അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍  
INDIA

അനുകൂല വിധിക്ക് പിന്നാലെ സർവീസസ് സെക്രട്ടറിയെ പുറത്താക്കി ഡൽഹി സർക്കാർ

വെബ് ഡെസ്ക്

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ അനുകൂലമായ വിധി വന്നതിന് പിന്നാലെ സർവീസസ് സെക്രട്ടറിയെ നീക്കി ആം ആദ്മി പാർട്ടി സർക്കാർ. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴികെയുള്ള ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെയാണ് നിര്‍ണായക നീക്കം.

സർവീസസ് സെക്രട്ടറി ആശിഷ് മോറയെയാണ് ഡൽഹി സർക്കാർ പുറത്താക്കിയത്. കഴിഞ്ഞ എട്ട് വർഷമായി തന്റെ സർക്കാർ പൊരുതുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ ഡൽഹിയിൽ ഭരണപരമായ ഒരു വൻ അഴിച്ചുപണി ഉണ്ടാകുമെന്നും ഉത്തരവിന് പിന്നാലെ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഭിന്നവിധി ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്. എല്ലാ സേവനങ്ങളിലും ഡൽഹി സർക്കാരിന് അധികാരമില്ലെന്ന ജസ്റ്റിസ് ഭൂഷന്റെ ഭിന്ന വിധിയോട് യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിധിപ്രസ്താവം.

ഡൽഹി ഒരു വലിയ സംസ്ഥാനമായതിനാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമുളള അധികാരം ഗവർണർക്ക് നൽകണമെന്ന ആവശ്യമായിരുന്നു കേന്ദ്രസർക്കാർ ഉന്നയിച്ചത്. 2022 മെയ് 6 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. സംസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് സേവനങ്ങളുടെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.  2022 ഏപ്രിൽ 27ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് വിഷയം പരി​ഗണിക്കാനായി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

'ഉടൻ ഒഴിയണം;' റഫാ ആക്രമിക്കാന്‍ തയാറെടുത്ത് ഇസ്രയേൽ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

പറമ്പിലെ അരളിയല്ല പാട്ടിലെ അരളി

യുനെസ്‌കൊ വേള്‍ഡ് പ്രസ് ഫ്രീഡം പുരസ്കാരം ഗാസയിലെ പലസ്തീന്‍ മാധ്യമപ്രവർത്തകർക്ക്

കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു