INDIA

കോവിഡ് കുറഞ്ഞു; വിമാനത്താവളങ്ങളില്‍ ആർടി-പിസിആർ നിർത്തലാക്കി, തെർമല്‍ സ്ക്രീനിങ് മാത്രം

വെബ് ഡെസ്ക്

രാജ്യത്തെ കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് പ്രകാരം, വിമാനത്താവളങ്ങളിലെ ആർടി-പിസിആർ ടെസ്റ്റിങ് നിർത്തലാക്കി. പകരം, തെർമല്‍ സ്ക്രീനിങ് മാത്രമാണ് ഉണ്ടാവുക. പുതുക്കിയ മാർഗനിർദേശങ്ങള്‍ ജൂലൈ 20 മുതൽ നിലവിൽ വരുമെന്നും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് ബാധകമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, വിമാനക്കമ്പനികളും അന്താരാഷ്ട്ര യാത്രക്കാരും പാലിക്കേണ്ട മുന്‍കരുതല്‍ മാനദണ്ഡങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മുൻകരുതൽ നടപടികൾ, മാസ്കിന്റെ ഉപയോഗം, ശാരീരിക അകലം പാലിക്കൽ എന്നിവയുൾപ്പെടെ കോവിഡ് പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ ഇൻ ഫ്ലൈറ്റ് അറിയിപ്പുകളില്‍ മാറ്റമുണ്ടാകില്ല

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡ് -19 നെതിരായ വാക്സിനേഷന്റെ അംഗീകൃത ഷെഡ്യൂൾ അനുസരിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം. വിമാനത്താവളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഉദ്യോഗസ്ഥർ തെർമൽ സ്ക്രീനിങ് നടത്തും. ഈ സമയം, രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രോട്ടോകോൾ പ്രകാരം, ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രാലയം പറയുന്നു. കൂടാതെ, എല്ലാ യാത്രക്കാരും യാത്ര അവസാനിച്ച ശേഷവും സ്വയം നിരീക്ഷിച്ച്, ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 49 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 44 ദശലക്ഷം ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 98 ശതമാനം പേര് സുഖം പ്രാപിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍