INDIA

രാമനഗരയിലെ രാമ ക്ഷേത്രം രണ്ട് വർഷത്തിനകം; ക്ഷേത്രത്തിന്റെ മാതൃക പുറത്തുവിട്ട് കർണാടക സർക്കാർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ ബിജെപി സർക്കാർ രാമനഗരയിൽ പണികഴിപ്പിക്കുന്ന രാമ ക്ഷേത്രത്തിന്റെ മാതൃക പുറത്തു വിട്ടു. മന്ത്രി അശ്വത് നാരായണയാണ് ക്ഷേത്ര മാതൃകയും നിർമാണ രീതിയും വിവരിക്കുന്ന വീഡിയോ പുറത്തു വിട്ടത്. നിലവിൽ രാമനഗരയിലെ രാമദേവര ഹില്ലിൽ സ്ഥിതി ചെയ്യുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട രാമക്ഷേത്രമാണ് പുതുക്കി പണിത് 'ദക്ഷിണ അയോധ്യ' ആയി മാറ്റാൻ പോകുന്നത്.

ഇതിനായി ബജറ്റിൽ വകയിരുത്തിയ 120 കോടി രൂപയിൽ ആദ്യ ഗഡുവായ നാൽപത് ലക്ഷം രൂപ ധനകാര്യ വകുപ്പ് പാസാക്കിയതായും സർവേ ഉൾപ്പടെയുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. പ്രധാന കവാടത്തിൽ നിന്ന് നാനൂറോളം കൽപടികൾ കയറി ചെന്നാലാണ് രാമ ക്ഷേത്രത്തിൽ എത്തിച്ചേരാനാകുക. ഈ പാതയിൽ കൽ മണ്ഡപങ്ങളും വിശ്രമ കേന്ദ്രങ്ങളും ഉൾപ്പെടെ പണിയുന്നതാണ് നവീകരണം. ക്ഷേത്രത്തിന്റെ പഴയ രൂപം വീണ്ടെടുക്കുകയും ക്ഷേത്ര പരിസരത്ത് സാംസ്‌കാരിക പരിപാടികൾക്കായി അശോകവനവും തീർഥാടകർക്കായി ജഡായു മ്യൂസിയവും പണി കഴിപ്പിക്കുന്നതും സർക്കാർ പദ്ധതിയിലുണ്ട് .

ബെംഗളുരുവിന്റെ ശില്പി ആയി അറിയപ്പെടുന്ന കെംപെഗൗഡയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. രാവണൻ സീതയെ ലങ്കയിലേക്ക് തട്ടികൊണ്ടുപോയ രാമായണ കഥാ സന്ദർഭവുമായി ബന്ധമുള്ള ഇടമായി വിശ്വസിക്കുന്ന സ്ഥലത്തായിരുന്നു ക്ഷേത്രം പണികഴിപ്പിച്ചത് . ബെംഗളൂരുവിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് രാമദേവര ഹിൽസ്. അതീവ പരിസ്ഥി ലോല മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള ഏഴ് കിലോമീറ്റർ ചുറ്റളവ് വംശ നാശ ഭീഷണി നേരിടുന്ന പ്രത്യേക ഇനം കഴുകന്മാരുടെ വാസ സ്ഥലമാണ്. കടുവ ,പുലി , കരടി എന്നീ വന്യ മൃഗങ്ങളും വിഹരിക്കുന്ന ഇടം കൂടിയാണ് നിർദിഷ്ട രാമ ക്ഷേത്ര പരിസരം .

വനം - പരിസ്ഥി വകുപ്പുകളുടേതുൾപ്പെടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. അയോധ്യയിലെ രാമ ക്ഷേത്രം കാണാൻ പോകാൻ കഴിവില്ലാത്തവർക്ക് 'ദക്ഷിണ അയോധ്യയായി' ക്ഷേത്രത്തെ മാറ്റാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച അവസാന ബജറ്റിലായിരുന്നു രാമനഗരയിൽ രാമ ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനം കർണാടക മുഖ്യമന്ത്രി നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ബൊമ്മെയുടെ പ്രഖ്യാപനം .

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം