INDIA

'മുഖ്യമന്ത്രിയുടെ ശിപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ നീക്കാനാവില്ല'; സെന്തിൽ ബാലാജിക്കെതിരായ ഹർജിയിൽ സുപ്രീംകോടതി

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് നേരിട്ട് മന്ത്രിമാരെ പുറത്താക്കാനാവില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട് ആരോഗ്യമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കോഴക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള നിയമ നടപടികളിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ വകുപ്പുകളില്ലാത്ത മന്ത്രിയായി മന്ത്രിസഭയില്‍ നിലനിര്‍ത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അഭയ് എസ് ഒക ഉജ്വല്‍ ബഹുയാന്‍ എന്നിവരുടെ നിരീക്ഷണം.

സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. ഈ വിധിയില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി മുഖ്യമന്ത്രിയുടെ അധികാരത്തെ ശരിവച്ചത്. മദ്രാസ് ഹൈക്കോടതിയുടെ വിധി കുറ്റമറ്റതാണ്, കോടതിയുടെ വീക്ഷണത്തോട് ഞങ്ങള്‍ യോജിക്കുന്നു. ആര്‍ട്ടിക്കിള്‍ 136 പ്രകാരം ഒരു മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ഒരു ഇടപെടലും ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ശിപാര്‍ശ പ്രകാരമാണ് സംസ്ഥാന മന്ത്രിമാരെ ഗവര്‍ണര്‍ നിയോഗിക്കുന്നത്. അതിനാല്‍ ഒരു മന്ത്രിയെ പുറത്താക്കാനോ പുതിയ ഒരാളെ ചേര്‍ക്കാനോ ഗവര്‍ണര്‍ക്കാകില്ലെന്നും വ്യക്തമാക്കുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി പുറത്താക്കിയിരുന്നു. ഇ ഡി അറസ്റ്റ് ചെയ്തതിന് ശേഷം വകുപ്പില്ലാമന്ത്രിയായി സെന്തില്‍ ബാലാജി തുടരുന്നതിനിടെ ആയിരുന്നു നടപടി. എന്നാല്‍ വിഷയം വിവാദത്തിന് വഴി തുറന്നതോടെ സെന്തില്‍ ബാലാജിയെ തമിഴ്‌നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു. തീരുമാനം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയായിരുന്നു മണിക്കൂറുകള്‍ക്കകം ഗവര്‍ണറുടെ നാടകീയമായ പിന്മാറ്റം.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും