ENTERTAINMENT

സിനിമ നിർത്തിവെച്ചതിന്റെ നഷ്ടപരിഹാരം തരാതെ മലയാള സിനിമ പിവിആറിൽ പ്രദർശിപ്പിക്കില്ല; കടുത്ത തീരുമാനവുമായി ഫെഫ്ക

എന്റർടെയ്ൻമെന്റ് ഡെസ്ക്

പിവിആർ - മലയാള സിനിമ തർക്കം രൂക്ഷമാവുന്നു. രാജ്യത്ത് മുഴുവൻ പ്രദർശനം നിർത്തിവെച്ചതോടെ തീയേറ്ററുകളിൽ നല്ല നിലയിൽ ഓടുന്ന മലയാള സിനിമകൾക്കുണ്ടായ നഷ്ടം നികത്താതെ പിവിആർ തീയേറ്ററുകൾക്ക് ചിത്രങ്ങൾ നൽകില്ലെന്ന് ഫെഫ്ക പ്രഖ്യാപിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) സംവിധാനത്തിലേക്ക് സ്‌ക്രീനുകൾ മാറുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഏകപക്ഷീയമായി പിവിആർ മലയാള സിനിമകൾ രാജ്യത്തെ മുഴുവൻ തീയേറ്ററുകളിൽനിന്ന് പിൻവലിച്ചതെന്നും മറ്റേതെങ്കിലും ഭാഷകളിലായിരുന്നെങ്കിൽ പിവിആർ ഇത് ചെയ്യുമായിരുന്നോയെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

തീയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ആടുജീവിതം, വർഷങ്ങൾക്കുശേഷം, ആവേശം, മഞ്ഞുമ്മൽ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരായ സംവിധായകൻ ബ്ലെസി, വിനീത് ശ്രീനിവാസൻ, ജിത്തു മാധവ്, അൻവർ റഷീദ്, സൗബിൻ ഷാഹിർ, വിശാഖ് സുബ്രഹ്‌മണ്യം തുടങ്ങിയവരും ഫെഫ്ക ഭാരവാഹികളായ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വർഷങ്ങൾക്കു ശേഷം' എന്ന സിനിമ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് പിവിആറിന്റെ തീരുമാനം അറിഞ്ഞതെന്നും തീയേറ്ററുകൾക്കുവേണ്ടി നിൽക്കുന്നവരായിട്ടും ഇത്തരത്തിലുള്ള അനുഭവമാണുണ്ടായതെന്നും സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു.

നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോടും പി വി ആർ ഗ്രൂപ്പിന്റെ പ്രധാന തീയറ്ററുകൾ ലുലു മാളുകളിൽ ആയതിനാൽ എംഎ യുസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

വിഷയത്തെ നിയമപരമായി നേരിടും. നിലവിൽ അന്യഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്തിക്കാനുള്ള നീക്കം പി വി ആർ നടത്തുന്നുണ്ട്. ഇത് തടയുമെന്നും ഇക്കാര്യം മറ്റുഭാഷകളിലെ സിനിമ സംഘടനകളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് തർക്കത്തിന്റെ കാരണം?

നിർമാണം പൂർത്തിയാകുന്ന സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ കഴിയും വിധം മാസ്റ്ററിങ് ചെയ്ത് എത്തിച്ചിരുന്നത് യു എഫ് ഒ, ക്യൂബ് പോലെയുള്ള കമ്പനികളായിരുന്നു. ഇത്തരം സേവനദാതാക്കൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് തുടങ്ങി.

ഒരു സ്‌ക്രീനിൽ സിനിമ എത്തിക്കാൻ മറ്റ് കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ വെറും 5500 രൂപയ്ക്ക് അൺലിമിറ്റഡ് കണ്ടന്റ് എന്നതായിരുന്നു നിർമാതാക്കളുടെ സംഘടന മുന്നോട്ടുവെച്ച പ്രത്യേകത. കേരളത്തിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന തീയറ്ററുകൾ തങ്ങളുടെ ഡിജിറ്റൽ കണ്ടന്റ് എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊച്ചി ഫോറം മാളിൽ പ്രവർത്തനം തുടങ്ങിയ പിവിആർ പക്ഷേ ഇതിന് തയ്യാറായില്ല. ഇതോടെ സ്ഥിതി വഷളായി. മറ്റ് കമ്പനികളുമായി നേരത്തെ തന്നെ കരാറിൽ ഏർപ്പെട്ടതാണെന്നും അതിൽനിന്ന് പിൻമാറാൻ കഴിയില്ലെന്നുമാണ് പിവിആർ നൽകുന്ന വിശദീകരണം.

കൊച്ചിയിൽ നിർമാതാക്കളുടെ സംഘടനയും പിവിആർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. യുഎഫ്ഒ, ക്യൂബ് തുടങ്ങി ഏതു പ്രൊജക്ഷൻ ഉപയോഗിച്ചാലും കുഴപ്പമില്ലെന്നും വിപിഎഫ് തുക ഒഴിവാക്കണമെന്നാണ് ആവശ്യമെന്നും ഫെഫ്കയും പ്രെഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാടെടുത്തെങ്കിലും പി വി ആർ അനുകൂല നിലപാട് കൈക്കൊണ്ടില്ല. തുടർന്ന് ഏകപക്ഷീയമായി ഇന്ത്യയിലെ 1500 ഓളം വരുന്ന സ്‌ക്രീനുകളിൽ നാളെ റിലീസാകേണ്ട മലയാളം സിനിമകളുടെ ബുക്കിങ് തുടങ്ങാതെ പി വി ആർ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

IPL 2024| സ്റ്റാർക്ക്ഫൈഡ്! ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത; ഫൈനലുറപ്പിക്കാന്‍ 160 റണ്‍സ് ലക്ഷ്യം

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി