INDIA

സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഡൽഹിയിൽ എത്തി; വിമാനത്തിൽ 19 മലയാളികളുൾപ്പെടെ 360 പേർ

വെബ് ഡെസ്ക്

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. കേന്ദ്ര സർക്കാരിന്റെ 'ഓപ്പറേഷൻ കാവേരി' വഴി 360 പേരാണ് ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിൽ 19 മലയാളികളുമുണ്ട്.

സൗദി എയർലൈൻസ് SV3620ൽ രാത്രി ഒൻപത് മണിയോടെയാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്. രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽ നിന്ന് യാത്ര അയച്ചത്. അഭിമാനവും ആഹ്ലാദവും നൽകുന്ന നിമിഷമാണിതെന്ന് ജിദ്ദയിൽ നിന്ന് സംഘത്തെ കയറ്റി വിട്ടശേഷം വി മുരളീധരൻ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നൽകിയ സൗദി മന്ത്രാലയത്തിന് വി മുരളീധരൻ നന്ദി രേഖപ്പെടുത്തി. മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്.

സുഡാൻ നഗരമായ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി, വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. 

അതേസമയം, ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തിലേക്ക് എത്തിക്കും. ഡൽഹിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സർക്കാർ നൽകും. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ഇവർക്കുള്ള താമസവും ഭക്ഷണവുമെല്ലാം കേരളാ ഹൗസിൽ ഏർപ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു.

'ഓപ്പറേഷന്‍ കാവേരി'യുടെ ഭാഗമായി 16 മലയാളികള്‍ ഉള്‍പ്പെടെ 534 പേരെയാണ് സൗദിയില്‍ എത്തിച്ചത്. ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍ ഏകദേശം മൂവായിരത്തിലധികം ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഫ്രാന്‍സ് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ച് ജിബൂട്ടിയിലെ ഫ്രാന്‍സ് സൈനികതാവളത്തിൽ എത്തിച്ചിരുന്നു. ശനിയാഴ്ച സൗദി അറേബ്യയും അവരുടെ പൗരന്‍മാര്‍ക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ