FOURTH SPECIAL

ഒഎന്‍വിയോടൊപ്പം ജര്‍മനിയില്‍

കെ ബാലകൃഷ്ണൻ

സ്വകാര്യ അഹങ്കാരം എന്ന പ്രയോഗം എല്ലാനാട്ടിലുമുണ്ടോ എന്ന് നിരൂപകനായ ഇ പി രാജഗോപാലന്‍ കഴിഞ്ഞദിവസം മുഖപുസ്തകത്തിലൂടെ ആരായുകയുണ്ടായി. സ്വന്തം നാട്ടുകാരായ പ്രമുഖരെക്കുറിച്ചോ അടുത്തുപരിചയമുള്ള പ്രമുഖരെക്കുറിച്ചോ പറയുമ്പോഴാണ് ഇങ്ങനെയൊരു വിശേഷണമുണ്ടാകാറുള്ളത്. വാസ്തവത്തില്‍ സ്വകാര്യതയുള്ളതല്ല പരസ്യമായതുതന്നെയാണാ അഹങ്കാരം!. മലയാളികളായ മലയാളികളെല്ലാം ദിവസത്തില്‍ ഒരുതവണയെങ്കിലും ഒ എന്‍ വി കുറുപ്പിന്റെ പാട്ടുകള്‍ മനസ്സിലെങ്കിലും പാടാതിരിക്കില്ല. അങ്ങനെ എല്ലാ മലയാളികളുടെയും മനസ്സില്‍ പ്രതിഷ്ഠയുള്ള മഹാകവി ഒ എന്‍ വിയുടെ കൈ പിടിച്ചുനടത്തിയിട്ടുണ്ടെന്നും അദ്ദേഹം എന്റെ മാഷായിരുന്നെന്നും അദ്ദേഹത്തിനൊപ്പം വിദേശത്ത് കുറെദിവസം താമസിച്ചിട്ടുണ്ടെന്നും പറയുമ്പോള്‍ അത് സ്വകാര്യംമാത്രമല്ല പരസ്യമായ അഹങ്കാരംതന്നെയല്ലേ....

ഒ എന്‍ വിയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സിലെത്തുക ജര്‍മനിയിലെ കാല്‍വ് എന്ന ഗ്രാമ-നഗരത്തിലെ ഒരു ഹോസ്റ്റലില്‍ ഒഴിഞ്ഞ ബിയര്‍കുപ്പിയുമായി നടക്കുന്ന ദൃശ്യമാണ്. അതുകണ്ടതും മാഷും കള്ളുകുടിക്കുമോ എന്ന് ഞങ്ങള്‍ കളിയാക്കിയതും അനുബന്ധം.

1993 മേയ് മാസം. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ചരമശതാബ്ദിയാഘോഷത്തിന് കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമായി രണ്ട് ഡസനോളം പ്രതിനിധികളടങ്ങിയ സംഘം ജര്‍മനയിലെത്തിയതാണ്. സംഘത്തില്‍ പ്രമുഖരോ പ്രശസ്തരോ അല്ലാത്ത ഈയുള്ളവനെപ്പോലെ ഏതാനും പേര്‍ക്കൊപ്പം പ്രമുഖരും പ്രശസ്തരും മഹാപ്രതിഭകളുമായ ഏറെപ്പേരുണ്ടായിരുന്നു. ഒ എന്‍ വിയും പി ഗോവിന്ദപിള്ളയും ഡോ. കെ എം ജോര്‍ജും പ്രൊഫ എസ് ഗുപ്തന്‍നായരും ഡോ. വി ഐ സുബ്രഹ്‌മണ്യവും ഡി സി കിഴക്കേമുറിയും ഡോ. വേണുഗോപാലപണിക്കരും എന്‍പി മുഹമ്മദും ചെമ്മനം ചാക്കോയും കെ കെ മാരാരുമെല്ലാമുണ്ട്.

ഗുണ്ടര്‍ട്ടിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന കേരള പ്രതിനിധികള്‍ക്കൊപ്പം ഒഎന്‍വി (പിന്നിൽ)
ആ മുറിയിലെത്തിയാല്‍ ഒ എന്‍ വി പറയും... എന്തെല്ലാം പുരോഗതിയുണ്ടായിട്ടെന്താ മലവിസര്‍ജനം കഴിഞ്ഞാല്‍ ശൗച്യം ചെയ്യണമെന്ന ബോധംവേണ്ടേ എന്നദ്ദേഹം രോഷാകുലനായി ചോദിക്കും.

കാല്‍വിലെ ടീച്ചേഴ്‌സ് അക്കാദമി ഹോസ്റ്റലിലാണ് ആദ്യദിവസങ്ങളിലെ താമസം. കക്കൂസില്‍ ബക്കറ്റോ മഗ്ഗോ ഇല്ലെന്നത് കേരളസംഘത്തെ രോഷാകുലരാക്കി. രാവിലെ എഴുന്നേറ്റാലുടന്‍ പാശ്ചാത്യര്‍ക്കും ജര്‍മനിക്കുമെതിരെ വഴക്കുപറയലാവും.. അക്കൂട്ടത്തില്‍ ഏറ്റവും അരിശം ഒ എന്‍ വിക്കാണ്. എന്‍ പി മുഹമ്മദും ഡോ. എന്‍ എം നമ്പൂതിരിയും താമസിക്കുന്ന മുറിയില്‍ ഇടവേളകളില്‍ ഒരൊത്തുകൂടലുണ്ട്. പുകവലിയും തമാശപറയലുമാണതിന്റെ ആകര്‍ഷണം. ആ മുറിയിലെത്തിയാല്‍ ഒ എന്‍ വി. പറയും... എന്തെല്ലാം പുരോഗതിയുണ്ടായിട്ടെന്താ മലവിസര്‍ജനം കഴിഞ്ഞാല്‍ ശൗച്യം ചെയ്യണമെന്ന ബോധംവേണ്ടേ എന്നദ്ദേഹം രോഷാകുലനായി ചോദിക്കും.. സോവിയറ്റ് യൂനിയനില്‍ പര്യടനം നടത്തുമ്പോള്‍ താന്‍ ആതിഥേയനോട് പൊട്ടിത്തെറിച്ച കഥ ഭാവഹാവങ്ങളോടെ അയവിറക്കുകയായി ഒ എന്‍ വി. ' സോഷ്യലിസത്തില്‍നിന്ന് കമ്യൂണിസത്തിലേക്കാണല്ലോ സഖാവേ നമ്മുടെ മുന്നേറ്റം. കമ്യൂണിസം വരുമ്പോഴെങ്കിലും കക്കൂസില്‍ ഒരു തൊട്ടി വെക്കണമെന്ന് ചട്ടം കൊണ്ടുവരണം.' അതിഥിയുടെ കോപം കണ്ട് വിഹ്വലനായ ആതിഥേയന്‍ചോദിച്ചു ' എന്താ കുഴപ്പം, കടലാസില്ലേ' . കടലാസായാല്‍ കൈ നാറില്ലേ എന്ന് അതിഥി.. പുറത്ത് വാഷ്‌ബേസിനുണ്ടല്ലോ എന്ന് മറുപടി. ഈ മാതിരി രസികന്‍ കഥകളുമായി വെടിവട്ടവുമായി ഒ എന്‍ വി...

മദ്യം കഴിക്കാത്ത ഒ എന്‍ വി. അടുക്കളയില്‍പോയി ഒഴിഞ്ഞ ബിയര്‍കുപ്പിയുമെടുത്ത് ടോയിലറ്റില്‍ പോകുന്നത് കണ്ടത് മാതൃകയായി.. ബിയര്‍കുപ്പികള്‍ക്ക് നല്ല ഡിമാൻ്റായി.. ജര്‍മനിയിലെ സ്റ്റുട്ഗാര്‍ട് നഗരത്തിലും കാല്‍വിലും ഫ്രാങ്ക്ഫര്‍ടിലുമായി 12 ദിവസമാണ് ഒ എന്‍ വിയടക്കമുള്ള കേരളസംഘം തങ്ങിയത്. സെമിനാറുകള്‍ക്ക് പുറമെ ലൈബ്രറികള്‍, സര്‍വകലാശാലകള്‍, പത്രം ഓഫീസുകള്‍, പുസ്തകപ്രസിദ്ധീകരണശാലകള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിക്കലായിരുന്നു പ്രധാന പരിപാടി.

കവികള്‍ സാധാരണയായി അന്തര്‍മുഖരും അല്പ സംസാരക്കാരുമാണെന്നാണ് വെപ്പെങ്കിലും ഒ എന്‍ വി നേരെമറിച്ചാണ്. അന്തര്‍മുഖത്വമേയുള്ളതായി തോന്നില്ല. അധ്യാപകത്വമാണ് പൊന്തിച്ചുനില്‍ക്കുന്നതെന്ന് തോന്നും. കവിതയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും മാത്രമല്ല ഏതുസദസ്സിലും ഏറ്റവും വലിയ വക്താവാണ് ഒ എന്‍ വി രാഷ്ട്രീയവും സാഹിത്യവും വിദേശയാത്രാനുഭവങ്ങളും അധ്യാപനാനുഭവങ്ങളുമെല്ലാം പുഞ്ചിരിയോടെ, ചിലപ്പോള്‍ പൊട്ടിച്ചിരിയോടെ, ശബ്ദം താഴ്ത്തിയുമുയര്‍ത്തിയും കലാപരമായി ആസ്വദിച്ചാസ്വദിച്ച് പറയും. സദസ്സേതായാലും അദ്ദേഹമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ കൈപ്പിടിയിലായിരിക്കും. തനിക്ക് അരോചകമായിത്തോന്നുന്നതിനെയെല്ലാം കലവറയില്ലാതെ അതിശക്തമായി വിമര്‍ശിക്കും. നര്‍മബോധത്തിലും വളരെമുന്നിലായിരുന്നു. പരിചയസീമയില്‍പ്പെട്ടവര്‍ക്കുണ്ടായ അമളികളെക്കുറിച്ചെല്ലാം സ്വകാര്യസദസ്സുകളില്‍ വാചാലനാകും..

വിദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കുയെന്നലക്ഷ്യത്തോടെ മലയാളം മിഷന്‍ രൂപവല്‍ക്കരിക്കുന്നതിലും പ്രധാന ശക്തിയായി വര്‍ത്തിച്ചത് ഒ എന്‍ വിയാണ്

മാതൃഭാഷയായ മലയാളം കേരളത്തില്‍ ഒന്നാം ഭാഷയോ നിര്‍ബന്ധിത പാഠ്യവിഷയമോ അല്ലാത്തതും മലയാളം നിരന്തരം അവഗണിക്കപ്പെടുന്നതും അദ്ദേഹത്തെ രോഷംകൊള്ളിച്ചു. ജര്‍മനയിലെ യാത്രയിലുടനീളം അദ്ദേഹം മലയാളത്തിനായി വാദിക്കുന്നത് കേള്‍ക്കാമായിരുന്നു. ഗുണ്ടര്‍ട്ടിന്റെ ശവകുടീരത്തില്‍ കേരളസംഘത്തിന് വേണ്ടി ഡി സി കിഴക്കേമുറിയും ഈ ലേഖകനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒ എന്‍ വി ഒരു കവിത ചൊല്ലുകയുണ്ടായി.

വേര്‍പിരിയാന്‍ മാത്രമൊന്നിച്ചുകൂടിനാം വേദനകള്‍ പങ്കുവെക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടുനുണയുന്നു കവിതയുടെ ലഹരി നുരയുന്നു .....

എന്നു തുടങ്ങുന്ന കവിത. കവിത അവതരിപ്പിച്ചുകൊണ്ടുള്ള സംസാരത്തിലും മലയാളം നാട്ടില്‍ അവഗണിക്കപ്പെടുന്നതിലുള്ള പ്രതിഷേധമുണ്ടായിരുന്നു.. അന്നത്തെ സാസ്‌കാരിക മന്ത്രി ടി എം ജേക്കബ്ബ് ( അദ്ദേഹം നേരത്തെ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു) ഗുണ്ടര്‍ട്‌ സമ്മേളനനഗരിയിലെത്തിയപ്പോള്‍ അദ്ദേഹത്തോടും മലയാളത്തിന്റെ ദുരവസ്ഥ കോപാകുലനായിത്തന്നെ ഒ എന്‍ വി അവതരിപ്പിച്ചു.

മലയാളത്തിന് ക്ലാസിക് ഭാഷാ പദവി നേടിയെടുക്കുന്നതിന് ഒ എന്‍ വി നടത്തിയ അശ്രാന്ത പരിശ്രമം അവിസ്മരണീയമാണ്.
ജര്‍മനിയില്‍ ഗുണ്ടര്‍ട്ടിന്റെ ശവകുടീരത്തിന് സമീപം ഒഎൻവിയും സംഘവും

വര്‍ഷങ്ങള്‍ക്കു ശേഷം 2008-ല്‍ തിരുവനന്തപുരത്ത് ഡി സി ബുക്‌സ് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് എന്റെ 'കണ്ണൂര്‍കോട്ട' എന്ന പുസ്തകം ഒ എന്‍ വി സാറാണ് പ്രകാശനം ചെയ്തത്. അന്നത്തെ ഡി ജി പി ജേക്കബ് പുന്നൂസാണ് കോപ്പി ഏറ്റുവാങ്ങിയത്. അന്ന് ഒ എന്‍ വി നടത്തിയ പ്രസംഗത്തില്‍ ജര്‍മന്‍ യാത്രാനുഭവങ്ങളെക്കുറിച്ച് ഞാനെഴുതിയ 'ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍' എന്ന പുസ്തകത്തിലെ കുറെ ഭാഗങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തുപറഞ്ഞത് വിസ്മയിപ്പിച്ചു.

മലയാളം നിര്‍ബന്ധിതപാഠ്യവിഷയവും ഒന്നാം ഭാഷയുമാക്കുന്നതിനുള്ള സദീര്‍ഘമായ രേഖ മന്ത്രിസഭായോഗത്തില്‍നിന്ന് മാറ്റിവെച്ചുമാറ്റിവെച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനകാലംവരെയെത്തി. പ്രഖ്യാപനത്തിന്റെ രണ്ടുദിവസംമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം അത് പാസാക്കിയെങ്കിലും ഉത്തരവിറങ്ങാന്‍ വൈകി

മലയാളത്തിന് ക്ലാസിക് ഭാഷാ പദവി നേടിയെടുക്കുന്നതിന് ഒ എന്‍ വി നടത്തിയ അശ്രാന്ത പരിശ്രമം അവിസ്മരണീയമാണ്. 2009-ലെ കേരളപ്പിറവിദിനത്തില്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ മുഖ്യപ്രഭാഷണം നടത്തിയത് ഒ എന്‍ വിയാണ്. ഉദ്ഘാടകന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും. ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് അന്നത്തെ ദി ഹിന്ദു പത്രം ഞാന്‍ കണ്ടത്. അതില്‍ ഒന്നാംപേജില്‍ത്തന്നെ ഒരു വാര്‍ത്തയുണ്ടായിരുന്നു. കന്നടയ്ക്കും ക്ലാസിക്കല്‍ ഭാഷാപദവി ലഭിക്കുന്നുവെന്ന വാര്‍ത്ത. ദക്ഷിണേന്ത്യയിലെ നാലു പ്രധാന ഭാഷകളില്‍ മൂന്നിനും ക്ലാസിക്കല്‍ പദവി, മലയാളംമാത്രം പുറത്ത്.... ഉദ്ഘാടകനായ വി എസിന്റെ ശ്രദ്ധയില്‍ അക്കാര്യം പെടുത്തുകയും നേരത്തെ തയ്യാറാക്കിയ പ്രസംഗത്തില്‍ രണ്ടുവാചകം എഴുതിച്ചേര്‍ത്തു നല്‍കുകയും ചെയ്തു. (ഞാനന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ്). മലയാളത്തിനും ക്ലാസിക് ഭഷാപദവിക്ക് അര്‍ഹതയുണ്ട്, കേന്ദ്രം അതംഗീകരിക്കണം- ഉദ്ഘാടനപ്രസംഗത്തിന്റെ പ്രധാനപ്രമേയം അതായി. മുഖ്യപ്രഭാഷണം നടത്തിയ ഒ എന്‍ വി മലയാളത്തിന്റെ അര്‍ഹത വ്യക്തമാക്കിക്കൊണ്ട് ഉജ്ജ്വലപ്രഭാഷണമാണ് നടത്തിയത്. പക്ഷേ നാമെങ്ങനെ കേന്ദ്രത്തോട് ചോദിക്കും ഇവിടെ മലയാളം പഠിക്കാതെ ഏതുയര്‍ന്ന ക്ലാസുവരെയുമെത്താമല്ലോ, കേരളത്തില്‍ ഏറ്റവും അപമാനിക്കപ്പെടുകയല്ലേ മാതൃഭാഷ, ആ അവഗണനയുടെ കാരണക്കാര്‍ സര്‍ക്കാരല്ലേ എന്ന് ഒ എന്‍ വി ചോദിച്ചു.

അന്ന് വി എസിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുകയുണ്ടായി. യോഗത്തില്‍ അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി എം എ ബേബിയും മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം തയ്യാറാക്കുന്നതിന് മുമ്പ് വിദ്യാഭ്യാസമന്ത്രിയുമായി പ്രസ് സെക്രട്ടറിയെന്ന നിലയില്‍ ഈ ലേഖകന്‍ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ പുതിയ സര്‍വകലാശാലകള്‍ വേണ്ടെന്ന നിലപാടായിരുന്നു ധനവകുപ്പിന്. എങ്കിലും അടുത്തവര്‍ഷത്തിലെ നയപ്രഖ്യാപനപ്രസംഗത്തിലും പിന്നീട് ബജറ്റില്‍ത്തന്നെയും അതുള്‍പ്പെടുത്തുകയുണ്ടായി. ഏതായാലും ക്ലാസിക് ഭാഷാപ്രശ്‌നം പ്രസംഗത്തില്‍ അവസാനിച്ചില്ല. മന്ത്രി എം എ ബേബി വളരെ ഇച്ഛാശക്തിയോടെ അതിന്റെ പിന്നാലെ കൂടി. ഒ എന്‍ വിയും എം ലീലാവതി ടീച്ചറും ഡോ. പുതുശ്ശേരി രാമചന്ദ്രനും സ്‌കറിയാസക്കറിയ സാറും നടുവട്ടം ഗോപാലകൃഷ്ണനുമെല്ലാമടങ്ങിയ ഒരു സമിതിയുണ്ടാക്കി മലയാളത്തിന്റെ ഉദ്ഭവവും വികാസവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കാന്‍ ശ്രമം തുടങ്ങി. അതിന് പുറമെ മലയാളം ഒന്നാം ഭാഷയുംനിര്‍ബന്ധിത പാഠ്യവിഷയവുമാക്കുന്നതിനുള്ള ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രിയുംവിദ്യാഭ്യാസന്ത്രിയും ഏകോപിച്ചുള്ള പ്രവര്‍ത്തനം. പ്രവർത്തനങ്ങള്‍ നീക്കുന്നതിന് നിരന്തരമായി ഇടപെടുന്നതിന്, ശല്യപ്പെടുത്തുന്നതിനുതന്നെ ഈ ലേഖകനുസാധിച്ചു. ഒ എന്‍ വിയുടെ പിന്‍ബലമാണതിന്റെ ശക്തി. ഇതേ ഘട്ടത്തില്‍ത്തന്നെ ഔദ്യോഗികഭാഷാസമിതിയുടെ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. ഒ എന്‍ വിയും എം എന്‍ കാരശ്ശേരിയും പിരപ്പന്‍കോട് മുരളിയുമായിരുന്നു അക്കാലത്തെ അംഗങ്ങള്‍.

മലയാളം ഒന്നാം ഭാഷയാക്കുന്നതിന് ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. വിദ്യാഭ്യാസവകുപ്പിന് വേണ്ടി അന്നത്തെ പാഠപുസ്തകസമിതിയിലെ അംഗവും പിന്നീട് എസ് സി ഇ ആര്‍ ടി യിലെ ഉദ്യോഗസ്ഥനുമായ ഡോ. പി കെ തിലകാണ് കരടുരേഖയുണ്ടാക്കിയത്. അത് പരിഷ്‌കരിച്ചാണ് എ എ ബേബി മന്ത്രിസഭയുടെ പരിഗണനയ്ക്കയച്ചത്. മലയാളം നിര്‍ബന്ധിതപാഠ്യവിഷയവും ഒന്നാം ഭാഷയുമാക്കുന്നതിനുള്ള സദീര്‍ഘമായ രേഖ മന്ത്രിസഭായോഗത്തില്‍നിന്ന് മാറ്റിവെച്ചുമാറ്റിവെച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനകാലംവരെയെത്തി. പ്രഖ്യാപനത്തിന്റെ രണ്ടുദിവസംമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം അത് പാസാക്കിയെങ്കിലും ഉത്തരവിറങ്ങാന്‍ വൈകി.. തിരഞ്ഞെടുപ്പ്കഴിഞ്ഞാണ് 2011 മെയ് 16-ന് ആ ഉത്തരവിറങ്ങിയത്... പിന്നെ സര്‍ക്കാര്‍ മാറി.. ആ ഉത്തരവ് പോയി, വേറെ ഉത്തരവുണ്ടായി.. അതിനുള്ള നിയമം രാഷ്ട്രപതിയുടെ ഓഫീസില്‍ ഇപ്പോഴും പൊടിപിടിച്ച്.... പിന്നെയും ഉത്തരവുകളുണ്ടായെങ്കിലും മലയാളം മാധ്യമംസ്‌കൂളുകള്‍തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒ എന്‍ വി ഇന്നുണ്ടായിരുന്നെങ്കില്‍ എത്രമാത്രം വേദനിക്കുമായിരുന്നുവെന്ന് മനസ്സില്‍ കാണുന്നുണ്ട്. ഏതായാലും ഒഎന്‍വി ഏറെ ആഗ്രഹിച്ച ക്ലാസിക് ഭാഷാ പദവി മലയാളത്തിന് ലഭിച്ചു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ അതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. പക്ഷേ ആ പദവികൊണ്ട് ഭാഷയ്ക്ക്‌നേട്ടമുണ്ടാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. വിദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും മലയാളികളുടെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കുയെന്നലക്ഷ്യത്തോടെ മലയാളം മിഷന്‍ രൂപവല്‍ക്കരിക്കുന്നതിലും പ്രധാന ശക്തിയായി വര്‍ത്തിച്ചത് ഒ എന്‍ വിയാണ്.

മൂന്നാര്‍ ദൗത്യത്തിന് ശേഷം കെ സുരേഷ്‌കുമാര്‍ ഐഎഎസ്സിനെ ഒതുക്കാന്‍ വലിയ ശ്രമം നടന്നുവല്ലോ. കുറക്കാലം പണിയൊന്നും നല്‍കാതെ പുറത്തിരുത്തി, പിന്നെ ഔദ്യോഗികഭാഷാ വകുപ്പ് സെക്രട്ടറിയാക്കി. ഈ ഘട്ടത്തിലാണ് മലയാളം മിഷന്‍ രൂപവല്‍ക്കരണത്തിന് വേഗമുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെന്ന നിലയില്‍ ഈ ലേഖകന്‍ ആ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും ചട്ടരൂപവല്‍ക്കരണത്തിലും കഴിയാവുന്ന പങ്കുവഹിച്ചു. മലയാളം മിഷന്റെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിലും മറ്റും മുഖ്യ പങ്കുവഹിച്ചത് കെ. സുരേഷ്‌കുമാര്‍തന്നെ. ഒ എന്‍ വി, സുഗതകുമാരി, ഓംചേരി, പിരപ്പന്‍കോട് മുരളി, എഴുമറ്റൂര്‍ രാജരാജവര്‍മ എന്നിവര്‍ ഡയറക്ടര്‍മാര്‍. ഡല്‍ഹിയില്‍ ആയിരക്കണക്കിന് മലയാളികള്‍ പങ്കെടുത്ത്, അവിടുത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മുഖ്യതിഥിതിയായ ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനാണ് മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്തത്. ഔദ്യോഗികമായി തന്റെ വിദ്യാര്‍ഥിയല്ലെങ്കിലും സ്വന്തം വിദ്യാര്‍ഥിയെന്ന പരിഗണന ജര്‍മന്‍ യാത്രയിലും ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം ഒ എന്‍ വി കല്പിച്ചുനല്‍കിയിരുന്നു.

ഇനിയൊരു ഫ്‌ളാഷ് ബാക്ക്. 1984 കാലത്ത് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലേക്ക് ഒ എന്‍ വി സ്ഥലംമാറി എത്തുന്നു. ഞാനന്ന് പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃതകോളേജിലാണ്. പല ദിവസങ്ങളിലും ബ്രണ്ണനില്‍ത്തന്നെയാണ്. ഒ എന്‍ വിയുടെ ക്ലാസിലൊക്കെ അതിഥിയായി ഇരിക്കും! രണ്ടാം വര്‍ഷം എം എയ്ക്ക് ഒരു സീറ്റൊഴിഞ്ഞപ്പോള്‍ അതിനായി അപേക്ഷിച്ചു. അപേഷകര്‍ നിരവധി.. എന്നാല്‍ കോളേജുമാറ്റം എന്നനിലയില്‍ മറ്റാരുമില്ല. ബിരുദ മാര്‍ക്ക് നോക്കിയാലും എനിക്കാണ് കിട്ടേണ്ടത്. പക്ഷേ എന്തോ ചില സാങ്കേതികത്വം പറഞ്ഞ് സീറ്റ് നിഷേധിക്കുന്ന സ്ഥിതിയോളമെത്തി. മലയാളവിഭാഗം തലവനായ ഒ എന്‍ വിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ക്ഷോഭിച്ച് മുഖം ചുവന്ന് ഒ എന്‍ വി നടക്കൂ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് എന്നു പറഞ്ഞ് മുമ്പില്‍ നടന്നുകഴിഞ്ഞു. പ്രിന്‍സിപ്പലായ പ്രൊഫ. പൂര്‍ണമോദനോട് ഒ എന്‍ വി സാര്‍ ശക്തമായി കാര്യങ്ങള്‍ പറഞ്ഞു. അര്‍ഹത ബാലകൃഷ്ണനാണെന്ന് സ്ഥാപിച്ചു.. ഇപ്പോള്‍ത്തന്നെ ഒപ്പിട്ടുകൊടുക്കണമെന്ന വാശി.. കയ്യോടെ ഒപ്പുവാങ്ങി പട്ടാമ്പിയിലേക്ക് പുറപ്പെട്ടു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് കടലാസെല്ലാം ശരിയാക്കിയെത്തുമ്പോഴേക്കും ഒ എന്‍ വിക്ക് സ്ഥലംമാറ്റമായിക്കഴിഞ്ഞിരുന്നു....

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം