INDIA

ഏകീകൃത സിവിൽ കോഡിനെതിരെ എൻഡിഎയിലും എതിർപ്പ്; ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുമെന്ന് എൻപിപി

വെബ് ഡെസ്ക്

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ എൻഡിഎ സഖ്യകക്ഷി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എൻഡിഎയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകർക്കുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു.

"ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ യഥാർത്ഥ ആശയത്തിന് വിരുദ്ധമാണ്. ഇന്ത്യ വൈവിധ്യമാർന്ന രാഷ്ട്രമാണ്. നമ്മുടെ ശക്തി വൈവിധ്യത്തിലാണ്," - സാങ്മ പറഞ്ഞു. "സർക്കാർ ഏത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. ബില്ലിന്റെ യഥാർഥ ഉള്ളടക്കം ഇപ്പോഴും വ്യക്തമല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഒരു തനതായ സംസ്കാരമുണ്ട്. അതിന് കോട്ടം തട്ടരുതെന്നാണ് ആഗ്രഹിക്കുന്നത്" - കോൺറാഡ് സാങ്മ പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ), നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ) എന്നിവയിൽ അംഗമായ എൻപിപിയാണ് ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിനെ (എംഡിഎ) നയിക്കുന്നത്. 60 സീറ്റുകളുള്ള നിയമസഭയിൽ സാങ്മയുടെ പാർട്ടിക്ക് 28 എംഎൽഎമാരുള്ളപ്പോൾ ബിജെപിക്ക് രണ്ട് എംഎൽഎമാരാണുള്ളത്. മേഘാലയ കൂടാതെ മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ എൻപിപിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്, നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും പാർട്ടി എംപിമാരുമുണ്ട്.

മതപരമായ അവകാശങ്ങൾ, ലിംഗനീതി, ദേശീയോദ്ഗ്രഥനം എന്നിവയെ കുറിച്ചുള്ള സംവാദങ്ങൾക്ക് തുടക്കമിട്ട ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ബിജെപി നേരിടാൻ പോകുന്നത് പ്രാദേശിക പാർട്ടികളിൽ നിന്നുമുളള വിയോജിപ്പുകളായിരിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് എൻപിപിയിൽ നിന്നുള്ള ഇപ്പോഴത്തെ നീക്കം. ‌നേരത്തെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി നിയമ കമ്മീഷൻ പൊതു-മത സംഘടനകളുടെ കാഴ്ചപ്പാടുകൾ ക്ഷണിച്ചിരുന്നു. അതിനിടെ, ഏക സിവിൽ കോഡ് സംബന്ധിച്ച് ചർച്ച ചെയ്യാനായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം സ്റ്റാൻഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും. ഈമാസം അവസാനം ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളത്തിൽ ബിൽ അവതരിപ്പിച്ചേക്കും. ബിൽ അവതരിപ്പിച്ചശേഷം പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനാണ് നീക്കം.

ഏകീകൃത സിവില്‍ കോഡ് സംഘപരിവാര്‍ അജണ്ട അല്ലെന്നും ഭരണഘടന വിഭാവനം ചെയ്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വിസ്മയ പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ ഇഫ്തിഖർ അഹമ്മദ് റിമാൻഡിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി