INDIA

കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് അനുകൂല മുദ്രാവാക്യം; കോണ്‍ഗ്രസ് എം പിയുടെ മൂന്ന് അനുയായികള്‍ അറസ്റ്റിൽ

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടക നിയമസഭയുടെ ഇടനാഴിയില്‍ പാക് മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ഇല്‍താജ്, ബെംഗളൂരു സ്വദേശി മുനവര്‍,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സയിദ് നസീര്‍ ഹുസൈന്റെ അനുയായികളാണ് അറസ്റ്റിലായ മൂന്നു പേരും. ഫോറസ്റൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നു ബെംഗളൂരു സെൻട്രൽ ഡിസിപി അറിയിച്ചു

ഫെബ്രുവരി 27ാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച നസീര്‍ ഹുസൈനെ തോളിലേറ്റി കര്‍ണാടക നിയമസഭ മന്ദിരത്തിന്റെ ഇടനാഴിയിലൂടെ ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കിടയില്‍ നിന്ന് പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നെന്ന പരാതിയില്‍ ആയിരുന്നു കേസ്. ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യയുടെ എക്‌സ് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

അറസ്റ്റിലായവര്‍ നിയമസഭയുടെ ഇടനാഴിയില്‍ നിന്ന് ഉയര്‍ന്ന പാക് അനുകൂല മുദ്രാവാക്യത്തിന്റെ ശബ്ദത്തോട് കൂടിയ ദൃശ്യങ്ങള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് പരിശോധനക്ക് അയയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ ഓഡിയോ ക്ലിപ്പ് സ്വകാര്യ ലാബില്‍ പരിശോധനക്കയച്ചു ബിജെപി റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. ആഹ്‌ളാദ പ്രകടനത്തിനിടെ ഉയര്‍ന്നു കേട്ടത് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് തന്നെയാണെന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപി സമര്‍ത്ഥിക്കുകയും ചെയ്തു. സിദ്ധരാമയ്യ സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിനായി ഹൈദരാബാദില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചതായും അവര്‍ ആരോപിച്ചു.

ഇതിനു തൊട്ടു പിറകെയാണ് നസീര്‍ ഹുസൈന്‍ എം പിയുടെ മൂന്നു അനുയായികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ബിജെപി ആരോപണങ്ങളെ സാധൂകരിക്കുന്നതെങ്കില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിരുന്നു

വാങ്ക്‌ഡെയില്‍ അടിച്ചുതകര്‍ത്ത് സൂപ്പര്‍ ജയന്റ്‌സ്; മുംബൈ ഇന്ത്യന്‍സിന് പടുകൂറ്റന്‍ ലക്ഷ്യം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക്? അന്തിമ തീരുമാനം ഐപിഎല്‍ ഫൈനലിനു ശേഷം

'അറസ്റ്റിന് മതിയായ തെളിവുണ്ടോ'? ഇ ഡിയോട് സുപ്രീംകോടതി; കെജ്‌രിവാളിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

'കെജ്‌രിവാളിനെതിരായ ബിജെപി ഗൂഢാലോചനയുടെ കരു'; സ്വാതിയെ തള്ളി എഎപി

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇ ഡി