INDIA

'ഇന്ത്യ'യുടെ പ്രതിച്ഛായ തകരും; പ്രതിപക്ഷസഖ്യം ശക്തമാകുമ്പോൾ മോദിക്കൊപ്പം വേദി പങ്കിടാൻ ശരദ് പവാർ, എതിർപ്പുമായി നേതാക്കൾ

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകമാന്യ തിലക് പുരസ്‌കാരം നൽകി ആദരിക്കുന്ന ചടങ്ങിൽ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ പങ്കെടുക്കുന്നതിൽ വിയോജിപ്പുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ രംഗത്ത്. ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടാൻ എൻസിപിയിൽ നിന്നുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധി സംഘം ശരദ് പവാറിനെ കാണും. എസ് പി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുക മാത്രമല്ല അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുകയും ചെയ്യും.

പ്രതിപക്ഷസഖ്യമായ 'ഇന്ത്യ'യുടെ മൂന്നാമത്തെ യോഗം ഓഗസ്റ്റ് 25, 26 തീയതികളിൽ മുംബൈയിൽ നടക്കാനിരിക്കെയാണ് ശരദ് പവാർ മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങുന്നത്. കൂടാതെ മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഭരണപക്ഷവുമായി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് പവാർ മോദിയുമായി വേദി പങ്കിടുന്നത് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച നടന്ന ഇന്ത്യയുടെ യോഗത്തിൽ, മോദിക്ക് അവാർഡ് നൽകാൻ സംഘടിപ്പിച്ച പരിപാടിയിൽ ശരദ് പവാർ പങ്കെടുക്കുന്നതിനെ എതിർത്ത് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ശരദ് പവാറിനെ ബോധ്യപ്പെടുത്താൻ സർവകക്ഷി പ്രതിനിധി സംഘം അദ്ദേഹത്തെ കാണും. സോഷ്യലിസ്റ്റ് നേതാവ് ബാബാ അധവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരദ് പവാറിനെ കാണുക. കോൺഗ്രസ്, ശിവസേന (യുയുബിടി), ആം ആദ്മി പാർട്ടി, സിപിഐ(എം) പ്രതിനിധികളും സംഘത്തില്‍ ഉണ്ടാകും.

പവാറിന്റെ തീരുമാനം ഉചിതമല്ലെന്ന് എൻസിപി സഖ്യകക്ഷിയായ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം എൻ‌സി‌പി അധ്യക്ഷന്റേതാണെന്ന നിലപാടാണ് മഹാ വികാസ് അഘാഡിയിൽ (എം‌വി‌എ) എൻ‌സി‌പിയുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന കോൺഗ്രസിന്റേത്. എന്നാൽ പവാര്‍ മോദിയെ അഭിനന്ദിക്കുന്നത് കാണേണ്ടതില്ലെന്ന നിലപാടാണ് ശിവസേനയുടേത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്‍സിപിയെ പിളര്‍ത്തിയപ്പോള്‍ എന്‍സിപി അധ്യക്ഷന്‍ മോദിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്ന് ശിവസേന (ഉദ്ധവ് താക്കറെ) വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

'എന്‍സിപിയെ ബിജെപി രണ്ടായി വിഭജിക്കുക മാത്രമല്ല ചെയ്തത്, എന്‍സിപിയെ അഴിമതി നിറഞ്ഞ പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. എന്‍സിപിയെ ഇത്രയും പ്രതിസന്ധിയിലാക്കിയ പ്രധാനമന്ത്രിയെ പാര്‍ട്ടി തലവൻ എങ്ങനെയാണ് അഭിനന്ദിക്കുക? പവാർ അങ്ങനെ ചെയ്യുന്നതിലൂടെ സ്വന്തം പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും തന്നെ ദോഷം ചെയ്യും. പവാർ ചടങ്ങിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം'- സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ പവാർ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അത് ജനങ്ങളുടെയും എൻസിപി പ്രവർത്തകരുടെയും അനുഭാവികളുടെയും മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും റാവത്ത് പറഞ്ഞു.

അതേസമയം, പവാറിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ വിസമ്മതിച്ചു. ''ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്, അതിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹമായിരിക്കും നല്ലത്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് സഖ്യത്തിൽ വിള്ളലുണ്ടാക്കും. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല''- പൃഥ്വിരാജ് ചവാൻ പറഞ്ഞു. എന്നാൽ ചടങ്ങിൽ പങ്കെടുത്താലും പവാർ നരേന്ദ്ര മോദിയ ശക്തമായി വിമർശിക്കാൻ സാധ്യതയുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് ഒന്നിന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ് സമ്മാനിക്കും. പ്രധാനമന്ത്രി മോദിയെ ആദരിക്കുന്ന ചടങ്ങിൽ പവാറിനൊപ്പം മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുശീൽകുമാർ ഷിൻഡെയും പങ്കെടുക്കും.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം