INDIA

93 ശതമാനം രണ്ടായിരത്തിന്റെ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ

വെബ് ഡെസ്ക്

വിപണിയിലുണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 ഓഗസ്റ്റ്‌ 31 വരെയുളള കണക്കുകളാണ് ആർബിഐ പുറത്തുവിട്ടത്. വിവിധ ബാങ്കുകളിൽ നിന്നു ലഭിച്ച കണക്കുകൾ പ്രകാരം, ഇതുവരെ 3.32 ലക്ഷം കോടി രൂപയാണ് ഈ വകയിൽ ബാങ്കുകളിൽ തിരികെ എത്തിയത്.

നിലവിൽ പ്രചാരത്തിലുള്ളത് 0.24 ലക്ഷം കോടി രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ്. മേയ് 19 നായിരുന്നു രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയതായാണ് ആർബിഐ വ്യക്തമാക്കിയിരിക്കുന്നത്.

87 ശതമാനം രണ്ടായിരത്തിന്റെ നോട്ടുകളും നിക്ഷേപ രൂപത്തിലാണ് ബാങ്കിൽ തിരിച്ചെത്തിയത്. ബാക്കിയുള്ള 13 ശതമാനം നോട്ടുകൾ മറ്റ് മൂല്യങ്ങളുള്ള നോട്ടുകളിലേക്ക് മാറ്റിയെന്നും ആർബിഐ അറിയിച്ചു. മേയ് 19 ന് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചതിന് പിന്നാലെ സെപ്തംബര്‍ 30 വരെയാണ് കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ഉപഭോക്താക്കൾക്ക് ബാങ്കുകൾ നൽകിയിരുന്ന സമയം.

നോട്ട് നിരോധനത്തിന്റെ സൃഷ്ടിയായിരുന്നു 2000 രൂപ നോട്ട്. 2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണ് രണ്ടായിരത്തിന്റെ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. അന്ന് പ്രാബല്യത്തിലുണ്ടായിരുന്ന 500,1000 വിഭാഗത്തിലുള്ള നോട്ടുകൾ പിൻവലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു 2000 രൂപ നോട്ടിന്റെ വരവ്. 2018- 19ൽ തന്നെ 2000 നോട്ടിന്റെ അച്ചടി ആർബിഐ അവസാനിപ്പിച്ചിരുന്നു. ലോക ചരിത്രത്തില്‍ തന്നെ ഏഴ് വര്‍ഷം മാത്രം ആയുസ്സുണ്ടായ കറന്‍സികള്‍ കുറവായിരിക്കും. നിലവിൽ മറ്റ് നോട്ടുകൾ വിപണിയിൽ സുലഭമായി കഴിഞ്ഞുവെന്നാണ് പിന്‍വലിക്കാനുള്ള തീരുമാനം വിശദീകരിച്ച് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍