ENTERTAINMENT

ജയിലർ ഒരു 'ഫാമിലി' മൂവി: കൗതുകമുണർത്തി രജനീകാന്ത്-മോഹന്‍ലാല്‍ കുടുംബ ബന്ധം

വെബ് ഡെസ്ക്

രജനികാന്ത് ടൈറ്റിൽ റോളിൽ എത്തിയ നെൽസൺ ദിലീപ് കുമാർ ചിത്രം 'ജയിലർ' കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ആഗോള തലത്തിൽ നാല് ദിവസം കൊണ്ട് 300 കോടി രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നൂറു കോടി കടന്നിട്ടുണ്ട്. ചിത്രത്തിൽ മലയാള താരങ്ങളായ മോഹൻലാലും വിനായകനും കന്നഡ സൂപ്പർ സ്റ്റാർ ശിവ രാജ്കുമാറും ഒന്നിച്ചതോടെ കൊലമാസ് എന്റർടെയ്നർ ആയി മാറി.

രജനീകാന്തിനൊപ്പം വിനായകനും മോഹൻലാലും ചിത്രത്തിലെ മികച്ച പ്രകടനത്തിന് നിരൂപക പ്രശംസ നേടിയിരുന്നു. ഒപ്പം അനിരുദ്ധ് രവിചന്ദറിന്റെ ത്രസിപ്പിക്കുന്ന സംഗീതവും സിനിമപ്രേമികൾ ആഘോഷമാക്കി കഴിഞ്ഞു. എന്നാൽ ചിത്രത്തോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മറ്റൊരു കൗതുകരമായ സംഗതിയാണ്. തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും മോഹൻലാലും അനിരുദ്ധും തമ്മിലുള്ള അധികമാർക്കും അറിയാത്ത കുടുംബ ബന്ധമാണത്.

ജയിലർ മുഴുവൻ ബന്ധുക്കളാണെന്ന പേരിൽ ഈ കുടുംബ ബന്ധങ്ങളുടെ കഥ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽപ്പെട്ടിരുന്ന മദിരാശി പ്രവിശ്യയിലെ 'ദിവാന്‍ ബഹദൂര്‍' ടി. രങ്കാച്ചാരിയില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. 1927-28 കാലഘട്ടത്തില്‍ രൂപീകൃതമായ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സെന്‍സറിങ്ങ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ടി. രങ്കാച്ചാരി.

ഇദ്ദേഹത്തിന്റെ മകനായ കൃഷ്ണമാച്ചാരിയുടെ മകൻ കെ ബാലാജിയുടെ മകൾ സുചിത്രയെയാണ് മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. രജനീകാന്ത് വിവാഹം ചെയ്തതും ഇതേ കുടുംബത്തിൽ നിന്ന് തന്നെയാണ്. ടി. രങ്കാച്ചാരിയുടെ മകന്റെ മകളായ രാജലക്ഷ്മിയുടെ മകനായ വൈ ജി മഹേന്ദ്രൻ. അദ്ദേഹത്തിന്റെ ഭാര്യ സുധയുടെ സഹോദരി ലതയെയാണ് രജനീകാന്ത് വിവാഹം ചെയ്തിരിക്കുന്നത്. ഇങ്ങനെയാണ് മോഹൻ ലാലും രജനീകാന്തും ബന്ധുക്കളാകുന്നത്. ഇനി അനിരുദ്ധ് രവിചന്ദർ.

രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദരനായ രവി രാഘവേന്ദ്രയുടെ പുത്രനാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദർ. അതായത് രജനീകാന്തിന്റെ അനന്തിരവനാണ് അനിരുദ്ധ്. അതുപ്രകാരം അനിരുദ്ധും പ്രണവ് മോഹൻലാലും കസിൻസ് ആയി വരും.

'ജയിലർ ഒരു കുടുംബചിത്രമാണല്ലോ' എന്നാണ് പോസ്റ്റുകൾക്ക് കീഴെ കമന്റുകളായി വരുന്നത്. ഫാമിലി ട്രീ വരച്ചാൽ കൂടുതൽ എളുപ്പത്തിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കാമായിരുന്നു എന്നും കമെന്റുകൾ വരുന്നുണ്ട്.

പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്.

ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

സുശില്‍ കുമാര്‍ മോദി, ബിജെപിയുടെ ബിഹാര്‍ സ്വപ്‌നങ്ങളുടെ കാവല്‍ക്കാരന്‍

പുതിയ പതിപ്പുമായി ചാറ്റ് ജിപിടി; ഒട്ടേറെ സവിശേഷതകളുള്ള ജിപിടി 4 ഒ പുറത്തിറക്കി ഓപ്പണ്‍ എഐ

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം