INDIA

അറബിക്കടലിൽ പത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം കടൽ കൊള്ളക്കാര്‍

വെബ് ഡെസ്ക്

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വർധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് ഈ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത്.

ഡിസംബറിൽ ചെങ്കടലിൽ യുഎസ് നേതൃത്വത്തിൽ ആരംഭിച്ച ബഹുരാഷ്ട്ര 'ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനിൽ' ചേരുന്നതിൽ നിന്ന് ഇന്ത്യ നേരത്തെ വിട്ട് നിന്നിരുന്നു. യെമനിലെ ഹൂതി വിമതർ സിവിലിയൻമാർക്കും സൈനിക കപ്പലുകൾക്കുമെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ നീക്കം.

കടൽക്കൊള്ളയും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങളും ചരക്ക് ഗതാഗത നിരക്കിൽ വൻ കുതിച്ച് ചാട്ടത്തിന് കാരണമായിട്ടുണ്ട്. നിർണ്ണായകമായ കടൽ പാതകൾക്ക് മേൽ ഭീഷണി നില നിൽക്കുന്നതിനാൽ ഇന്ത്യൻ നാവിക സേന അറബികടലിൽ സ്ഥിരമായ സാന്നിധ്യം നിലനിർത്തുന്നുവെന്ന് മുതിർന്ന നാവിക സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

"കടൽക്കൊള്ളക്കാരുടെയും ഡ്രോൺ ആക്രമണങ്ങളുടെയും ഇരട്ട ഭീഷണികൾക്കെതിരെ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ മേഖലയിലാകെ വിന്യസിച്ചിട്ടുണ്ട്. അറബിക്കടലിലെ സ്ഥിതി സുസ്ഥിരമാക്കാനും സമുദ്ര സുരക്ഷ പ്രോത്സാഹിപ്പിക്കാനും സഹായിക്കുകയാണ് ലക്ഷ്യം," ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു

നാവികസേനയും കോസ്റ്റ് ഗാർഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്

ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവോ തുടങ്ങിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി-റോൾ ഫ്രിഗേറ്റുകളും ഉള്‍പ്പെട്ടതാണ് സേനാ വിന്യാസം. നാവികസേനയും കോസ്റ്റ് ഗാർഡും നിരീക്ഷണവും ഏകോപിപ്പിക്കുന്നുണ്ട്.

പി-8I ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും MQ-9B സീ ഗാർഡിയൻ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങൾ നടത്തുന്നത്. ഇവ രണ്ടും പടിഞ്ഞാറൻ തീരത്ത് നിന്ന് ഇലക്‌ട്രോ-ഒപ്‌റ്റിക് & അഡ്വാൻസ്‌ഡ് സെൻസറുകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ഇമേജറിയുടെ 'ലൈവ് ഫീഡുകൾ' നൽകാൻ കഴിവുള്ളവയാണ്.

കഴിഞ്ഞ ദിവസം അറബിക്കടലിൽ സൊമാലിയന്‍ തീരത്ത് കപ്പൽ കൊള്ളക്കാര്‍ തട്ടിയെടുത്ത 'എംവി ലില നോർഫോക്' ഐഎൻഎസ് ചെന്നൈയും അതിന്റെ കമാൻഡോകളും, പി-8ഐ വിമാനത്തിന്റെ പിന്തുണയോടെ രക്ഷപ്പെടുത്തിയിരുന്നു. 15 ഇന്ത്യക്കാർ ഉൾപ്പടെ 21 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ

അവശ്യ സാധനങ്ങളുടെ വിലവർധന, വിവേചനം, സാമ്പത്തിക പ്രതിസന്ധി: പാക് അധീന കാശ്മീരിൽ പ്രതിഷേധം ആളുന്നതെന്തിന് ?

'അത്ഭുതകരമായ ഒന്നുമില്ല'; പത്ത് വർഷങ്ങള്‍ക്ക് ശേഷം കമ്പനി വിടുന്നതായി ഓപ്പണ്‍ എഐ സഹസ്ഥാപകൻ ഇല്യ സുത്‌സ്കേവര്‍