INDIA

എൻഡിടിവിയിൽ വീണ്ടും രാജി; സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ രവിഷ് കുമാർ രാജിവെച്ചു

വെബ് ഡെസ്ക്

പ്രണോയ് റോയിയും രാധികാ റോയിയും രാജിവച്ചതിന് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവിഷ് കുമാറും എന്‍ഡിടിവി വിട്ടു. എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്കിടെയാണ് രാജി. ചൊവ്വാഴ്ചയായിരുന്നു പ്രണോയിയും രാധികയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചത്.

എൻഡിടിവിയുടെ ജനപ്രിയ അവതാരകനാണ് രവിഷ് കുമാർ. എൻഡിടിവിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട രവിഷ് കി റിപ്പോർട്ട്, ഹം ലോ​ഗ്, പ്രൈം ടൈം എന്നിവയും മുൻനിര ഷോകളിലെ അവതാരകനായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകനാണ് അദ്ദേഹം. രവിഷിന്റെ രാജി അംഗീകരിച്ചതായി ഇ-മെയിൽ വഴി മാനേജ്മെന്റെ അറിയിച്ചു.

''രവിഷിനെ പോലെ ജനങ്ങളെ സ്വാധീനിച്ച വളരെ കുറച്ച് മാധ്യമപ്രവർത്തകരാണ് ഉള്ളത്. അദ്ദേഹത്തെ കുറിച്ച് ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. അദ്ദേഹം ആളുകളെ ആകർഷിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും അംഗീകാരങ്ങളും അതിന് ഉദാഹരണമാണ്''- എൻഡിടിവി ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിംഗ് പറഞ്ഞു. പതിറ്റാണ്ടുകളായി എൻഡിടിവിയുടെ അവിഭാജ്യ ഘടകമാണ് രവിഷെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണെന്നും സുപർണ പറഞ്ഞു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെയും (ഐഐഎംസി) പൂർവ്വ വിദ്യാർത്ഥിയായ രവിഷ് കുമാർ 15 വർഷത്തിലേറെയായി എൻഡിടിവിയിൽ സേവനമനുഷ്ഠിക്കുകയും മാധ്യമ പ്രവർത്തനത്തിന് നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2019ൽ രമൺ മഗ്‌സസെ അവാർഡ് ലഭിച്ച അഞ്ചാമത്തെ ഇന്ത്യൻ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റിന്റെ പത്രസ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ അദ്ദേഹം പരസ്യമായി വിമർശിച്ച് രം​ഗത്ത് വന്നിരുന്നു. 'ഗോഡി മീഡിയ' എന്ന പദം ഉപയോഗിച്ചത് രവിഷായിരുന്നു.

എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചതിന് പിന്നാലെയായിരുന്നു പ്രണോയിയുടെയും രാധികയുടെയും രാജി. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച് ) ഡയറക്ടര്‍മാരായിരുന്നു ഇരുവരും.

അദാനി ഗ്രൂപ്പ് നടത്തുന്ന പുതിയ നീക്കങ്ങളിലൂടെ 55.18 ശതമാനം ഓഹരിയോടെ സ്ഥാപനം ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ വഴി 29.18 ശതമാനം ഓഹരി നേരത്തെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെയാണ് 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ സെബി അംഗീകരിച്ചത്. ഡിസംബര്‍ അഞ്ച് വരെയാണ് ഓപ്പൺ ഓഫറിന്റെ കാലാവധി. ഈ നീക്കങ്ങള്‍ സ്ഥാപനത്തെ പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തിക്കുമെന്നതിനാലാണ് പ്രണോയ് റോയിയുടെയും രാധിക റോയിയയുടെയും മുന്‍കൂട്ടിയുള്ള രാജിയെന്നാണ് സൂചനകള്‍.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ