ENTERTAINMENT

ഇന്ത്യൻ ഫുട്‍ബോളിന്റെ വീരഗാഥയുമായി 'മൈതാൻ'

രവി മേനോന്‍

തലയിൽ ആറ് തുന്നിക്കെട്ടുമായി ഏഷ്യാഡ് ഫൈനൽ കളിച്ച ഒരു ഇതിഹാസതാരമുണ്ട് ഇന്ത്യൻ ഫുട്‍ബോളിൽ, ജർണയിൽ സിങ്. ജീവൻ പണയംവെച്ചു കളിക്കുക മാത്രമല്ല, നിർണായക ഘട്ടത്തിൽ ഗോളടിച്ച് ടീമിന്റെ സ്വർണവിജയത്തിൽ പങ്കാളിയാകുക കൂടി ചെയ്തു ഈ സർദാർജി. അതും സ്വന്തം ചോരയ്ക്ക് വേണ്ടി മുഴുവൻ സമയവും ആർത്തട്ടഹസിച്ചുകൊണ്ടിരുന്ന ഒരു ലക്ഷം കാണികൾക്ക് മുന്നിൽ.

ഐതിഹാസികമായ ആ വിജയം ജർണയിലും കൂട്ടരും സമർപ്പിച്ചത് ഒരു ഹൈദരാബാദുകാരനാണ്. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ കോച്ച് സയിദ് അബ്ദുൾ റഹിമിന്. അമിത് രവീന്ദ്രനാഥ് ശർമയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'മൈതാൻ' എന്ന ഹിന്ദി ചിത്രത്തിൽ ത്രസിപ്പിക്കുന്ന ആ നിമിഷങ്ങളുടെ വീണ്ടെടുപ്പുണ്ട്. ഒന്നുമില്ലായ്മയിൽനിന്ന് ഏഷ്യൻ ഫുട്ബോളിലെ ചക്രവർത്തിപദത്തിലേക്ക് ഇന്ത്യൻ ടീമിനെ വളർത്തിയ റഹീം എന്ന മാന്ത്രിക പരിശീലകന്റെ ആഹ്ളാദ ദുഃഖങ്ങളും നഷ്ടബോധവും ഇടകലർന്ന സംഭവബഹുലമായ ജീവിത യാത്ര.

ജക്കാർത്തയിൽ കളിക്കാനിറങ്ങുമ്പോൾ ആരും വിജയസാധ്യത കല്പിച്ചിരുന്നില്ല ഇന്ത്യക്ക്; സ്വന്തം നാട്ടിലെ കായിക ഭരണാധികാരികൾ പോലും. ടീമിനു കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് തന്നെ ഒട്ടേറെ കടമ്പകൾ കടന്നാണ്. ഒടുവിൽ ജക്കാർത്തയിൽ വന്നിറങ്ങിയപ്പോഴാകട്ടെ റഹീമിനെയും ശിഷ്യരെയും കാത്തിരുന്നത് പ്രതിസന്ധികളുടെ കൂമ്പാരം

ആ യാത്രയുടെ ഭാഗമായിരുന്ന കളിക്കാരെല്ലാം 'മൈതാനി'ൽ കഥാപാത്രങ്ങളാകുന്നു. റഹീമിന്റെ തണലിൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്നവർ. ജർണയിലിനു പുറമെ ഏഷ്യാഡ്‌ ജേതാക്കളായ ടീമിന്റെ നായകൻ ചുനി ഗോസ്വാമി, പി കെ ബാനർജി, ബലറാം, പീറ്റർ തങ്കരാജ്, പ്രദ്യുത് ബർമൻ, ഫ്രാങ്കോ, ഒ ചന്ദ്രശേഖരൻ, എത്തിരാജ്, അരുമനായകം, അരുൺ ഘോഷ് തുടങ്ങിയവർ. അജയ് ദേവ്ഗൺ ആണ് കേന്ദ്രകഥാപാത്രമായ കോച്ച് റഹീമിന്റെ റോളിൽ. ഭാര്യ രൂണയായി പ്രിയാമണി. പി കെ ബാനർജിയായി ചൈതന്യ ശർമ, ചുനിയായി അമർത്യ റായിയും തങ്കരാജായി തേജസ് രവിശങ്കറും. ടീമിലെ ഒരേയൊരു മലയാളിയായ ഡിഫൻഡർ ചന്ദ്രശേഖരന്റെ വേഷം വിഷ്ണു ജി വാര്യർക്കാണ്.

ജക്കാർത്തയിൽ കളിക്കാനിറങ്ങുമ്പോൾ ആരും വിജയസാധ്യത കല്പിച്ചിരുന്നില്ല ഇന്ത്യക്ക്; സ്വന്തം നാട്ടിലെ കായിക ഭരണാധികാരികൾ പോലും. ടീമിനു കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് തന്നെ ഒട്ടേറെ കടമ്പകൾ കടന്നാണ്. ഒടുവിൽ ജക്കാർത്തയിൽ വന്നിറങ്ങിയപ്പോഴാകട്ടെ റഹീമിനെയും ശിഷ്യരെയും കാത്തിരുന്നത് പ്രതിസന്ധികളുടെ കൂമ്പാരം. ഇസ്രയേലിനെയും തായ്‌വാനെയും ഗെയിംസിൽ നിന്നൊഴിവാക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനം അംഗീകരിക്കാൻ ഏഷ്യൻ ഗെയിംസ് ഫെഡറേഷനിലെ ഇന്ത്യൻ പ്രതിനിധി ഗുരുദത്ത് സോന്ധി വിസമ്മതിച്ചതാണ് പ്രശ്നമായത്. ഏഷ്യൻ ഗെയിംസ് എന്ന ഔദ്യോഗിക പേരിനു പകരം ജക്കാർത്ത ഗെയിംസ് എന്ന പേര് കൊണ്ട് തൃപ്തരാകണം ആതിഥേയർ എന്നൊരു നിർദ്ദേശം കൂടി മുന്നോട്ടുവെച്ചു സോന്ധി. സ്വാഭാവികമായും ഇന്തോനേഷ്യ ഒന്നടങ്കം ഇന്ത്യയുടെ ശത്രുപക്ഷത്തായി.

മാനസികമായി തളർന്ന ഇന്ത്യൻ ടീമാണ് ആദ്യമത്സരത്തിൽ പ്രബലരായ ദക്ഷിണകൊറിയയെ നേരിട്ടത്. കളിയുടെ സർവമേഖലകളിലും പതറിയ ഇന്ത്യ രണ്ടു ഗോളിന് മത്സരം തോറ്റു. അവിടെ തകർന്നു തരിപ്പണമാകേണ്ടതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. എന്നാൽ മറിച്ചാണ് സംഭവിച്ചത്

ഫലം, ചെല്ലുന്നിടത്തെല്ലാം ഇന്ത്യൻ ടീമിന് കൂവലും കല്ലേറും മാത്രം. ആക്രമണം ഭയന്ന് ടീം ബസ്സിൽനിന്ന് ദേശീയപതാക അഴിച്ചുമാറ്റേണ്ട ഗതികേടിൽ വരെയെത്തി ഇന്ത്യ. പലപ്പോഴും കളിക്കാർക്ക് ബസ്സിനകത്ത് ഒളിച്ചിരുന്ന് യാത്ര ചെയ്യേണ്ടി വന്നു. ജർണയിലിന്റെ കാര്യമായിരുന്നു ഏറ്റവും കഷ്ടം. തലപ്പാവ് ധരിച്ച സർദാർജി ആയിരുന്നതിനാൽ എവിടെയിരുന്നാലും കണ്ണിൽ പെടും. സീറ്റിന് ചുവടെ ഒളിച്ചിരുന്നായിരുന്നു മിക്കപ്പോഴും അദ്ദേഹത്തിന്റെ യാത്ര. അതിനിടെ ജക്കാർത്തയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് നേർക്കുമുണ്ടായി കല്ലേറ്. അന്തരീക്ഷം ആകെ കലുഷം. മത്സരവേദികളിലെ നിറഞ്ഞ ഗാലറികളുടെ കൂവലും പരിഹാസവും അതിനു പുറമെ.

ജർണയിൽ സിങ്

മാനസികമായി തളർന്ന ഇന്ത്യൻ ടീമാണ് ആദ്യമത്സരത്തിൽ പ്രബലരായ ദക്ഷിണകൊറിയയെ നേരിട്ടത്. കളിയുടെ സർവമേഖലകളിലും പതറിയ ഇന്ത്യ രണ്ടു ഗോളിന് മത്സരം തോറ്റു. അവിടെ തകർന്നു തരിപ്പണമാകേണ്ടതായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. എന്നാൽ മറിച്ചാണ് സംഭവിച്ചത്. കോച്ച് റഹീമിന്റെ വാക്കുകൾ ചുനിക്കും കൂട്ടർക്കും മാന്ത്രിക ഔഷധത്തിന്റെ ഫലം ചെയ്തു.

"നിങ്ങൾക്കിനി ഒന്നും നഷ്ടപ്പെടാനില്ല. മരിച്ചു കളിക്കുക; ജയിക്കുക." തായ്‌ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമ്പോൾ കോച്ച് പറഞ്ഞ വാക്കുകൾ ടീമിലെ ബേബിയായിരുന്ന ലെഫ്റ്റ് ഔട്ട് അരുമൈനായകത്തിന്റെ ഓർമയിലുണ്ട്. ആദ്യ മത്സരത്തിൽ പാളിപ്പോയ അഫ്‌സലിന് പകരമാണ് അരുമൈ ഫൈനൽ ഇലവനിൽ വന്നത്. മറ്റൊരു നിർണായക മാറ്റം കൂടി വരുത്തി റഹിം. പിൻവാങ്ങിക്കളിക്കുന്ന സെന്റർ ഫോർവേർഡ് ആയി യൂസഫ് ഖാനെ ഇറക്കി. ഇന്ത്യ അന്ന് ജയിച്ചത് ഒന്നിനെതിരെ നാല് ഗോളിന്. പി കെ ബാനർജി (2), ചുനി, ബലറാം എന്നിവരായിരുന്നു സ്കോറർമാർ.

പക്ഷേ ആ മത്സരത്തിൽ ഇന്ത്യക്കൊരു വമ്പൻ പണി കിട്ടി. ഏഷ്യയിലെ ഏറ്റവും ആപൽക്കാരിയായ സ്റ്റോപ്പർ ബാക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജർണയിൽ സിങ് എതിർകളിക്കാരനുമായി കൂട്ടിയിടിച്ചു ഗ്രൗണ്ടിൽ പിടഞ്ഞുവീഴുന്നു. ചോരയൊലിപ്പിച്ചു സ്‌ട്രെച്ചറിൽ പുറത്തുപോയ ജർണയിലിന്റെ അഭാവത്തിൽ പത്തു പേരെ വെച്ചാണ് ഇന്ത്യ മത്സരം കളിച്ചുതീർത്തത്. സബ്സ്റ്റിറ്റ്യൂട്ട് നിയമം ഏഷ്യാഡ്‌ ഫുട്‍ബോളിൽ നിലവിൽ വന്നിരുന്നില്ല അപ്പോഴും. തലയിൽ ആറ് സ്റ്റിച്ചിടേണ്ടി വന്നു അന്ന് ജർണയിലിന്.

പ്രബലരായ ജപ്പാനാണ് അടുത്ത എതിരാളി. ജർണയിലിന്റെ അഭാവം കനത്ത ആഘാതമായിരുന്നെങ്കിലും റഹിം തളർന്നില്ല. മധ്യനിരയിൽനിന്ന് അരുൺ ഘോഷിനെ പ്രതിരോധത്തിലേക്ക് പിൻവലിച്ചു അദ്ദേഹം. പകരം ബാലറാമിനെ മിഡ്‌ഫീൽഡറാക്കി. ആ പരീക്ഷണങ്ങളും ഫലം ചെയ്തു. പി കെയും ബാലറാമും നേടിയ രണ്ടു ഗോളിന് ജപ്പാനെ മുക്കി ഇന്ത്യ സെമിഫൈനലിൽ.

പക്ഷേ പരീക്ഷണങ്ങൾ അവസാനിച്ചിരുന്നില്ല. ലീഗ് റൗണ്ടിൽ മുറയ്ക്ക് ഗോളടിച്ചുപോന്ന സൗത്ത് വിയറ്റ്നാമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. ഈ പോരാട്ടത്തിലാവണം തന്റെ ഫുട്‍ബോൾ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ''ചൂതാട്ട''ത്തിന് റഹിം തയ്യാറായത്. തലയിൽ ബാൻഡേജുമായി സൈഡ് ലൈനിലിരുന്ന ജർണയിലിനെ അദ്ദേഹം ഇന്ത്യയുടെ ഫസ്റ്റ് ഇലവനിൽ ഇറക്കി. സ്ഥിരം സ്റ്റോപ്പർ ബാക്ക് പൊസിഷനിലല്ല; സെന്റർ ഫോർവേഡായി! എതിരാളികളെപ്പോലും ഞെട്ടിച്ച തീരുമാനം.

ജർണയിലായിരുന്നു കളിയിലെ കേമൻ. ചുനി ഗോസ്വാമിയുടെ ആദ്യ ഗോളിന് വഴിയൊരുക്കുക മാത്രമല്ല, മുപ്പതാം മിനുറ്റിൽ ചുനിയുടെ പാസിൽനിന്ന് ഉഗ്രനൊരു ഗോളടിച്ച് വിയറ്റ്നാമിനെ ഞെട്ടിക്കുകയും ചെയ്തു ജർണയിൽ. പരുക്കൻ ടാക്ലിങ്ങിനു പേരുകേട്ട ജർണയിലിനെ തളയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി വിയറ്റ്നാം. എന്നിട്ടെന്ത്? മത്സരം ഒടുവിൽ 3 -2 ന് ജയിച്ചുകയറിയത് ഇന്ത്യ.

അന്താരാഷ്ട്ര ഫുട്‍ബോളിലെ ഇന്ത്യയുടെ അനർഘനിമിഷത്തിന്റെ ഓർമകൾ 'മൈതാനി'ൽ പുനർജനിക്കുമെന്ന് വാക്ക് തരുന്നു സംവിധായകൻ അമിത് ശർമ. ഫിഫ റാങ്കിങ്ങിൽ 121-ാം സ്ഥാനത്തുകിടന്ന് നട്ടംതിരിയുന്ന ഇന്ത്യൻ ഫുട്‍ബോളിന് സമ്പന്നമായ സ്വന്തം ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാൻ ഒരവസരം കൂടിയാകും ഈ ബോളിവുഡ് സിനിമ

കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ ഫൈനലിലും കണ്ടു റഹീമിന്റെ "കുസൃതികൾ." ജർണയിലിനെ നിലനിർത്തുക മാത്രമല്ല ക്രോസ് ബാറിനടിയിൽ അതുവരെ തകർത്തു കളിച്ചുപോന്ന ബർമനെ മാറ്റി പകരം തങ്കരാജിനെ ഇറക്കുക കൂടി ചെയ്തു അദ്ദേഹം. പരിക്കിൽനിന്ന് കഷ്ടിച്ച് വിമുക്തനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ തങ്കരാജ്. ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയെങ്കിലും അന്തിമവിശകലനത്തിൽ റഹീമിന്റെ തീരുമാനമായിരുന്നു ശരിയെന്ന് മത്സരഫലം തെളിയിച്ചു.

പി കെ ബാനർജിയിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് നേടിയത്; പതിനേഴാം മിനുറ്റിൽ. മൂന്ന് മിനുറ്റിനകം ഫ്രാങ്കോയുടെ ഫ്രീകിക്കിൽനിന്ന് കൂറ്റനൊരു ഇടങ്കാൽ ഷോട്ടോടെ ജർണയിൽ വീണ്ടും കൊറിയൻ വല കുലുക്കി. രണ്ടു ഗോളിന് ഇന്ത്യ മുന്നിൽ. അവസാന വിസിലിന് അഞ്ചു മിനിറ്റ് മുൻപ് അപ്രതീക്ഷിതമായി ഒരു ഗോൾ വഴങ്ങിയെങ്കിലും ബാറിനടിയിൽ പിന്നീടങ്ങോട്ട് ആറടി നാലിഞ്ചുകാരൻ തങ്കരാജ് മഹാമേരുവായി നിന്നതോടെ കളിയിൽ 2 - 1 ജയവും സ്വർണമെഡലും റഹീമിന്റെ കുട്ടികൾക്ക്.

"മത്സരം കഴിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും റഹിം സാഹിബിനടുത്തേക്ക് ഓടിച്ചെന്നു," ജർണയിലിന്റെ വാക്കുകൾ. "കൈകളിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തെ എല്ലാവരും ചേർന്ന് ചുമലിലേറ്റി. എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യ നിമിഷം. തലയിലെ വേദന പോലും മറന്നുപോയിരുന്നു ഞാൻ."

അന്താരാഷ്ട്ര ഫുട്‍ബോളിലെ ഇന്ത്യയുടെ അനർഘനിമിഷം കൂടിയായി അത്. ആ നിമിഷത്തിന്റെ ഓർമകൾ 'മൈതാനി'ൽ പുനർജനിക്കുമെന്ന് വാക്ക് തരുന്നു സംവിധായകൻ അമിത് ശർമ. ഫിഫ റാങ്കിങ്ങിൽ 121-ാം സ്ഥാനത്തുകിടന്ന് നട്ടംതിരിയുന്ന ഇന്ത്യൻ ഫുട്‍ബോളിന് സമ്പന്നമായ സ്വന്തം ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാൻ ഒരവസരം കൂടിയാകും ഈ ബോളിവുഡ് സിനിമ.

ജക്കാർത്ത ഏഷ്യാഡിലെ ഐതിഹാസിക വിജയത്തിനു പിന്നാലെ അർഹിക്കുന്ന അംഗീകാരങ്ങളൊന്നും നേടാതെ റഹിം സാഹിബ് പടിയിറങ്ങി; ഇന്ത്യൻ ടീമിന്റെ തലപ്പത്തുനിന്നു മാത്രമല്ല ജീവിതത്തിൽനിന്നും. 1963 ജൂൺ 11 നായിരുന്നു അർബുദബാധിതനായി റഹീമിന്റെ അന്ത്യം. ജർണയിൽ സിങ് ഓർമയായത് 2000 ഒക്ടോബർ 13 ന്.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും