INDIA

സർവീസുകൾ തുടര്‍ച്ചയായി റദ്ദാക്കുന്നു; ഗോ ഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡിജിസിഎ

വെബ് ഡെസ്ക്

തുടര്‍ച്ചയായി സര്‍വീസുകൾ റദ്ദാക്കുന്ന ഗോ ഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസയച്ച് ഡിജിസിഎ. കാര്യക്ഷമമായ രീതിയില്‍ സര്‍വീസ് നടത്താന്‍ സാധിക്കാത്തതിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നേരിട്ടോ അല്ലാതെയോ ടിക്കറ്റ് ബുക്കിങ്ങും വില്‍പ്പനയും നടത്തരുതെന്ന് ഡിജിസിഎ നിർദേശം നൽകി.

നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ ഗോ ഫസ്റ്റ് മറുപടി നല്‍കണമെന്നാണ് ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുന്നത്. മേയ് പതിനഞ്ച് വരെ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവച്ച ഗോ ഫസ്റ്റ് മേയ് 12 വരേയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ മുഴുവന്‍ ടിക്കറ്റുകളുടേയും തുകയും തിരിച്ചുനല്‍കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് ഇടക്കാല മോറട്ടോറിയത്തിനായി കഴിഞ്ഞയാഴ്ചയാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചത്. വാദംകേട്ട എൻസിഎൽടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചിരിക്കുകയാണ്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരം ഇടക്കാല മോറട്ടോറിയം ലഭിച്ചാൽ കമ്പനിയുടെ തീർപ്പാക്കാത്ത കടങ്ങൾ സംബന്ധിച്ച എല്ലാ നിയമനടപടികളും സ്റ്റേ ചെയ്യപ്പെടും. വാടകയ്ക്ക് നൽകിയവർ വിമാനം തിരിച്ചെടുക്കുന്നത് തടയുക, ഡിജിസിഎ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് തടയുക, അവശ്യ സർവീസുകള്‍ സേവനദാതാക്കള്‍ മുടക്കാതെ നോക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് തേടിയാണ് എൻസിഎൽടിയെ ഗോ ഫസ്റ്റ് സമീപിച്ചത്.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റിന് ഏകദേശം 11,000 കോടി രൂപയുടെ ബാധ്യതയാണുള്ളത്. കൺസോർഷ്യവുമായുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് ഗോ ഫസ്റ്റ് ട്രിബ്യൂണലിനെ അറിയിച്ചു. ബാങ്ക് അക്കൗണ്ട് ഡിഫ്രീസ് ചെയ്യാനും എൻസിഎൽടിയോട് അപേക്ഷിച്ചിട്ടുണ്ട്.

കുടിശ്ശിക അടയ്ക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജിയല്ല ഇതെന്ന് വ്യക്തമാക്കിയ ഗോ ഫസ്റ്റ് എയർലൈൻസ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), സ്വകാര്യ എയർപോർട്ട് ഓപ്പറേറ്റർമാർ എന്നിവർ കമ്പനിക്ക് അനുവദിച്ചിട്ടുള്ള പുറപ്പെടൽ, പാർക്കിങ് സ്ലോട്ടുകൾ റദ്ദാക്കരുതെന്ന മറ്റൊരു അപേക്ഷയും നൽകിയിട്ടുണ്ട്.

എന്നാൽ ഗോ ഫസ്റ്റിന്റെ ആവശ്യങ്ങളെ വിമാനം വാടകയ്ക്ക് നൽകിയ കമ്പനികൾ എതിർത്തു. തങ്ങളുടെ ഭാഗം കേൾക്കാതെ പാപ്പരത്വ നടപടികൾ ആരംഭിക്കരുതെന്ന് ഇവർ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (പാപ്പർ നിയമ സംഹിത) പ്രകാരം ഇടക്കാല മൊറട്ടോറിയം അനുവദിക്കാൻ വ്യവസ്ഥയില്ലെന്ന് നേരത്തെ വാദത്തിനിടെ എൻസിഎൽടി വ്യക്തമാക്കിയിരുന്നു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ഡച്ച് ബാങ്ക് എന്നിവിടങ്ങളില്‍ ഗോ ഫസ്റ്റിന് സാമ്പത്തിക ബാധ്യതയുണ്ട്. കൺസോർഷ്യം വായ്പ ഇനത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലും ബാങ്ക് ഓഫ് ബറോഡയിലും 1,300 കോടി രൂപ ബാധ്യതയുണ്ട്. ഐഡിബിഐ ബാങ്കിന് 50 കോടി രൂപയും. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗോ ഫസ്റ്റ് സിഇഒ ഖോന പറഞ്ഞിരുന്നു.

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം