INDIA

ഇലക്ടറൽ ബോണ്ട്: വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ നൽകാൻ വിസമ്മതിച്ച്‌ എസ്ബിഐ

വെബ് ഡെസ്ക്

വിവരാവകാശ നിയമം (ആർടിഐ) പ്രകാരം ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). വിശ്വാസയോഗ്യമായ ശേഷിയിൽ കൈവശം വെച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്ബിഐ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച വിവരങ്ങളാണ് ആർടിഐ പ്രകാരം പുറത്തുവിടാൻ എസ്ബിഐ തയ്യാറാകാത്തത്. കമ്മീഷന്റെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഈ വിവരങ്ങൾ നിലവിൽ ലഭ്യമാണ്.

വിവരാകാശ പ്രവർത്തകനായ കമ്മഡോർ ലോകേഷ് ബത്ര ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ ഡാറ്റയും ആവശ്യപ്പെട്ട് എസ്‌ബിഐയെ സമീപിച്ചിരുന്നു. എന്നാൽ വിവരാകാശ നിയമപ്രകാരം നൽകിയിട്ടുള്ള രണ്ട് ഇളവ് വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി വിവരങ്ങൾ കൈമാറാൻ എസ്ബിഐ വിസമ്മതിക്കുകയായിരുന്നു. വിശ്വാസ യോഗ്യമായ രേഖകളുമായി ബന്ധപ്പെട്ടതും, വ്യക്തിഗത വിവരങ്ങൾ തടഞ്ഞു വെക്കാൻ അനുവദിക്കുന്നതുമായ വ്യവസ്ഥകളാണ് എസ്ബിഐ ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ ഇതിനകം ലഭ്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ എസ്ബിഐ വിസമ്മതിച്ചത് വിചിത്രമാണെന്ന് ലോകേഷ് ബത്ര പിടിഐയോട് പറഞ്ഞു. കഴിഞ്ഞ മാസം14ന് ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

രാഷ്ട്രീയ ഫണ്ടിങ് സുത്യാര്യമാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ വെബ്‌സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. ഇതുപ്രകാരം എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ നൽകുകയായിരുന്നു.

2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളായി ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരങ്ങളാണു പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ എസ്ബിഐ കൈമാറിയ ഇലക്ട്‌റൽ ബോണ്ട് സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും കമ്മീഷൻ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു.

വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞ മാസം 15-ന് ഉത്തരവിട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ എസ്ബിഐ നിലപാടില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച സുപ്രീംകോടതി തൊട്ടടുത്ത ദിവസം തന്നെ വിവരം കൈമാറണമെന്ന് എസ്ബിഐയ്ക്ക് അന്ത്യശാസനം നല്‍കി. ഇതോടെയാണ് അവര്‍ വിവരങ്ങള്‍ കൈമാറിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍