കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും

കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും

പതിനഞ്ചു പൈസ കാർഡിലേ എഴുതൂ അമ്മ. കത്തുകളിൽ മിക്കവാറും ഒരേ വാചകങ്ങളും വിശേഷങ്ങളുമായിരിക്കുമെങ്കിലും ഒരാഴ്ച്ച ആ വരവ് മുടങ്ങിയാൽ വിഷമമാണ്.

"എള്ളും പൂവും ചന്ദനവുമെടുത്ത് പാത്രത്തിലെ വെള്ളത്തിൽ നനച്ച് മാറിൽ നന്നായി ചേർത്തു പിടിക്ക്യ..."

പിടിച്ചു; അകലെയെങ്ങോ ഇരുന്ന് അമ്മ ചെറുപുഞ്ചിരിയോടെ ഇതെല്ലാം കാണുന്നുണ്ടാവുമെന്ന ഉത്തമ ബോധ്യത്തോടെ.

"ന്നിട്ട് മരിച്ച ആൾടെ പേരും തറവാട്ടുപേരും മരിച്ച നാളും മനസ്സിൽ സങ്കൽപ്പിക്ക്യ.." ഉറ്റവരുടേയും ഉടയവരുടേയും മരണാനന്തര ക്രിയകൾ ചെയ്യാൻ മുന്നിലെ പടവുകളിൽ ഈറനുടുത്തു നിരന്നിരുന്നവരോട് ഒരു പ്രത്യേക ഈണത്തിൽ, താളത്തിൽ ഇളയതിന്റെ കൽപ്പന.

സങ്കൽപ്പിച്ചത് പേരല്ല, ഒപ്പാണ്. രണ്ടും ഒന്നായതുകൊണ്ടാവാം. കെ പി നാരായണിക്കുട്ടി അമ്മ എന്ന് ഇംഗ്ളീഷിൽ നീട്ടിയെഴുതി അടിയിൽ ഒരു വര വരച്ച് താഴെ രണ്ടു കുത്തുകൂടി ഇട്ടാൽ അമ്മയുടെ ഒപ്പായി. അമ്മമ്മ പഠിപ്പിച്ചതാണത്രേ.

ഹോസ്റ്റലിലെ ലെറ്റർ ബോക്സിൽ ആഴ്ചതോറും വന്നുകിടക്കാറുള്ള പോസ്റ്റ് കാർഡുകളുടെ എല്ലാം ചുവട്ടിൽ ആ ഒപ്പുണ്ടാവും. കണ്ടു കണ്ട് ഹോസ്റ്റലിലെ സഹജീവികൾക്കും കാണാപ്പാഠമായി ആ ഒപ്പ്. മെസ്സിലേക്ക് പോകും വഴി കുട്ടിച്ചനോ തോംസണോ ഇട്ടിയവിരയോ ഹോസ്റ്റൽ ബോയ് ഷാജിയോ വിളിച്ചു പറയുന്നത് കേൾക്കാം: "ടോ, നാരായണിക്കുട്ടി അമ്മടെ കത്തുണ്ട്... പാത്തുമ്മേടെ പയ്യ് പെറ്റു പോലും.."

Summary

അമ്മ അങ്ങനെയാണ്. വീട്ടു വിശേഷം മാത്രമല്ല കത്തിലെഴുതുക. വീട്ടിലെ കഥകൾ തീർന്നാൽ നേരെ പ്രാദേശിക വാർത്തകളിലേക്ക് കടക്കും

വെറുതെ പറയുകയാവില്ല അവർ. സത്യമാകും. അമ്മ അങ്ങനെയാണ്. വീട്ടു വിശേഷം മാത്രമല്ല കത്തിലെഴുതുക. വീട്ടിലെ കഥകൾ തീർന്നാൽ നേരെ പ്രാദേശിക വാർത്തകളിലേക്ക് കടക്കും. കല്യാണിടെ വീട്ടിലെ നായ നമ്മുടെ ചന്തൂന്റെ നേരെ കൊരച്ചു ചാടി, ചോട്ടുകാരൻ മാപ്ല ഇപ്രാവശ്യം കടലമിട്ടായി കൊണ്ടരാൻ മറന്നു, താഴെ വീട്ടിലെ പടിപ്പുരേൽ താമസിക്കുന്ന മാഷിന് മഞ്ഞപ്പിത്തം, നമ്മുടെ പോസ്റ്റുമാൻ ഇല്യേ അയാളെ കോരൻ കുട്ടീടെ പൂച്ച മാന്തിപ്പൊളിച്ചു ത്രേ.... അങ്ങനെയങ്ങനെ നൂറു കൂട്ടം വിശേഷങ്ങൾ. എല്ലാറ്റിനുമൊടുവിൽ ഇവിടെ എല്ലാവർക്കും സുഖം തന്നെ, അവിടേയും അങ്ങനെ എന്ന് വിശ്വസിക്കുന്നു എന്ന വാചകത്തോടെ കത്തിന് തിരശ്ശീല.

പതിനഞ്ചു പൈസ കാർഡിലേ എഴുതൂ അമ്മ. ഇൻലൻഡിലോ ലക്കോട്ടിലോ എഴുതാൻ മാത്രം രഹസ്യ വിവരങ്ങൾ ഒന്നുമില്ലല്ലോ എന്നാണ് അമ്മയുടെ ചോദ്യം. കത്തുകളിൽ മിക്കവാറും ഒരേ വാചകങ്ങളും വിശേഷങ്ങളുമായിരിക്കുമെങ്കിലും ഒരാഴ്ച്ച ആ വരവ് മുടങ്ങിയാൽ വിഷമമാണ്. ഹോം സിക്‌നസ് താങ്ങാനാകാതെ മിക്ക വാരാന്ത്യങ്ങളിലും വീട്ടിലേക്ക് ബസ് കയറാറുള്ള കോളേജ് കുമാരന് എന്നാലും കത്തയക്കൽ മുടക്കില്ല അമ്മ. തിങ്കളാഴ്ച്ച രാവിലെ ഹോസ്റ്റലിൽ തിരിച്ചെത്തിയാൽ അടുത്ത ദിവസമോ അതിനടുത്ത ദിവസമോ ലെറ്റർ ബോക്സിൽ കൃത്യമായി വന്നു വീണിട്ടുണ്ടാകും നാരായണിക്കുട്ടി അമ്മയുടെ കാർഡ്.

കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും
'പറയാൻ മറന്ന പരിഭവങ്ങൾ'ക്ക് രജത ജൂബിലി

ആദ്യമൊക്കെ അവരുടെ അവിഹിത ബന്ധം തടയാൻ ശ്രമിച്ചു അമ്മ. ഫലമില്ലെന്ന് മനസ്സിലായപ്പോൾ ഔദ്യോഗികമായി അവരുടെ വിവാഹം നടത്തിക്കൊടുത്തു. മാത്രമല്ല, നവവരന് ഒരു പേരും സമ്മാനിച്ചു: ബിന്ദൻ. ബിന്ദുവിന് ബിന്ദൻ കൂട്ട്

ഇടക്കൊരു ദിവസം പ്രാതലിനിടെ മെസ്സിൽ വെച്ച് കണ്ടപ്പോൾ അർത്ഥം വെച്ചുള്ള ചിരിയോടെ സുരേഷിന്റെ ചോദ്യം: "ആരാ ഈ ബിന്ദു? ബ്യൂട്ടിയാ?"

ലക്ഷ്യത്തിലേക്ക് പാതിവഴി പിന്നിട്ട ദോശക്കഷ്ണവുമായി ചോദ്യത്തിന്റെ പൊരുൾ പിടികിട്ടാതെ പ്ളേറ്റിന് മുന്നിൽ അന്തം വിട്ടിരുന്നപ്പോൾ സുരേഷ് പിന്നേയും ചിരിച്ചു: "പോയി ലെറ്റർ ബോക്സിൽ നോക്ക്."

ഉടൻ ചെന്നു നോക്കി. ചിരിച്ചു പോയി. ചിരിക്കാതെന്തു ചെയ്യും?

അമ്മ എഴുതിയിരിക്കുകയാണ്: "നമ്മടെ ബിന്ദൂന് രണ്ടീസായി നല്ല ശർദ്ദി. ഒന്നും ഉള്ളിലിക്ക് ചെല്ലണില്യ. നിന്നെ കാണാഞ്ഞിട്ട് നല്ല വിഷമം ഉണ്ട് എന്ന് തോന്നുണു. രണ്ടീസത്തെ ശർദ്ദി കൊണ്ട് നന്നായി മെലിഞ്ഞു, ഭംഗിയൊക്കെ പോയി. കൂർക്കം വലിക്ക് മാത്രം ഒരു കൊറവും ല്യ..."

കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും
അവഗണനയുടെയും ഒറ്റപ്പെടലിന്റെയും വ്യഥ നിറഞ്ഞ വരികള്‍; നൊമ്പരമായി കുഞ്ഞാമന്‍ സാറിന്റെ ആ പ്രിയഗാനം

കൂർക്കക്കാരിയായ ഈ സുന്ദരിബിന്ദു അമ്മയുടെ പ്രിയപ്പെട്ട പൂച്ചയാണെന്ന് പാവം സുരേഷുണ്ടോ അറിയുന്നു? കാലത്തെഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കാൻ പോകും വരെ നിഴൽ പോലെ അമ്മയുടെ ഒപ്പമുണ്ടാകും ബിന്ദുപ്പൂച്ച. നടപ്പും കിടപ്പും തീറ്റയുമെല്ലാം ഇരുവരും ഒപ്പം. ഇടക്ക് ബിന്ദുവിനെ കണ്ണെഴുതിക്കും അമ്മ. പൊട്ടു കുത്തിക്കും. ഇഷ്ടപ്പെട്ട ഒരു പാട്ടുണ്ടാകും അപ്പോൾ ചുണ്ടിൽ: ഇന്നെനിക്ക് പൊട്ടുകുത്താൻ, അല്ലെങ്കിൽ സിന്ദൂരപ്പൊട്ടു തൊട്ട് ശിങ്കാരക്കയ്യും വീശി....

അപ്പുറത്തെ വീട്ടിൽ നിന്നൊരു കാടൻ പൂച്ച കാമുകക്കണ്ണോടെ ബിന്ദുവിനെ വിടാതെ വട്ടമിട്ടു തുടങ്ങിയപ്പോൾ ആദ്യമൊക്കെ അവരുടെ അവിഹിത ബന്ധം തടയാൻ ശ്രമിച്ചു അമ്മ. ഫലമില്ലെന്ന് മനസ്സിലായപ്പോൾ ഔദ്യോഗികമായി അവരുടെ വിവാഹം നടത്തിക്കൊടുത്തു. മാത്രമല്ല, നവവരന് ഒരു പേരും സമ്മാനിച്ചു: ബിന്ദൻ. ബിന്ദുവിന് ബിന്ദൻ കൂട്ട്. അമ്മയുടെ ബിന്ദ്രൻവാല എന്നാണ് തമാശക്ക് ഞങ്ങൾ കുട്ടികൾ വിളിക്കുക. സുവർണ്ണ ക്ഷേത്രവും സിഖ് കലാപവുമൊക്കെ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന കാലമല്ലേ.

കൂർക്കം വലിക്കുന്ന 'സുന്ദരി'യും അമ്മയും
ആക്ച്വലി ക്രിസ്ത്യാനിയാണ്, അല്ലേ?

ആ കാലത്തിന്റെ, ആ മനോഹര നിമിഷങ്ങളുടെ ഓർമ്മയിൽ നിറഞ്ഞ കണ്ണുകളോടെ എള്ളും പൂവും ചന്ദനവും വെള്ളത്തിൽ നനച്ച് മാറോടു ചേർത്തു പിടിച്ചു. പിന്നെ മനസ്സിൽ അമ്മയെ ധ്യാനിച്ചു.

"ടാ ചെക്കാ, മ്മടെ ബിന്ദൂനും കൂടി വേണ്ടി പ്രാർത്ഥിക്കണം ട്ടോ നീയ്യ്." അരികിലിരുന്ന് ആരോ കാതിൽ മന്ത്രിച്ചപോലെ. "പാവം, അയിന് ആരാള്ളത്, നമ്മളല്ലാതെ.."

ചുറ്റും നോക്കി. അമ്മ ഇവിടെയുണ്ട്, തീർച്ച. അല്ലെങ്കിൽത്തന്നെ, അമ്മ എപ്പോഴാണ് ഒപ്പമുണ്ടാകാതിരുന്നിട്ടുള്ളത്? ഉണ്ണുമ്പോൾ, ഉറങ്ങുമ്പോൾ, എഴുതുമ്പോൾ, സംസാരിക്കുമ്പോൾ, പാടുമ്പോൾ.... എപ്പോഴും അമ്മയുണ്ട് അരികിൽ. അന്നും ഇന്നും എന്നും...

അമ്മ ഓർമ്മയായിട്ട് മൂന്ന് വർഷം.

logo
The Fourth
www.thefourthnews.in