INDIA

ചീറ്റകളുടെ മരണ കാരണം അണുബാധ തന്നെ; ഇന്ത്യൻ കാലാവസ്ഥയിൽ അതിജീവനം പ്രയാസമെന്ന് വിദഗ്ധർ

വെബ് ഡെസ്ക്

ഇന്ത്യയിലെ ചീറ്റകളുടെ മരണകാരണം അണുബാധ തന്നെയാണെന്ന് വ്യക്തമാക്കി പ്രോജക്ട് ചീറ്റയുടെ അന്താരാഷ്ട്ര വിദഗ്ധർ. ആഫ്രിക്കൻ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള രോമ വളർച്ച ഇന്ത്യൻ കാലാവസ്ഥയിൽ സംഭവിച്ചപ്പോഴുണ്ടായ അണുബാധയാണ് ചീറ്റകളെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ആഫ്രിക്കൻ ശീതകാല സമയം ചീറ്റയുടെ ശരീരത്തിൽ കട്ടിയുള്ള രോമ വളർച്ച ഉണ്ടാകാറുണ്ട്. എന്നാൽ ഈ സ്വാഭാവിക പ്രക്രിയ ഈർപ്പവും ചൂടുമുള്ള ഇന്ത്യയുടെ സാഹചര്യത്തിൽ വിപരീത ഫലം ചെയ്തതാണ് ചീറ്റകളുടെ മരണ കാരണം.

ശൈത്യകാലത്ത് അമിത രോമങ്ങൾ നീക്കം ചെയ്ത് അണുബാധയും അതുമൂലമുള്ള മരണവും തടയണമെന്നാവശ്യപ്പെടുന്ന നിർദേശങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് പ്രോജക്ട് ചീറ്റ വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു.

ചീറ്റയുടെ കട്ടിയുള്ള രോമവും ഭാരമുള്ള പരന്ന വലിയ ശരീരവും പരാന്നഭോജികൾക്ക് പ്രത്യേക സങ്കേതമൊരുക്കുകയാണ്. ഇതിന്റെയൊപ്പം ഇന്ത്യയിലെ അനുകൂല കാലാവസ്ഥ കൂടിയായപ്പോൾ അണുബാധയേൽക്കാനുള്ള സാധ്യത വർധിച്ചു. ഇങ്ങനെ അണുബാധയേറ്റ ശരീരഭാഗത്ത് ഈച്ച പോലെയുള്ള പ്രാണികൾ കടിക്കുന്നതും അണുബാധ വർധിപ്പിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. ഇത്തരത്തിൽ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്ന അണുബാധ നട്ടെല്ലിന്റെ ഭാഗത്തൂടെ ഒഴുകി പടരുന്നതിലൂടെ ബാക്കിയുള്ള ശരീര ഭാഗത്തേയ്ക്കും വ്യാപിക്കുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നിലവിലെ സാഹചര്യത്തിൽ കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്യുന്നത് നിർത്തി വയ്ക്കണമെന്ന് വന്യജീവി വിദഗ്ധനും ബെംഗളൂരുവിലെ ബയോഡൈവേഴ്‌സിറ്റി കോ ഓർഡിനേറ്ററുമായ രവി ചെല്ലം ആവശ്യപ്പെട്ടു.

എന്നാൽ എല്ലാ ചീറ്റകളെയും ഈ പ്രശ്നം ബാധിക്കുകയില്ല. നീളൻ രോമങ്ങളുള്ള ചീറ്റകളിൽ മാത്രമാണ് ഇത്തരം അണുബാധകൾ കൂടുതലായി കണ്ടുവരുന്നത്. നീളൻ രോമങ്ങൾ വളരാത്ത ചീറ്റകൾക്ക് ഇന്ത്യൻ കാലാവസ്ഥയിൽ തുടരാൻ സാധിക്കും. അതേസമയം ആഫ്രിക്കയിലെ ഉദ്യോഗസ്ഥർ പോലും ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ട് ദക്ഷിണാഫ്രിക്കൻ ആൺ ചീറ്റകളായ തേജസും, സൂരജും കഴുത്തിലെ റേഡിയോ കോളറുകൾ മൂലമുണ്ടായ മുറിവുകളിൽ നിന്നുള്ള അണുബാധയെത്തുടർന്ന് ചത്തിരുന്നു. പക്ഷെ ചീറ്റപ്പുലികളുടെ മരണങ്ങളെല്ലാം സ്വാഭാവിക മരണങ്ങളെന്നായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം.

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

സ്തനാര്‍ബുദ ചികിത്സയില്‍ 'ഗെയിം ചേഞ്ചര്‍'; വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം