ENTERTAINMENT

റിയലിസ്റ്റിക് സിനിമകളുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ; സത്യങ്ങളെ സ്വപ്നമായി കണ്ട കെ ജി ജോർജ്'

ഗ്രീഷ്മ എസ് നായർ

സിനിമ എന്ന മാധ്യമത്തെ അടുത്തറിയും മുൻപേ സിനിമയിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ച് ഉറച്ചാണ് തിരുവല്ലക്കാരൻ കെ ജി ജോർജ് മലയാള സിനിമയിലെത്തിയത്. അന്നോളം പ്രേക്ഷകർ കണ്ട് പരിചയിച്ച രീതികളെ അപ്പാടെ പൊളിച്ചെഴുതിയും, പുതുക്കി പണിതും, പുനർനിർവചിച്ചും കെ ജി ജോർജ് മലയാള സിനിമയ്ക്ക് നൽകിയത് കാലത്തിന് അതീതമായി സഞ്ചരിക്കുന്ന, പാഠപുസ്തകങ്ങളാകുന്ന സിനിമകളാണ്

ഇതിനെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് സിനിമ സ്വപ്നം കാണാൻ തുടങ്ങിയ സമയത്ത് തന്നെ നാടകത്തെ പറ്റി ഒരു സിനിമ, സിനിമയെപ്പറ്റി ഒരു സിനിമ, സ്ത്രീകളെപ്പറ്റി ഒരു സിനിമ ഒക്കെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ഒരുപാട് വർഷങ്ങളെടുത്തു അതൊക്കെ സാധിക്കാൻ. പണം ഉണ്ടാക്കുകയെന്നത് എൻ്റെ ലക്ഷ്യമല്ലായിരുന്നു. ചെയ്ത സിനിമകൾ എനിക്ക് സംതൃപ്തി തന്നവയാണ്. പലതും എനിക്ക് സാധിച്ചിട്ടില്ല. പക്ഷേ ഞാൻ ആഗ്രഹിച്ചതൊന്നും എനിക്ക് മിസ് ആയിട്ടില്ല എന്നാണ്

യവനികയാണ് നാടകം പശ്ചാത്തലമായ കെ ജി ജോർജ് ചിത്രം ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ആണ് സിനിമ പശ്ചാത്തലമാക്കിയ കെ ജി ജോർജ് ചിത്രം. ചലച്ചിത്രതാരം ശോഭയുടെ ജീവിതവും മരണവും അടിസ്ഥാനപ്പെടുത്തിയെടുത്ത ചിത്രമാണിത്. ആദാമിന്റെ വാരിയെല്ലാണ് സ്ത്രീകളെ കുറിച്ചുള്ള ചിത്രം

മലയാള സിനിമ റിയലിസ്റ്റിക്കായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേക്ഷകരിലേക്ക് എത്താനും തുടങ്ങിയത് കെ ജി ജോർജ് ചിത്രങ്ങളിലൂടെയാണ്. ഒരേസമയം കച്ചവടമൂല്യവും കലാമൂല്യവുമുള്ള കെ ജി ജോർജിന്റെ സിനിമകൾ പ്രേക്ഷകന്റെ ജീവിതത്തോട് അടുത്ത് നിൽക്കുന്നവയായിരുന്നു. അതുവരെ മലയാള സിനിമ ശീലിച്ച അതിഭാവുകത്വങ്ങളെ പുറത്ത് നിർത്തിയത് കൊണ്ട് മാത്രമല്ല, സാമൂഹികപരിസരങ്ങളിൽ നിന്നുള്ള കഥാതന്തുകളെ വെള്ളിത്തിരയിൽ പച്ചയായ ജീവിതമായി തന്നെ അവതരിപ്പിച്ചാണ് കെ ജി ജോർജ് മലയാള സിനിമയെ റിയലിസ്റ്റിക്ക് ആക്കിയത്.

ആത്യന്തികമായി വേദനയുള്ള സത്യങ്ങളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചെന്നാണ് റിയലിസ്റ്റിക് പരിചരണത്തെ കുറിച്ച് കെ ജി ജോർജ് പറഞ്ഞത്. സ്വപ്നം കാണാൻ മാത്രമല്ല, സത്യത്തെ നോക്കി സ്വപ്നം കാണാനുള്ള കഴിവുമുള്ളത് കൊണ്ടാണ് യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവച്ചു

ആദ്യ ചിത്രമായ സ്വപ്നാടനം മുതലുള്ള ഭൂരിഭാഗം കെ ജി ജോർജ് സിനിമകളും യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അറിയുമ്പോഴെ കെ ജി ജോർജിന്റെ വാക്കുകളുടെ പൊരുൾ പൂർണമായും ബോധ്യപ്പെടൂ. സ്വപ്നാടത്തിന് പുറമെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, പഞ്ചവടിപാലം (പാലം അപകടത്തിൽ എന്ന കഥ) എല്ലാം ഈ ഗണത്തിൽപ്പെടുന്ന ചിത്രങ്ങളാണ്

ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയെ അതിന്റെ ചെറുപ്പക്കാലത്ത് തന്നെ സത്യസന്ധമായി കഥ പറയാനും പച്ചയായ മനുഷ്യജീവിതങ്ങളെ കുറിച്ച് സംസാരിക്കാനും കപടസദാചാരവും അഴിമതിയും എതിർക്കപ്പെടേണ്ടതാണെന്ന് ബോധ്യപ്പെടുത്തിയും നേർവഴിക്ക് നയിച്ച പ്രതിഭയാണ് വിടവാങ്ങുന്നത്, നല്ല സിനിമകൾക്കൊപ്പം മാത്രം ചേർത്തു വായിച്ച ഒരു പേര് കൂടിയാണ് ഓർമ്മയാകുന്നത്. മലയാള സിനിമയുടെ ദ റിയൽ മാസ്റ്റർ ക്രാഫ്റ്റ്സ്മാന് വിട...

സിഎഎ നടപ്പാക്കി; പതിനാലുപേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

വമ്പന്‍ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ജെമിനി; ഇനി ഇ മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ വിവരങ്ങളറിയാം