INDIA

ഭരണഘടനയുടെ നിലനിൽപ്പ് പോലും ആശങ്കയില്‍; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറ്റം വ്യാപകമെന്ന് സിബിസിഐ

ദ ഫോർത്ത് - ബെംഗളൂരു

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കാത്തലിക്ക് ബിഷപ്സ് കോൺഫറസ്‌ ഓഫ് ഇന്ത്യ സമ്മേളനം. രാജ്യത്തെ പൗരന്മാരെ സമ ഭാവനയോടെ കാണുന്ന ഭരണ ഘടനയുടെ നിലനിൽപ്പ് ചോദ്യ ചിഹ്നമായിരിക്കുകയാണെന്ന് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള ഭരണഘടനയില്‍ മാറ്റം വരുത്തരുതെന്ന് ബംഗളുരുവിൽ നടന്ന ബിഷപ്മാരുടെ സമ്മേളനം ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനകളിലൊന്നാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ നിലനില്‍പ്പില്‍ ആശങ്കയുണ്ട്. ഭരണഘടന എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണെന്നും കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാജ്യത്ത് ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും രാഷ്ട്രത്തിന്റെ നേതൃത്വത്തോട് യോജിച്ച് പോകണമെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം ബംഗളുരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏറ്റവും അധികം അതിക്രമം നടക്കുന്നത്. മണിപ്പൂരില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെട്ടു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരു പറഞ്ഞു സഭയുടെ സ്ഥാപനങ്ങൾക്ക് നേരെ അതിക്രമം അരങ്ങേറി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറിയാണ് ഇവയെല്ലാം നടക്കുന്നത്. ഭരണഘടന മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച അവകാശങ്ങൾ നഷ്ടപ്പെടുകയാണ്. സഭയുടെ കീഴിലുളള പല അനാഥാലയങ്ങളും നിര്‍ത്തേണ്ടി വന്നു. ഇനി സ്‌കൂളുകളും നിര്‍ത്തണ്ടി വരുമോയെന്ന ആശങ്കയുണ്ട്.

"തിരിച്ചടിക്കുക എന്നത് ക്രിസ്ത്യൻ സഭയുടെ നയമല്ല, പക്ഷേ ഞങ്ങളെ അടിച്ചാൽ എന്തിന് അടിച്ചു എന്ന് ചോദിക്കും. ഭരണാധികാരികളോട് ഇക്കാര്യം തുടർന്നും ഉന്നയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്,"ബിഷപ് വിശദീകരിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നല്ല ബന്ധം സൂക്ഷിക്കാനാണ് സഭ ശ്രമിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാനോ പ്രവര്‍ത്തിക്കാനോ അച്ചന്‍മാരോ മെത്രാന്‍മാരോ ശ്രമിക്കരുത്. വിഷയാധിഷ്ഠിതമായി രാഷ്ട്രീയ നിലപാടുണ്ടാകാം. പക്ഷേ, അത് രാഷ്ട്രീയമല്ല. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് സഭ അനുകൂലമാകണോ പ്രതികൂലമാകണോ എന്ന് പറയാനാകില്ല, കേരളത്തിൽ സഭ ബിജെപിയോട് അടുക്കുന്നോയെന്ന ചോദ്യത്തിന് ആർച്ച് ബിഷപ്പിന്റെ പ്രതികരണം. തൃശൂരിൽ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണുന്ന ലോക്സഭാംഗം ഉണ്ടാവട്ടെ എന്നും ആൻഡ്രുസ് താഴത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

പാലയൂർ പപള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവിന്റെ പ്രസ്താവനയെ ബിഷപ് ആൻഡ്രുസ് തിരുത്തി. ചരിത്രം പഠിച്ചാൽ ഇതിന്റെയൊക്കെ സത്യം മനസിലാവുന്നതേ ഉള്ളൂ. ക്രിസ്തു മതത്തിനു ഇന്ത്യയിൽ 2000 വർഷത്തെ ചരിത്രം ഉണ്ട്. പാലയൂർ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ്. ചരിത്രം പഠിക്കാൻ എല്ലാവരും തയ്യാറാകണം എന്ന് മാത്രമേ ഇതിൽ പറയാൻ ഉള്ളൂ എന്നും ആർച്ച് ബിഷപ്പ് ആന്ഡ്രൂസ് താഴത്ത് പ്രതികരിച്ചു.

ബിഷപ്പ് പാംബ്ലാനിയോട് ചോദിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന പി സി ജോർജിന്റെ പ്രസ്താവന അസത്യമാണെന്നും ബിഷപ് ആൻഡ്രുസ് താഴത്ത് പറഞ്ഞു.

"ഒരു മതനേതാവും അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നോട് പിസി ജോർജ് അങ്ങനെ ചോദിച്ചിട്ടില്ല.അങ്ങനെ ചോദിച്ചാൽ രാഷ്ട്രീയനിലപാട് താൻ നടത്തുകയും ഇല്ല"

നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചും സിബിസിഐ യോഗം വിശദമായി ചർച്ച ചെയ്തു. ഡിജിറ്റൽ ലോകത്തേക്ക് ക്രൈസ്തവരും കടക്കണം. എല്ലാ രൂപതകളിലും ഇടവകകളിലും നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിന്റെ നന്മയെ കുറിച്ച് പഠിപ്പിക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു . നിര്‍മിത ബുദ്ധിയുടെ നന്മയും തിന്മയും തിരിച്ചറിഞ്ഞ് പെരുമാറുകയാണ് മാറി നിൽക്കുകയല്ല ക്രൈസ്തവ സമൂഹം ചെയ്യേണ്ടതെന്നും സമ്മേളനം അഭ്യർത്ഥിച്ചു .

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം