ENTERTAINMENT

'ഭ്രമയുഗത്തില്‍ മമ്മൂട്ടി ഇനി 'കൊടുമൺ പോറ്റി'; പേര് മാറ്റാൻ തയ്യാറാണെന്ന് സംവിധായകനും നിർമാതാവും ഹൈക്കോടതിയിൽ

നിയമകാര്യ ലേഖിക

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് സംവിധായകൻ രാഹുൽ സദാശിവനും നിർമാതാക്കളും ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സിനിമയിൽ ഉപയോഗിച്ച കുഞ്ചമൻ പോറ്റി എന്ന പേരുമാറ്റി കൊടുമൺ പോറ്റി എന്ന് മാറ്റാമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഇതുസംബന്ധിച്ച് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും സംവിധായകനും നിർമാതാവും അറിയിച്ചു.

അതേസമയം യൂട്യൂബിൽ പങ്കുവെച്ച ചിത്രത്തിന്റെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി ബന്ധമൊന്നുമില്ലെന്നും ഭാവനയിൽ ഉണ്ടായ കഥാപാത്രവും കഥയുമാണ് ഭ്രമയുഗത്തിലേതെന്നും സംവിധായകൻ രാഹുൽ സദാശിവൻ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി കോട്ടയത്തെ പഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയിൽ ഇന്നാണ് ഹരജി സമർപ്പിച്ചത്. കോട്ടയം സ്വദേശി പി എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തന്റെ കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്നാണ് ഗോപിയുടെ വാദം.

പേരുമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സെൻസർ ബോർഡിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സിനിമയുടെ പ്രദർശാനാനുമതി റദ്ദാക്കണമെന്ന ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

മലയാളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 15 നാണ് തീയേറ്ററുകളിൽ എത്തുക. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിൽ കരിയറിൽ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ബാനറിലാണ് ചക്രവർത്തി രാമചന്ദ്ര ഭ്രമയുഗം നിർമിക്കുന്നത്. ഹൊറർ-ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം നിർമിക്കുന്നതിനായി മാത്രമായാണ് ചക്രവർത്തി രാമചന്ദ്ര നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിച്ചത്. വൈനോട്ട് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമാതാവുമായ എസ് ശശികാന്തും ഈ പുതിയ സംരംഭത്തിൽ പങ്കാളിയാണ്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ