INDIA

ജി20 ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം 'ഭാരതം'; നീക്കം രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര ശ്രമമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

വെബ് ഡെസ്ക്

ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് രാഷ്ട്രപതി ഭവൻ. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് 'ദ പ്രസിഡന്റ് ഓഫ് ഇന്ത്യ'എന്നതിനുപകരം 'ദ പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചിരിക്കുന്നത്.

കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം തന്നെ ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

"വാർത്ത തീർത്തും ശരിയാണ്. സെപ്തംബർ ഒൻപതിന് നടക്കുന്ന ജി20 അത്താഴവിരുന്നിന്, 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരിലാണ് രാഷ്ട്രപതി ഭവനിൽനിന്ന് ക്ഷണക്കത്ത് നൽകിയത്. ഇനി മുതൽ ഭരണഘടനയിലെ അനുച്ഛേദം ഒന്ന് ഇങ്ങനെ വായിക്കാം: "ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കുന്നതാണ്." സംസ്ഥാനങ്ങളുടെ യൂണിയൻ പോലും ആക്രമണത്തിനിരയായിരിക്കുകയാണ്," ജയറാം രമേശ് സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

"ഇന്ത്യ എന്ന ഭാരതം" എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. സെപ്തംബർ 18-23 തീയതികളിൽ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യ എന്നത് "ഭാരത്" എന്നാക്കി മാറ്റാനുള്ള നിർദേശങ്ങൾ ഉയർന്നിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിജെപി രാജ്യസഭാ എം പി നരേഷ് ബൻസാലാണ് 'ഇന്ത്യ' എന്നത് ഭരണഘടനയിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് കൊളോണിയൽ അടിമത്തത്തിന്റെ പ്രതീകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ആർഎസ്എസ് തലവൻ മോഹൻ ഭഗവതും ഈ മാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യം നൂറ്റാണ്ടുകളായി ഭാരതം എന്നാണ് അറിയപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു "ഇന്ത്യ" എന്നതിന് പകരം "ഭാരത്" എന്ന പദം ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ