EXPLAINER

പലസ്തീൻ ജനതയുടെ ജീവനാഡി; യുഎൻആർഡബ്ല്യുഎയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം തിരിച്ചതെന്തിന്?

വെബ് ഡെസ്ക്

ഇസ്രയേൽ - ഹമാസ് സംഘർഷം പലസ്തീന്‍ ജനതയെ സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ അഭാവവും ആരോഗ്യമേഖല പാടെ തകര്‍ന്നതിനും അപ്പുറം അന്താരാഷ്ട്ര സഹായങ്ങള്‍ തടഞ്ഞതും വലിയ മാനുഷിക ദുരന്തത്തിന്റെ വക്കിലേക്കാണ് ഗാസയെ തള്ളിവിട്ടത്. ഏറ്റവും ഒടുവില്‍ പലസ്തീന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎന്‍ ഏജന്‍സിക്ക് (യുഎൻആർഡബ്ല്യുഎ) നല്‍കുന്ന ധനസഹായം ലോക രാജ്യങ്ങൾ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായി യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം താത്കാലികമായി നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇറ്റലി, കാനഡ എന്നി രാജ്യങ്ങൾ രംഗത്തെത്തിയത്.

ഇതിനോടകം 26,000 ത്തിലധികം ആളുകളുടെ ജീവനെടുക്കുകയും അതിലുമേറെ ആളുകൾക്ക് പരുക്കേല്‍ക്കുന്നതിലേക്കും വഴിവച്ചുകഴിഞ്ഞു ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ. ഈ സാഹചര്യത്തിലാണ്‌ പലസ്തീൻ ജനതയുടെ ജീവനാഡിയായ യുഎൻആർഡബ്ല്യുഎക്കുള്ള ധന സഹായം നിലയ്ക്കുന്നത്. എന്താണ് യുഎൻആർഡബ്ല്യുഎയെന്നും ആരൊക്കെയാണ് ഏജന്‍സിക്ക് ധനസഹായം നൽകുന്നതെന്നും പരിശോധിക്കാം.

യുഎൻആർഡബ്ല്യുഎ

യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പലസ്തീൻ എന്നതിന്റെ ചുരുക്ക രൂപമാണ് യുഎൻആർഡബ്ല്യുഎ. ഇസ്രയേൽ കൈയടക്കിയ സ്വന്തം പ്രദേശങ്ങളിൽനിന്ന് പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന് പലസ്തീനികളെ പരിപാലിക്കുന്നതിനായാണ് ഈ ഏജൻസി സ്ഥാപിച്ചത്. 1949 ലാണ് ഏജന്‍സി സ്ഥാപിതമായത്. അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവിടങ്ങളിലും പലസ്തീൻ അഭയാർത്ഥികൾക്ക് ഇടം നൽകിയിട്ടുള്ള രാജ്യങ്ങളായ ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലും ഈ യുഎൻ ഏജൻസി പ്രവർത്തിക്കുന്നു.

യുഎൻആർഡബ്ല്യുഎയുടെ ലക്ഷ്യം

വിവിധ മേഖലകളിൽ പലസ്തീൻ അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനും മാനുഷിക വികസനത്തിനും വേണ്ടിയാണ് ഈ യുഎൻ ഏജൻസി പ്രവർത്തിക്കുന്നത്. പ്രാഥമികവും തൊഴിലധിഷ്ഠിതവുമായാ വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ, സാമൂഹിക സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളും മെച്ചപ്പെടുത്തൽ, മൈക്രോഫിനാൻസ്, അടിയന്തര പ്രതികരണം എന്നിവയാണ് വിവിധ മേഖലകൾ.

യുഎന്നിൽ നിന്നുള്ള പരിമിതമായ സബ്‌സിഡിക്ക് പുറമെ സ്വമേധയാ ഉള്ള സംഭാവനകൾ മുഖേനയാണ് ഏജൻസി പ്രവർത്തിക്കുന്നത്. ഭരണപരമായ ചെലവുകൾക്ക് മാത്രമായാണ് സബ്‌സിഡി ഉപയോഗിക്കുന്നത്.

പലസ്തീനികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മൂലം ഏറെനാളായി ഇസ്രയേലിന്റെ കണ്ണിലെ കരടാണ് യുഎൻആർഡബ്ല്യുഎ

എന്താണ് യുഎൻആർഡബ്ല്യുഎയുടെ പ്രാധാന്യം?

ഗാസയിലെ മാനുഷിക സഹായ പ്രവർത്തനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് യുഎൻആർഡബ്ല്യുഎ. ഇസ്രയേലിന്റെ കടുത്ത ആക്രമണങ്ങൾക്കിടയിലും സംഘടനയുടെ ഗാസയിലെ 13,000-ത്തിൽ 3,000-ത്തോളം ജീവനക്കാരും ജോലിയിൽ തുടരുന്നുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയിൽ രണ്ട് ദശലക്ഷം ആളുകളും ഏജൻസിയുടെ മാനുഷിക പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഏജൻസി അഭയകേന്ദ്രങ്ങൾ ഒരുക്കുന്നുണ്ട്. ആക്രമണങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ പോലും ഭക്ഷണവും പ്രാഥമിക ആരോഗ്യ സംരക്ഷണവും നൽകുന്നുണ്ടെന്നും യുഎൻ ഉദ്യോഗസ്ഥൻ പറയുന്നു.

ആരൊക്കെയാണ് ധനസഹായം നിർത്തിവെച്ചത്? എന്താണ് കാരണം?

പലസ്തീനികൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മൂലം ഏറെനാളായി ഇസ്രയേലിന്റെ കണ്ണിലെ കരടാണ് യുഎൻആർഡബ്ല്യുഎ. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിവരങ്ങൾ ഇസ്രയേലി അധികൃതർ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്ന് യുഎൻആർഡബ്ല്യുഎ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈ സ്റ്റാഫ് അംഗങ്ങളുടെ കരാർ ഉടൻ തന്നെ അവസാനിപ്പിച്ചതായും കാലതാമസം കൂടാതെ സത്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും യുഎൻആർഡബ്ല്യുഎ മേധാവി ലസാരിനി വ്യക്തമാക്കിയിരുന്നു. യുഎൻആർഡബ്ല്യുഎയിലെ 12 ജീവനക്കാരുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്.

ഈ സംഭവ വികാസങ്ങൾക്ക് പിന്നാലെയാണ് ലോകരാജ്യങ്ങൾ ധനസഹായം നിർത്തിവെച്ചുകൊണ്ട് രംഗത്തെത്തിയത്. അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഎസ് ആണ് ഇതിന് തുടക്കമിട്ടത്. കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, ജർമനി, ഇറ്റലി, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളും പിന്നാലെ ഫണ്ടിങ് നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചു.

ഗാസയിൽ പലസ്തീനികളെ സഹായിക്കാൻ ഏജൻസി നിർണായകമായ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അയർലൻഡും നോർവേയും യുഎൻആർഡബ്ല്യുഎയ്ക്കുള്ള പിന്തുണ തുടരുമെന്ന് അറിയിച്ചു

എന്നാൽ ഗാസയിൽ പലസ്തീനികളെ സഹായിക്കാൻ ഏജൻസി നിർണായകമായ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അയർലൻഡും നോർവേയും യുഎൻആർഡബ്ല്യുഎയ്ക്കുള്ള പിന്തുണ തുടരുമെന്ന് അറിയിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും മേഖലയിലുമായി സഹായം വിതരണം ചെയ്യുന്നതിലും ജീവൻ രക്ഷിക്കുന്നതിലും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിലും സംഘടനയുടെ പതിനായിരക്കണക്കിന് ജീവനക്കാർ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഘടനയെ എങ്ങനെ ബാധിക്കും ?

2022 ലെ സംഘടനക്ക് ലഭിച്ച 94.9 ശതമാനം സംഭാവനകളും നൽകിയിട്ടുള്ളത് വിവിധ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ്. ഈ സംഭവനകളില്ലാതെ സംഘടനയുടെ സുസ്ഥിരമായ പ്രവർത്തനം നടത്താൻ കഴിയില്ലെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.

2022 ലെ ഏജൻസിയുടെ മൊത്തം സഹായങ്ങളുടെ 44.3 ശതമാനം അതായത് 1.17 ബില്യൺ ഡോളര്‍ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നാണ് വന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജർമ്മനി, ഇയു, സ്വീഡൻ എന്നീ രാജ്യങ്ങളാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വ്യക്തിഗത ദാതാക്കൾ. ഏജൻസിയുടെ മൊത്തത്തിലുള്ള ഫണ്ടിങ്ങിന്റെ 61.4 ശതമാനം ഇവരാണ് സംഭാവന ചെയ്തത്.

ഗാസയിലെ ഫലസ്തീനികളുടെ ജീവൻ രക്ഷിക്കാനുള്ള നിർണായക സഹായ പ്രവർത്തനങ്ങൾക്കായി യുഎൻ ഏജൻസിയുടെ കയ്യിലുള്ള പണം കൊണ്ട് ആഴ്ചകൾ കൂടി കടന്ന് പോകാൻ മാത്രമേ സാധിക്കുകയുള്ളുവെന്ന് മുൻ യുഎൻആർഡബ്ല്യുഎ വക്താവ് ക്രിസ് ഗണ്ണസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അറബ് ലോകത്തുനിന്നുള്ള സംഭാവനകളിലാണ് ഏജൻസിയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

സമരം ചെയ്തവർക്ക് പിരിച്ചുവിടൽ ഭീഷണി; 25 പേർക്ക് നോട്ടീസ് നല്‍കി എയർ ഇന്ത്യ, വിമാന സര്‍വീസുകൾ വെട്ടിച്ചുരുക്കുന്നു

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു

'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി