INDIA

'നിയമനടപടി ന്യായവും സുതാര്യവുമാകണം'; കെജ്‌രിവാളിൻ്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും

വെബ് ഡെസ്ക്

ജര്‍മനിക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അമേരിക്കയും. കെജ്‌രിവാളിന്റെ അറസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്നും ന്യായവും സുതാര്യതയും സമയബന്ധിതവുമായ നിയമനടപടികള്‍ ഉറപ്പാക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമെന്നും വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ആംആദ്മി പാര്‍ട്ടി നേതാവിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണ ലഭിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി അമേരിക്കയും രംഗത്തുവന്നിരിക്കുന്നത്.

നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ നിയമങ്ങളും ഈ കേസില്‍ പാലിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നാണ് ജര്‍മന്‍ വിദേശകാര്യ വക്താവ് വെള്ളിയാഴ്ച പറഞ്ഞത്.

ഇതിനോട് ശക്തമായി പ്രതികരിച്ച കേന്ദ്ര സര്‍ക്കാര്‍ ജര്‍മന്‍ വക്താവിനെ വിളിച്ചുവരുത്തുകയും ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലാണിതെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയുടെ ഇടപെടലില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

ഡല്‍ഹി മദ്യനയ അഴിമതിക്കേേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ വസതിയില്‍ എത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവില്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണ്. ജയിലിനുള്ളില്‍ കെജ്‌രിവാളിന് ഭരണം തുടരാനാകില്ലെന്ന വിലയിരുത്തലുകള്‍ക്കിടയിലും ഇതിനകം രണ്ട് ഉത്തരവുകള്‍ മുഖ്യമന്ത്രി പുറപ്പെടുവിച്ചിട്ടുണ്ട്. കെജ്‌രിവാളിനെ അറസ്റ്റിനെ തുടർന്ന് ആംആദ്മിയും ഇന്ത്യ മുന്നണിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ച എഎപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ പാർട്ടി ആസൂത്രണം ചെയ്തിരുന്നു.

ഡല്‍ഹിയില്‍ പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധങ്ങളെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. ഗതാഗതം വഴിതിരിച്ചുവിട്ടും മെട്രോ സ്‌റ്റേഷനുകള്‍ അടച്ചുമാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. റോഡുകളിലെ വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ