ENTERTAINMENT

എംവി കൈരളിയുടെ ദുരൂഹ തിരോധാനത്തിന്റെ കഥ സിനിമയാക്കാനൊരുങ്ങി ജൂഡ് ആന്തണി ജോസഫ്; തിരക്കഥ ജോസി ജോസഫ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

2018 എവരിവൺ ഹീറോയുടെ വിജയശേഷം വീണ്ടും യഥാർഥ സംഭവം സിനിമയാക്കാനൊരുങ്ങി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് എംവി കൈരളിയുടെ കഥ സിനിമയാക്കുന്നതായി ജൂഡ് പ്രഖ്യാപിച്ചത്.

1979 -ൽ 49 ജീവനക്കാരും 20,000 ടൺ ഇരുമ്പയിരുമായി ഗോവയിലെ മഡ്‌ഗാവിൽനിന്ന് ജിബൂട്ടി വഴി ജർമനിയിലെ റോസ്റ്റോക്കിലേക്ക് യാത്രതിരിച്ച കേരള ഷിപ്പിങ് കോർപ്പറേഷന്റെ ചരക്ക് കപ്പലായിരുന്നു എംവി കൈരളി. യാത്രക്കിടെ ദുരൂഹസാഹചര്യത്തിൽ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു.

2024 ന്റെ രണ്ടാം പകുതിയോടെയായിരിക്കും ചിത്രം ആരംഭിക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ ജോസി ജോസഫിനൊപ്പമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഓസ്‌കര്‍ പുരസ്‌ക്കാരത്തിന് മുന്നോടിയായുള്ള പ്രചാരണത്തിനാണ് ജൂഡ് അമേരിക്കയിൽ എത്തിയിരിക്കുന്നത്.

നേരത്തെ ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ നിവിൻ പോളിയെ നായകനാക്കി എംവി കൈരളിയെക്കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചിരുന്നു. പോളി ജൂനിയർ പിക്ചേഴ്സും റിയൽ ലൈഫ് വർക്ക്സും ചേർന്ന് നിർമിക്കാനിരുന്ന ചിത്രത്തിന് സിദ്ധാർത്ഥ ശിവയായിരുന്നു തിരക്കഥ ഒരുക്കാനിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല.

ജൂഡ് ഒരുക്കുന്ന ചിത്രത്തിൽ നിവിൻ ആയിരിക്കുമോ നായകനെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ ലൈക്ക പ്രൊഡക്ഷൻസുമായി ഒരു ചിത്രവും ജൂഡ് പ്രഖ്യാപിച്ചിരുന്നു. ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിട്ടാണ് 2018 തിരഞ്ഞെടുത്തത്. 2023 ൽ പുറത്തിറങ്ങിയ സിനിമകൾക്കുള്ള 96ാമത് ഓസ്‌കറുകൾ 2024 മാർച്ച് 10 ന് ലോസ് ഏഞ്ചൽസിൽ വച്ചാണ് സമ്മാനിക്കുക.

2018 ൽ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ആന്തണി 2018 സിനിമ ഒരുക്കിയത്. ടൊവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി എന്നിവരായിരുന്നു 2018 ലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷൻസിന്റെയും ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 2018 ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ മറുപടി

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ