INDIA

സുപ്രീംകോടതി വിധിക്ക് മൂന്ന് ദിവസം മുൻപ് കേന്ദ്രം അനുമതി നൽകിയത് 10,000 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കാൻ

വെബ് ഡെസ്ക്

സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമെന്ന് വിധിക്കുന്നത് മൂന്ന് ദിവസം മുൻപ് ഒരു കോടിയുടെ വീതം 10,000 ബോണ്ടുകൾ കൂടി അച്ചടിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നതായി റിപ്പോർട്ട്. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (എസ് പി എം സി ഐ എൽ)നാണ് ബോണ്ടുകൾ അച്ചടിക്കാൻ ധനമന്ത്രാലയം അന്തിമാനുമതി നൽകിയത്.

സുപ്രീം കോടതി ഉത്തരവിന് രണ്ടാഴ്ചയ്ക്കുശേഷം, ഫെബ്രുവരി 28 നാണ് ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോണ്ടുകളുടെ അച്ചടി ഉടൻ നിർത്തിവയ്ക്കാൻ പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ദി ഇന്ത്യൻ എക്‌സ്പ്രസിന് ലഭിച്ച ധനമന്ത്രാലയവും എസ്ബിഐയും തമ്മിലുള്ള കത്തിടപാടുകളുടെയും ഇമെയിലുകളുടെയും ഫയൽ നോട്ടിങ്ങുകളിലാണ് ഇക്കാര്യം വ്യക്തമായത്.

ഫെബ്രുവരി 28-ന് എസ്‌ബിഐയിൽനിന്ന് "ഹോൾഡ് ഓൺ പ്രിന്റിങ് ഓഫ് ഇലക്ടറൽ ബോണ്ട്സ് - ഇലക്ടറൽ ബോണ്ട് സ്കീം 2018" എന്ന തലക്കെട്ടോടെയാണ് പ്രിന്റിങ് നിർത്താൻ ആവശ്യപ്പെട്ട് കൊണ്ടുള്ള നിർദേശം എസ്‌ പി എം സി ഐ എല്ലിന് ലഭിച്ചത്.

"ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ വെളിച്ചത്തിൽ, 12.01.2024 ലെ ബജറ്റ് ഡിവിഷൻ ലെറ്റർ വഴി അംഗീകാരം ലഭിച്ച 1,650 ഇലക്ടറൽ ബോണ്ടുകളുടെ അച്ചടി നിർത്തിവയ്ക്കാൻ അഭ്യർത്ഥിക്കുന്നു," എന്നതായിരുന്നു എസ്ബിഐയുടെ ട്രാൻസാക്ഷൻ ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റൻ്റ് ജനറൽ മാനേജർ അയച്ച മെയിൽ സന്ദേശത്തിന്റെ ഉള്ളടക്കം.

എസ് പി എം സി ഐ എൽ ഇതിനകം 8,350 ബോണ്ടുകൾ അച്ചടിച്ച് എസ് ബി ഐക്ക് അയച്ചിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു. ഫെബ്രുവരി 27ലെ കുറിപ്പിൽ 400 ബുക്ക്‌ലെറ്റുകളും 10,000 ഇലക്ടറൽ ബോണ്ടുകളും അച്ചടിക്കാനുള്ള ഉത്തരവിന് കേന്ദ്രം അനുമതി നൽകിയത് ഫെബ്രുവരി 12 നാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇത്തരവിടുന്നത്. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെയും വിശദാംശങ്ങൾ മാർച്ച് ആറിനകം ഇലക്ഷൻ കമ്മീഷന് നൽകാൻ എസ് ബി ഐയോട് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയിൽ ആകെ വാങ്ങിയത് 22,217 ബോണ്ടുകളാണ്. ബി ജെ പി-8,451 കോടി, കോൺഗ്രസ് 1950- കോടി, തൃണമൂൽ കോൺഗ്രസ്- 1,707.81 കോടി, ബിആർഎസ്- 1,407.30 കോടി എന്നീ നിരക്കിലാണ് ബോണ്ട് തുകകൾ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ