EXPLAINER

മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി അന്വേഷിക്കേണ്ടത് ആര്? ചരിത്രം ഇങ്ങനെ

വെബ് ഡെസ്ക്

പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. ബിജെപി എം പി നിഷികാന്ത് ദുബെ നൽകിയ പരാതിയിന്മേലാണ് അന്വേഷണം.

വലിയ ചർച്ചകൾക്ക് വഴിവച്ച ഈ വിവാദം കൈകാര്യം ചെയ്ത രീതിയിൽ ചില പിശകുകൾ ഉണ്ടെന്ന് പല പാർലമെന്ററികാര്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയ പരാതികൾ നേരത്തെ ഉയർന്നപ്പോഴെല്ലാം പ്രിവിലേജ് കമ്മിറ്റിയോ പ്രത്യേക പാർലമെന്റ് സമിതികളോ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ മഹുവ മൊയ്ത്രയുടെ കാര്യത്തിൽ മാത്രം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് ശരിയല്ലെന്നും അഭിപ്രായങ്ങളുണ്ട്.

രണ്ടായിരത്തിലാണ് എത്തിക്സ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. എം പിമാരുടെ ഭാഗത്തുനിന്ന് അധാർമിക പ്രവർത്തനങ്ങൾ ഉണ്ടായതായി പരാതികൾ ഉയരുമ്പോൾ അവ അന്വേഷിക്കാനും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയുമായിരുന്നു കമ്മിറ്റിയുടെ ചുമതല

തന്റെ ബിസിനസ് താത്പര്യങ്ങൾക്ക് വേണ്ടി ചില ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹിരനന്ദാനി മഹുവ മൊയ്ത്രയ്ക്ക് കോഴ നൽകിയെന്നായിരുന്നു പരാതി. ദുബെയുടെ പരാതി ലഭിച്ച സ്പീക്കർ ഓം ബിർള വിശദമായ പരിശോധനയ്ക്കായി എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതികളിൽ സാധാരണയായി പരിശോധന നടത്തുക പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റികളോ പ്രത്യേക സമിതികളോ ആണ്. അന്വേഷണങ്ങൾക്ക് ശേഷം പ്രസ്തുത എം പിക്കെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശുപാർശ നൽകുകയും കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നത് ഇത്തരം കമ്മിറ്റികളാണ്. പാർലമെന്റിലെ പ്രവർത്തനങ്ങൾക്ക് നിയമവിരുദ്ധമായി സമ്മാനങ്ങളോ പണമോ സ്വീകരിച്ചതായി തെളിയിക്കപ്പെട്ടാൽ എംപിയെ സഭയിൽനിന്ന് പുറത്താക്കാൻ വരെ സാധ്യതയുണ്ട്.

സഭയിൽ ചോദ്യമുന്നയിക്കാൻ കൈക്കൂലി വാങ്ങിയതായി ആദ്യം പരാതി ഉയരുന്നത് 1951ലാണ്. അന്നത്തെ പ്രൊവിഷണൽ പാർലമെന്റ് അംഗമായിരുന്ന എച്ച്. ജി മുഗ്ദലിനെതിരെ ഉയർന്ന പരാതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് പ്രത്യേക പാർലമെന്റ് കമ്മിറ്റി കണ്ടെത്തുകയും അദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടിയെടുക്കും മുൻപ് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. 2005ൽ ഒരു സ്വകാര്യ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ, ലോക്‌സഭയിലെ 10 അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം സ്വീകരിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് അന്വേഷണത്തിന് ഒരു പ്രത്യേക സമിതിയെ നിയമിക്കുകയും എംപിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി എല്ലാവരെയും പുറത്താക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലാണ് എത്തിക്സ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. എം പിമാരുടെ ഭാഗത്തുനിന്ന് അധാർമിക പ്രവർത്തനങ്ങൾ ഉണ്ടായതായി പരാതികൾ ഉയരുമ്പോൾ അവ അന്വേഷിക്കാനും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയുമായിരുന്നു കമ്മിറ്റിയുടെ ചുമതല. കൂടാതെ എം പിമാർക്കുള്ള പെരുമാറ്റ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചുമതലയും എത്തിക്സ് കമ്മിറ്റിക്കായിരുന്നു. മഹുവ മൊയ്‌ത്രയ്ക്കെതിരെ ഉയർന്നിരിക്കുന്നത് കൈക്കൂലി ആരോപണമായതുകൊണ്ട് തന്നെ, വിഷയം പ്രത്യേകാവകാശ ലംഘനത്തിന്റെ പരിധിയിലാകും വരിക. അതുകൊണ്ട് തന്നെ അവ കൈകാര്യം ചെയ്യാൻ എത്തിക്‌സ് കമ്മിറ്റിക്ക് സാധിക്കില്ല.

മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി അക്കൗണ്ടിന്റെ പാസ്സ്‌വേർഡും ലോഗിൻ വിവരങ്ങളും മറ്റൊരാളുമായി പങ്കിട്ടതാണ് ദുബെയുടെ പരാതിയിൽ ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. വാസ്തവത്തിൽ സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ സ്വയം തയ്യാറാക്കി തങ്ങളുടെ അക്കൗണ്ടിൽ ചേർക്കുന്ന പതിവ് എം പിമാർക്കില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പറയുന്നു.

എം പിമാർക്ക് അതിനാവശ്യമായ സമയമില്ലാത്തതിനാൽ അവർ പേർസണൽ അസ്സിസ്റ്റന്റുമാരുടെ സഹായം അതിനായി തേടാറുണ്ട്. കൂടാതെ ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകളും ലോക്സഭാ തയാറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പാർലമെന്ററി കാര്യങ്ങൾക്കായി മറ്റൊരാളുടെ സഹായം തേടാൻ എംപിമാർക്ക് സ്വാതന്ത്ര്യമുണ്ട്. ഒപ്പം പാർലമെന്ററി പ്രവർത്തനങ്ങൾ നടത്താൻ തനിക്ക് എവിടെ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയും അവർക്കില്ല. അതിനാൽ മഹുവയുടെ ചോദ്യങ്ങളുടെ സ്രോതസിലേക്കുള്ള അന്വേഷണം നിയമപരമായി നിലനിൽക്കുമോ എന്നതും തർക്കമാണ്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'