INDIA

ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാദ് യാദവിനും ഭാര്യക്കുമെതിരെ സമൻസ്

വെബ് ഡെസ്ക്

ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസിൽ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കുമെതിരെ സമൻസ്. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് സമൻസ് അയച്ചത്. മാർച്ച് 15ന് ഹാജരാകണമെന്നാണ് നിർദേശം. ഇന്ത്യൻ റെയിൽവേയിലെ റിക്രൂട്ട്‌മെന്റിൽ കൃത്രിമം നടത്തിയെന്നും ഭൂമിക്ക് പകരം ജോലി നൽകിയെന്ന കേസിൽ ലാലു പ്രസാദ് യാദവിന് പങ്കുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സിബിഐ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി ഉൾപ്പെടെ 14 പ്രതികൾക്കാണ് ഡൽഹി റോസ് അവന്യൂ സമൻസ് അയച്ചത്. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുൻ എംഎൽഎയുമായ ഭോല യാദവ്, ഹൃദയാനന്ദ് ചൗധരി എന്നിവരും റെയിൽവേ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിൽ പ്രതികളാണ്. കഴിഞ്ഞ ജൂലൈ 27നാണ് ആർജെഡി നേതാവ് ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തത്. 2004 നും 2009 നും ഇടയിൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയിരുന്നു ഭോല. 2018ൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കാണിച്ച് ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ കേസ് 2021ൽ സിബിഐ അവസാനിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയിലെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയന്നൊണ് ലാലു പ്രസാദിനെതിരെയുള്ള ആരോപണം. ജോലി നൽകുന്നതിന് പകരമായി ഒരു ലക്ഷം രൂപ വിലയുള്ള ഭൂമി ഉദ്യോഗാർത്ഥികളിൽ നിന്ന് സ്വന്തം കുടുംബത്തിന്റെ പേരിലേക്ക് ലാലു മാറ്റിയെന്നാണ് കേസ്.

ലാലു പ്രസാദ് യാദവും കുടുംബവും

ഒരു സ്വകാര്യ കമ്പനി മുഖാന്തരമാണ് കൈക്കൂലി സ്വീകരിച്ചതെന്നും പിന്നീട് ഈ സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ വഴി കൈക്കലാക്കിയെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. റെയില്‍വേയില്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി പരസ്യമോ മറ്റ് വിജ്ഞാപനമോ നല്‍കിയിട്ടില്ലെന്നും നിയമനം നടത്താന്‍ പ്രത്യേക തിടുക്കം കാണിച്ചെന്നുമാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. നിയമനത്തിന്റെ അടിയന്തര സാഹചര്യമില്ലാത്ത സമയത്തായിരുന്നു നിയമനം നടന്നതെന്നും പിന്നീട് നിയമനത്തിന് അംഗീകാരം നല്‍കിയതെന്നുമാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയില്‍ കഴിയുകയാണ് ലാലു പ്രസാദ് യാദവ്. സിംഗപ്പൂരിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഫെബ്രുവരി 12നാണ് അദ്ദേഹം തിരിച്ചെത്തിയത്. 74 കാരനായ ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യയാണ് വൃക്ക നല്‍കിയത്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ