INDIA

'വൃത്തിഹീനമായ തറയിലിരുന്നാണ് പഠിക്കുന്നത്, നല്ല സ്കൂള്‍ പണിതുതരണം മോദിജീ'; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

വെബ് ഡെസ്ക്

''പൊട്ടിപ്പൊളിഞ്ഞ തറയിലിരുന്നാണ് പഠിക്കുന്നത്. യൂണിഫോം ചീത്തയായി ഇനിയും അമ്മയുടെ കയ്യിൽനിന്ന് വഴക്ക് വാങ്ങേണ്ടിവരരുത്. ഞങ്ങൾക്കായി ബെഞ്ചുള്ള, വൃത്തിയുള്ള സ്കൂൾ പണിഞ്ഞു തരണം,'' പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കശ്മീരിൽനിന്നുള്ള കൊച്ചുപെൺകുട്ടിയുടെ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ട് മില്യൺ വ്യൂസും ഒരു ലക്ഷത്തിൽ അധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ലോഹായ്-മൽഹാർ ഗ്രാമത്തിൽ നിന്നുള്ള സീറത് നാസ് എന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. താൻ പഠിക്കുന്ന സർക്കാർ സ്കൂളിന്റെ അവസ്ഥ നേരിട്ട് പ്രധാനമന്ത്രിയെ അറിയിക്കാനാണ് കുട്ടി വിഡിയോ പകർത്തിയത്. പൊട്ടിപ്പൊളിഞ്ഞ സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കേണ്ടി വരുന്ന അവസ്ഥയാണ് കുട്ടി മോദിയോട് പറയാൻ ആഗ്രഹിക്കുന്നത്.

ഫോണിലെ ക്യാമറയിൽ സ്കൂളിലെ സ്റ്റാഫ് റൂമും ക്ലാസ്റൂമും ശുചിമുറിയും പടികളുമുൾപ്പെടെ എല്ലാം കുട്ടി ചിത്രീകരിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിൽ നിന്നുള്ള മാർമിക് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്കൂളിലെ ഏറ്റവും വലിയ കെട്ടിടമായി സീറത് നാസ് ചൂണ്ടിക്കാട്ടുന്നത് പണിതീരാത്ത പഴയ കെട്ടിടമാണ്. അഞ്ച് വർഷമായി ഇതേ സ്ഥിതിയാണെന്ന് അവള്‍ പറയുന്നു

പ്രാദേശിക സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അഞ്ച് മിനിറ്റിൽ താഴെയുള്ള വീഡിയോ ആരംഭിക്കുന്നത്. മോദി ജീ, എനിക്ക് താങ്കളോട് ചിലത് പറയാനുണ്ട് എന്നു പറയുന്ന പെൺകുട്ടി സ്കൂൾ പരിസരം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രിൻസിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും എന്ന് പറഞ്ഞ് കോൺക്രീറ്റ് തേച്ചിട്ടില്ലാത്ത തറയാണ് അവൾ കാണിക്കുന്നത്. ഇത്രയും വൃത്തിഹീനമായ തറയിലിരുന്നാണ് തങ്ങൾ പഠിക്കുന്നതെന്ന് അവൾ പറയുന്നു. സ്കൂളിലെ ഏറ്റവും വലിയ കെട്ടിടമായി പെൺകുട്ടി ചൂണ്ടിക്കാട്ടുന്നത് പണിതീരാത്ത പഴയ കെട്ടിടമാണ് കഴിഞ്ഞ അഞ്ച് വർഷമായി ഇതാണ് സ്ഥിതിയെന്ന് അവള്‍ പറയുന്നു.

"നിങ്ങള്‍ രാജ്യത്ത് എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കില്ലേ. ദയവായി, ഞങ്ങളുടെ അഭ്യർത്ഥന കേൾക്കുക. ഞങ്ങൾക്കായി ഒരു നല്ല സ്കൂൾ പണിയാൻ നിങ്ങൾക്ക് സാധിക്കും. നിലവിൽ ഞങ്ങൾ തറയിലാണ് ഇരിക്കുന്നത്. യൂണിഫോം വൃത്തികേടാകുന്നു. ഇരിക്കാൻ ബെഞ്ചുകളില്ല. ശുചിമുറികൾ എത്ര വൃത്തിഹീനമാണെന്ന് നോക്കൂ. ഞങ്ങൾക്കായി ബെഞ്ചുള്ള സ്കൂൾ പണിഞ്ഞു തരണം. യൂണിഫോം ചീത്തയാകുന്നതിന് അമ്മയുടെ കയ്യിൽനിന്ന് ഇനിയും വഴക്ക് കിട്ടേണ്ടി വരരുത്. ഞങ്ങൾക്കും നല്ല ചുറ്റുപാടിലിരുന്ന് പഠിക്കണം. നല്ല സ്കൂൾ പണിത് തരുക," പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം