INDIA

മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾ, ജീവനെടുക്കുന്ന മരുന്നുകൾ; ഗുണനിലവാരം ഉറപ്പാക്കാൻ നടപടികൾ കര്‍ശനമാക്കി കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്

രോഗം മാറാനുള്ള മരുന്നുകൾ തന്നെ ജീവൻ എടുക്കുമെന്ന ആശങ്കയുണ്ടായാലോ അത്തരമൊരാശങ്കയിലൂടെയാണ് പൊതുസമൂഹം കടന്നുപോകുന്നത്. ഇന്ത്യൻ നിർമിത മരുന്നുകളിൽ പലതിലും മരണത്തിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയെന്നും മരണമടക്കമുള്ളവ സംഭവിച്ചെന്നുമുള്ള ആരോപണങ്ങൾക്ക് പിന്നാലെ കേന്ദ്രസർക്കാരും ആന്റി ബയോടിക്കുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേരള സർക്കാരും ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കഫ് സിറപ്പ് കുഞ്ഞുങ്ങൾക്ക് കൊടുക്കരുതെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആംബ്രോണോൾ സിറപ്പ്, ഡോക്ക്-1 മാക്സ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് കുഞ്ഞുങ്ങൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത്.

മരുന്നുകളിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്ഒ അറിയിച്ചിരുന്നു. ഇതോടെ മരുന്നുകളുടെ നിർമാണത്തിൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ മരുന്നുകൾക്ക് എതിരെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സർക്കാർ നടപടി.

'ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ അവയുടെ ഉദ്ദേശിച്ച ഉപയോഗത്തിന് അനുയോജ്യമാണെന്നും ലൈസൻസിന്റെ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും പര്യാപ്തമായ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുകയും ഇവ രോഗികളെ അപകടത്തിലാക്കുന്നില്ലെന്നും ഉറപ്പാക്കാൻ നിർമ്മാതാവ് അവയുടെ ഗുണനിലവാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,' എന്നും സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

പ്രതീകാത്മക ചിത്രം

മരുന്നുകൾ പരിശോധന നടത്തി അവയിലെ ചേരുവകളെ കുറിച്ചുള്ള പരിശോധനയും പാസായാൽ മാത്രമേ കമ്പനികൾ ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കാൻ പാടുള്ളുവെന്നും കൂടാതെ ഒരോ ബാച്ചിന്റെയും ആവർത്തിച്ചുള്ള പരിശോധന നടത്തണമെന്നും ഉൽപ്പന്നങ്ങളുടെ സാമ്പിളുകളുടെ മതിയായ അളവ് സൂക്ഷിക്കണമെന്നും സർക്കാർ സർക്കുലറിൽ പറഞ്ഞു.

ഇന്ത്യയിലെ 8,500 ചെറുകിട മരുന്ന് ഫാക്ടറികളിൽ നാലിലൊന്നിൽ താഴെ മാത്രമേ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മരുന്ന് നിർമ്മാണ നിലവാരം പാലിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ട്. വൻകിട മരുന്ന് നിർമ്മാതാക്കൾ ആറ് മാസത്തിനുള്ളിലും ചെറുകിട നിർമ്മാതാക്കൾ 12 മാസത്തിനുള്ളിലും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. അതേസമയം ചെറുകിട കമ്പനികൾ സമയപരിധി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു, മാനദണ്ഡങ്ങൾ പാലിക്കുന്നതിന് സമയം അനുവദിച്ചില്ലെങ്കിൽ പകുതിയോളം കമ്പനികൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കമ്പനികൾ പറയുന്നത്.

ഇതിനിടെ കേരളത്തിലും മരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനെതിരെയാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങുന്നതിനെതിരെ ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങുകയും ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക്് കാരണമാകുകയും ചെയ്യുന്നതായിട്ടാണ് റിപ്പോർട്ട്. സ്വന്തം ആരോഗ്യവും കകുടുംബത്തിന്റെ ആരോഗ്യവും മുൻനിർത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിയ്ക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

വീണാ ജോര്‍ജ്ജ്

ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കാതിരിക്കാനും അവബോധം നൽകി വരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നതും തെറ്റായ ക്രമങ്ങളിൽ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നതും ആപത്താണ്.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ്.

കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കേണ്ടതാണ്. 'ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല' എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു

'രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി'; പ്രസിഡന്റ് റെയ്സിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

'എൻഐഎയും അഖണ്ഡ ശക്തി മോർച്ചയും', പുതിയ താരങ്ങളായി സുരാജും ഷറഫുദ്ദീനും; ലീക്കായി എമ്പുരാൻ ലൊക്കേഷൻ ദൃശ്യങ്ങൾ