിക്കുക. ഷീലയുടെയും ഭാരതിയുടെയും ശാരദയുടെയും കെ ആർ വിജയയുടെയും ഒക്കെ മുടി അങ്ങനെ എത്രയെത്ര പ്രതിസന്ധിഘട്ടങ്ങളിലാണെന്നോ എന്‍റെ രക്ഷക്കെത്തിയിരിക്കുന്നത്.''

ഷീലയുടെയും ഭാരതിയുടെയും ശാരദയുടെയും കെ ആർ വിജയയുടെയും ഒക്കെ മുടി അങ്ങനെ എത്രയെത്ര പ്രതിസന്ധിഘട്ടങ്ങളിലാണെന്നോ എന്‍റെ രക്ഷക്കെത്തിയിരിക്കുന്നത്

പ്രേം നസീർ

ഒരിക്കൽ, ഒരെയോരിക്കൽ മാത്രമേ നസീർ ആ പതിവ് തെറ്റിച്ചിട്ടുള്ളൂ . അതൊരു വാശിയുടെ പുറത്തായിരുന്നു. ചെന്നൈയിലെ ന്യൂട്ടോൺ സ്റ്റുഡിയോയിൽ "ചിലമ്പൊലി" എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. ക്യാമറാമാൻ‍ കൂടിയായ ജി കെ രാമുവാണ് സംവിധായകൻ എങ്കിലും ഷൂട്ടിങ്ങിന്‍റെ മേൽ‍നോട്ടം വഹിക്കുന്നത് പടത്തിലെ മുഖ്യ നടൻ കൂടിയായ തിക്കുറിശ്ശി. അഭയദേവ് ഏഴുതി ദക്ഷിണാമൂർത്തി സംഗീതം നല്‍കിയ ഒരു അർദ്ധശാസ്ത്രീയ ഗാനം നസീർ പാടി രാഗിണി നൃത്തം ചെയ്യുന്ന രംഗമാണ് ഷൂട്ട്‌ ചെയ്യേണ്ടത്. പക്ഷെ ഷൂട്ടിങ് തുടങ്ങാറായപ്പോൾ സംവിധായകനും തിക്കുറിശ്ശിയും നായികയായ രാഗിണിയും തമ്മിലൊരു കുശുകുശുപ്പ്. സ്വരങ്ങളും ഗമകങ്ങളും ഒക്കെ ഉൾപ്പെടുത്തി ദ്രുതഗതിയിൽ‍ കമുകറ പാടിവച്ച പാട്ടിനൊത്ത് നസീറിനു ചുണ്ടനക്കാൻ ആവുമോ?

നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?
കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും

ക്യാമറ ട്രിക്ക് ‌ ഉപയോഗിച്ച് നസീറിന്റെ മുഖം ഫ്രെയിമിൽ വരാതെ അഡ്ജസ്റ്റ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു രാമുവിന്റെ ചിന്ത. വിവരമറിഞ്ഞപ്പോൾ നസീർ സംവിധായകനെ അടുത്തു വിളിച്ചു പറഞ്ഞു: "അത്രയും കഴിവുകെട്ടവനായി നിങ്ങളെന്നെ കാണരുത്. ക്യാമറ മുഖത്തിന്‌ അഭിമുഖമായിത്തന്നെ വച്ചോളൂ. ഞാൻ പാടാം,'' അവിശ്വസനീയതയായിരുന്നു കൂടി നിന്നവരുടെ മുഖത്ത്.

പക്ഷെ നസീർ വാക്ക് പാലിച്ചു. പാട്ടിന്റെ സഞ്ചാരപഥങ്ങളിലൂടെ ഒരു ശാസ്ത്രീയ സംഗീതജ്ഞനെ പോലെ അയത്നലളിതമായി അദ്ദേഹം യാത്ര ചെയ്തു. സ്വരങ്ങളെ ഔചിത്യപൂർവം വരുതിയിൽ നിറുത്തി. "ചില ദിവസങ്ങൾ അങ്ങനെയാണ്. ഏതു കൂരിരുളിലും ദൈവം നമുക്ക് വഴി കാണിച്ചു തരും. ഷൂട്ട്‌ ചെയ്ത രംഗം വൈകീട്ട് മൂവിയോളയിൽ ഇട്ടു കണ്ടപ്പോഴാണ് എല്ലാവരുടെയും മുഖം തെളിഞ്ഞത്. അത്രയും ഗൗരവപൂർവം മറ്റൊരു ഗാനരംഗവും ഞാൻ അഭിനയിച്ചിട്ടുണ്ടാവില്ല,'' സൗമ്യമായി ചിരിച്ചുകൊണ്ട് നസീർ പറഞ്ഞു.

എത്രയെത്ര പെൺകൊടിമാരുടെ ഹൃദയം കവർ‍ന്നിരിക്കാം ആ ചിരി എന്നോർക്കുകയായിരുന്നു ഞാൻ. ഞങ്ങളുടെ തലമുറയിലെ മിക്ക കുട്ടികളെയും പോലെ നസീറിന്റെ പടങ്ങൾ‍ കാണാൻ സിനിമാക്കൊട്ടകയിൽ‍ ഇടിച്ചുകയറിയിട്ടുണ്ട് ഞാനും. ചുണ്ടേൽ റോഷൻ ടാക്കീസിൽ ഏറെ വൈകിയാണ് ആ സിനിമകൾ എത്തുക. നേരത്തെ കാണണമെങ്കിൽ കൽപ്പറ്റ അനന്തപദ്മയിലോ വിജയയിലോ പോകണം. പക്ഷെ റോഷനിൽ മുൻ ബഞ്ചിൽ ഇരുന്നു ആഘോഷമായി കാണുന്നത്തിന്റെ ത്രിൽ മറ്റെവിടെ ചെന്നാലും കിട്ടില്ല . കെ പി ഉമ്മറിനെയും അയാളുടെ സിൽബന്ധികളായ ഗുണ്ടകളെയും നസീർ ഇടിച്ചു പഞ്ചറാക്കുന്നത് അടുത്തിരുന്നു കാണാൻ കഴിയുക അത്ര ചെറിയ കാര്യമാണോ. കഥയുടെ ലോജിക്കും ന്യായാന്യായങ്ങളും ഒന്നും അന്നു ഞങ്ങൾ കുട്ടിപ്രേക്ഷകരെ-ഒരു പരിധി വരെ മുതിർന്നവരെയും-സംബന്ധിച്ച് പ്രസക്തമേ ആയിരുന്നില്ല. നെറ്റിയിലെ വിയർപ്പു തുടച്ചു വിജയശ്രീലാളിതനായി നടന്നു വരുന്ന നസീറിനെ കണ്ടു കയ്യടിക്കണം. അതാണ്‌ പ്രധാനം. സർവഗുണങ്ങളുടെയും വിളനിലമായിരുന്ന ആ നായകന്‍റെ ചുറ്റുവട്ടത്ത് കിടന്ന് കറങ്ങുകയായിരുന്നല്ലോ അന്നു മലയാള സിനിമ.

നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?
മങ്കൊമ്പിന്റെ തൂലികയില്‍ പിറന്ന വയലാറിന്റെ ക്ലാസിക് ഗാനം

എന്നെങ്കിലും നസീറിനെ ഒന്ന് നേരിൽ കാണണമെന്ന് മോഹിച്ചിരുന്നു അക്കാലത്ത്. ഇന്നത്തെ പോലെ സൂപ്പർ താരങ്ങൾ കയ്യെത്തി തൊടാൻ തക്കവണ്ണം റോഡിൽ‍ ഇറങ്ങി നടക്കുന്ന കാലമല്ല. മുട്ടിനു മുട്ടിനു സ്റ്റേജ് ഷോകളുമില്ല. കോടമ്പാക്കമാണ് സിനിമയുടെ സിരാകേന്ദ്രം. അപൂർവമായേ മലയാള സിനിമാതാരങ്ങൾ ഷൂട്ടിങ്ങിനായി നാട്ടിലെത്തൂ. "തോല്‍ക്കാൻ എനിക്ക് മനസ്സില്ല'' എന്ന സിനിമയുടെ ചിത്രീകരണത്തിന് നസീർ വയനാട്ടിൽ വന്നത് ഓർമ്മയുണ്ട്. വയനാട്ടുകാർക്ക് അതൊരു ഉത്സവവേളയായിരുന്നു. ജില്ല മുഴുവൻ ബസു കളിലും ജീപ്പുകളിലും ലോറികളിലുമായി പ്രിയനായകനെ കാണാൻ‍ കൽപ്പറ്റയിലേക്ക് ഒഴുകിയെത്തിയ കാലം. നിർ‍ഭാഗ്യവശാൽ, ആ ആരാധകക്കൂട്ടത്തിലൊരാളാകാൻ അതിയായി മോഹിച്ച അന്നത്തെ എട്ടാം ക്ലാസുകാരനെ കൂടെ കൂട്ടാൻ‍ ആർക്കും ഉണ്ടായിരുന്നില്ല സമയം. നസീറിനെ നേരിട്ട് കാണുകയും തൊടുകയുമൊക്കെ ചെയ്ത ഭാഗ്യവാന്മാരായ സഹപാഠികളുടെ നിറം പിടിപ്പിച്ച വർണനകളും വീരസ്യങ്ങളും കേട്ടു സായൂജ്യമടയേണ്ടി വന്നു അന്നെനിക്ക്.

നസീർ മരിച്ചപ്പോൾ പദ്‌മരാജൻ എഴുതിയത് ഓർമ്മയില്ലേ?: "നമ്മുടെ റൊമാന്റിക്‌ സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കിൽ , അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയിൽ ഇനിയൊരു നടന്‍ ഉണ്ടാവില്ല, എനിക്ക് ഉറപ്പാണ്.''

പിന്നീടെപ്പോഴോ, സിനിമയെന്നാൽ കാല്പനികാനുഭൂതിയും സ്റ്റണ്ടും അടുക്കള ഹാസ്യവും മാത്രമല്ല, മറ്റെന്തൊക്കെയോ കൂടി ആണെന്ന ബോധം വായനയിലൂടെ മനസ്സിൽ‍ ഉറച്ചപ്പോഴാണ് നസീറിന്റെ അഭിനയശൈലിയെ വിമർശനബുദ്ധ്യാ കണ്ട് തുടങ്ങിയത്. പക്ഷെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും അത്രയെളുപ്പം കുടഞ്ഞുകളയാൻ കഴിയുന്നതായിരുന്നില്ല ''നസീർബാധ''. നസീർ സിനിമകൾ‍ സൃഷ്ടിച്ച മായാവലയത്തിൽ നിന്നു പുറത്തു കടക്കുക എളുപ്പമല്ലെന്ന് പതുക്കെ മനസ്സിലാക്കുകയായിരുന്നു ഞാൻ . മോഹിപ്പിക്കുന്ന ആ ഗാന രംഗങ്ങൾ ഒരിക്കലെങ്കിലും കാണാത്ത ദിവസങ്ങളില്ല ഇന്നും എന്‍റെ ജീവിതത്തിൽ .

ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തെ വർണാഭമാക്കിയ ഗന്ധർവസാന്നിധ്യം. നസീർ മരിച്ചപ്പോൾ പദ്‌മരാജൻ എഴുതിയത് ഓർമ്മയില്ലേ?: "നമ്മുടെ റൊമാന്റിക്‌ സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കിൽ , അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയിൽ ഇനിയൊരു നടന്‍ ഉണ്ടാവില്ല, എനിക്ക് ഉറപ്പാണ്.''

logo
The Fourth
www.thefourthnews.in