ENTERTAINMENT

സ്വീകരിക്കാനെത്തിയത് മലയാളത്തിലെ ഏറ്റവും വലിയ നടൻ: ഇന്ദ്രൻസിനെക്കുറിച്ച് ഡോ. ബിജുവിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോക പ്രശസ്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ടാലിൻ ചലച്ചിത്ര മേളയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ നടൻ ഇന്ദ്രൻസ് സ്വീകാരിക്കാനെത്തിയതിന്റെ ഹൃദ്യമായ അനുഭവം പങ്കിട്ട് സംവിധായകൻ ഡോക്ടർ ബിജു. എഫ്ഐഎപിഎഫ് ഒന്നാം നിരയിൽപെട്ട ടാലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയായ അദൃശ്യ ജാലകങ്ങളുടെ സംവിധായകനാണ് ഡോക്ടർ ബിജു. ഈ വർഷത്തെ മേളയിൽ എത്തിയ ഒരേയൊരു ഇന്ത്യൻ സിനിമയും അദൃശ്യ ജാലകങ്ങളാണ്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ടോവിനോ തോമസിനൊപ്പമാണ് എസ്റ്റോണിയയിലെ ടാലിൻ ബ്ളാക്ക് നൈറ്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബിജു പങ്കെടുത്തത്. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ നടൻ ഇന്ദ്രൻസ് മാത്രമാണ് എത്തിയിരുന്നത്.

ഇത്രയും വലിയൊരു ചലച്ചിത്ര മേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തന്നെ സ്വീകരിക്കാനെത്തിയത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടനായിരുന്നുവെന്നാണ് ഡോക്ടർ ബിജു ഫേസ്ബുക്കിൽ കുറിച്ചത്. പുലർച്ചെ 4.20 നു ഫ്‌ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ എയർ പോർട്ടിൽ തന്നെ കാത്ത് ഇന്ദ്രൻസ് നിൽക്കുന്നുണ്ടായിരുന്നു എന്നദ്ദേഹം പറയുന്നു.

'അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി . ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ , ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി,' ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ സന്ദർശനം വലിയ സന്തോഷം നൽകിയെന്നും സ്നേഹം അറിയിക്കുന്നുവെന്നും പറഞ്ഞാണ് ബിജു കുറിപ്പ് അവസാനിപ്പിക്കുന്നത്.

എഫ്ഐഎപിഎഫ് റാങ്കിങ് അനുസരിച്ചാണ് അന്താരാഷ്ട്ര തലത്തിലുള്ള ചലച്ചിത്ര മേളകളുടെ വലിപ്പം നിർണ്ണയിക്കുന്നത്. ഇതിൽ എ റാങ്കിങ്ങിൽ കാൻ, വെനീസ്, ബെർലിൻ തുടങ്ങിയ ചലച്ചിത്ര മേളകൾക്ക് ഒപ്പമാണ് ടാലിൻ ചലച്ചിത്ര മേളയുടെ സ്ഥാനം. എ റാങ്കിങ്ങിൽ പെടുന്ന 14 ചലച്ചിത്ര മേളകളിൽ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ.

മനുഷ്യന്റെ നിസഹായതാവസ്ഥ എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആഖ്യാന മികവുകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് മേളയിൽ നിന്ന് ലഭിച്ചത്.ഈ മാസം 24 നാണ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തുക. ടോവിനോക്കൊപ്പം നിമിഷ സജയനും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ ഇത്രയും പ്രശസ്തമായ ഒരു ചലച്ചിത്ര മേളയിൽ പങ്കെടുക്കുകയും മലയാള സിനിമയെ ടാലിൻ ചലച്ചിത്ര മേളയുടെ ബ്ളാക്ക് കാർപ്പറ്റിൽ എത്തിക്കുകയും ചെയ്തിട്ടും കേരളത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന് വ്യാപമായ വിമർശങ്ങൾ ഉയരുന്നുണ്ട്. സംവിധായകന്മാരായ വിസി അഭിലാഷും സജീവൻ അന്തിക്കാടും ഉൾപ്പടെയുള്ളവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ചലച്ചിത്ര അക്കാദമി സിനിമയ്ക്കോ സംവിധായകനോ നടനോ ഒരു അഭിനന്ദന കുറിപ്പ് പോലും ഇട്ടിട്ടില്ല എന്ന് വിസി അഭിലാഷ് പങ്ക് വെച്ച കുറിപ്പിൽ പറയുന്നു. അക്കാദമിയിലെ സ്റ്റാഫുകളോട് നിങ്ങളിനി എന്നാണ് നല്ല ചലച്ചിത്ര സംസ്കാരം പഠിക്കുന്നത് എന്നും വിസി അഭിലാഷ് ചോദിക്കുന്നു. വിദേശ സിനിമകളിൽ മലയാള സിനിമക്ക് നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയ ഡോക്ടർ ബിജുവിനെ പോലെ ഒരു സംവിധായകനെ മാധ്യമങ്ങളും ചലച്ചിത്ര അക്കാദമിയും ഒരുപോലെ അവഗണിക്കുവെന്നായിരുന്നു സജീവൻ അന്തിക്കാടന്റെ ആരോപണം.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ