ENTERTAINMENT

രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണം; സമാന്തര യോഗം ചേർന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങൾ, സർക്കാരിന് കത്ത് നൽകി

വെബ് ഡെസ്ക്

അംചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ അക്കാദമിയിൽനിന്ന് തന്നെ പ്രതിഷേധം. രഞ്ജിത്തിനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കൗൺസിൽ അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. ജനറൽ കൗൺസിലിലെ പത്തുപേരാണ് സാംസ്കാരിക വകുപ്പ് മന്ത്രിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതെന്ന് യോഗം ചേർന്ന അംഗങ്ങളിൽ ഒരാൾ ദ ഫോർത്തിനോട് സ്ഥിരീകരിച്ചു.

മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍, നടന്‍ ജോബി, സിബി, സന്തോഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് കത്ത് നല്‍കിയത്.

രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നതിനിടെയാണ് ചെയർമാനെ മാറ്റണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ സമാന്തരയോഗം ചേർന്നിരിക്കുന്നത്. ചെയർമാൻ നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും ധിക്കാരപരമായും ഏകാധിപത്യപരവുമായതാണ് പെരുമാറ്റമെന്നും അംഗങ്ങൾ ആരോപിച്ചു.

കൗൺസിൽ അംഗങ്ങളിലൊരാളായ കുക്കു പരമേശ്വരനോട് രഞ്ജിത്ത് കഴിഞ്ഞ ദിവസം മോശമായി സംസാരിക്കുകയും നിങ്ങളുടെ സേവനം അക്കാദമിക്ക് ആവശ്യമില്ലെന്നും സമാന്തര യോഗം ചേർന്ന കൗൺസിൽ അംഗങ്ങളിലൊരാൾ ദ ഫോർത്തിനോട് പ്രതികരിച്ചു.

നേരത്തെ സംവിധായകൻ ഡോ. ബിജുവിനെതിരെയും ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഭീമൻ രഘുവിനെതിരെയും നടത്തിയ പരാമർശങ്ങളിൽ നേരിട്ട് വിശദീകരണം നൽകാൻ രഞ്ജിത്തിനോട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. ഡോ. ബിജു ഉന്നയിച്ച പ്രശ്‌നങ്ങളിൽ മന്ത്രിയെന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കാമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം ഡോ. ബിജു രാജിവച്ചിരുന്നു. തൊഴിൽ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചതെന്നാണ് വിശദീകരണം. തീയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം.

ഇതിന് പിന്നാലെ രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി ഡോ. ബിജു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. 'ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ. തീയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും. തീയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല,'' എന്നായിരുന്നു ബിജു ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെയും ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജു പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ഡോ. ബിജു സംവിധാനം ചെയ്തിരുന്ന 'അദൃശ്യജാലകങ്ങൾ' എന്ന ചിത്രം ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ ഇനി മുതൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്കെയിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഡോക്ടർ ബിജു പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് സാസ്‌കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഇടപ്പെട്ടതോടെ ഫെസ്റ്റിവലിൽ കാലിഡോസ്‌കോപ്പിൽ 'അദൃശ്യജാലകങ്ങൾ' പ്രദർശിപ്പിക്കാൻ ഡോ. ബിജു അനുവദിച്ചിരുന്നു. ഇതിനിടെ ചലച്ചിത്ര പുരസ്‌ക്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപ്പെട്ടെന്നുള്ള ആരോപണത്തിന് പിന്നാലെ വിമർശനവുമായും ബിജു രംഗത്ത് എത്തിയിരുന്നു.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദര്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി