INDIA

ഒഡിഷയിൽ വീണ്ടും ട്രെയിൻ അപകടം; ചരക്ക് തീവണ്ടിയുടെ അഞ്ച് ബോഗികൾ മറിഞ്ഞു, ആളപായമില്ല

വെബ് ഡെസ്ക്

275 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ, ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ഒഡിഷയിലെ ബാർഗഡിൽ സ്വകാര്യ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സിമന്റ് കൊണ്ടുപോകുകയായിരുന്നു ചരക്ക് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ പാളത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സ്വകാര്യ സിമന്റ് കമ്പനിക്കാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്ക് (നാരോ ഗേജ്) എന്നിങ്ങനെയുള്ളവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും ചെയ്യേണ്ടത് കമ്പനിയാണെന്നും റെയില്‍വേ വ്യക്തമാക്കി.

ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ചരക്ക് തീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതാതായാണ് ഔദ്യോഗിക കണക്കുകൾ. 51 മണിക്കൂര്‍ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ പ്രശ്നബാധിത ട്രാക്കുകൾ പുനഃസ്ഥാപിച്ച് പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങി. അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതിന് പിന്നാലെ ഞായറാഴ്ച രാത്രി ആദ്യ ട്രെയിൻ ട്രാക്കിലൂടെ കടന്നുപോയി.

അപകടത്തിന്റെ മൂലകാരണവും അതിന് ഉത്തരവാദികളായ ആളുകളെയും തിരിച്ചറിഞ്ഞതായി മന്ത്രി വ്യക്തമാക്കിയിരുന്നു. അപകടത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ റെയിൽബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ദുരന്തമുണ്ടായ മേഖലയില്‍ സുരക്ഷാ കമ്മീഷണര്‍ തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുമെല്ലാം മൊഴി നൽകാം. പ്രാഥമിക അന്വേഷണത്തിൽ സിഗ്നല്‍ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ റെയിൽവെ കണ്ടെത്തിയിരുന്നു.സുരക്ഷാ കമ്മീഷണറുടെ വിശദമായ റിപ്പോര്‍ട്ടോടെ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണമുണ്ടാകും.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ